MI vs RCB IPL 2025: വിരാട് കോഹ്ലി, ക്യാപ്റ്റൻ രജത് പാടിദാർ എന്നിവരുടെ അർധ ശതകത്തിന്റേയും ഡെത്ത് ഓവറിലെ ജിതേഷ് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റേയും ബലത്തിൽ മുംബൈക്ക് മുൻപിൽ 200ന് മുകളിൽ വിജയ ലക്ഷ്യം വെച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് ആണ് കണ്ടെത്തിയത്. അവസാന ഓവറിൽ എട്ട് റൺസ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്. എന്നാൽ അവസാന അഞ്ച് ഓവറിൽ 70 റൺസ് ആർസിബി അടിച്ചെടുത്തു.
ആർസിബി ഇന്നിങ്സിന്റെ ആദ്യ ഓവറിലെ രണ്ടാമത്തെ പന്തിൽ തന്നെ ഫിൽ സോൾട്ടിനെ മടക്കി ട്രെന്റ് ബോൾട്ട് മുംബൈ ഇന്ത്യൻസിന് ആഗ്രഹിച്ച തുടക്കം നൽകി. എന്നാൽ ക്ലീൻ ബൗൾഡായി സോൾട്ട് മടങ്ങിയതിന് പിന്നാലെ വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് ആർസിബി സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 90 റൺസിന്റെ കൂട്ടുകെട്ടാണ് കണ്ടെത്തിയത്.
കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേർന്നുള്ള കൂട്ടുകെട്ട് പൊളിച്ച് മുംബൈക്ക് ബ്രേക്ക് നൽകിയത് വിഘ്നേഷ് പുത്തൂരാണ്. 37 റൺസിൽ നിൽക്കെ തന്റെ ആദ്യ ഓവറിൽ തന്നെ ദേവ്ദത്ത് പടിക്കലിനെ വിഘ്നേഷ് പുറത്താക്കി. എന്നാൽ ദേവ്ദത്ത് പടിക്കൽ മടങ്ങിയതിന് പിന്നാലെ വന്ന ക്യാപറ്റൻ രജത് പാടീദാർ തകർത്തടിച്ചു. 31 പന്തിൽ നിന്ന് അഞ്ച് ഫോറും നാല് സിക്സും സഹിതം 64 റൺസ് ആണ് രജത് കണ്ടെത്തിയത്. ട്രെൻറ് ബോൾട്ട് ആണ് ഡെത്ത് ഓവറിൽ രജത്തിനെ വീഴ്ത്തിയത്.
42 പന്തിൽ നിന്ന് എട്ട് ഫോറും രണ്ട് സിക്സും സഹിതം 67 റൺസ് എടുത്ത് നിന്ന വിരാട് കോഹ്ലിയെ ഹർദിക് പാണ്ഡ്യ 15ാം ഓവറിലെ ആദ്യ പന്തിൽ മടക്കുകയായിരുന്നു. അതേ ഓവറിലെ മൂന്നാമത്തെ പന്തിൽ ലിവിങ്സ്റ്റണിനെ ഡക്കാക്കി മടക്കാനും ഹർദിക്കിനായി. എന്നാൽ മറുവശത്ത് വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ തകർത്തടിച്ചു. 19 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സും സഹിതം 40 റൺസ് ആണ് ജിതേഷ് അടിച്ചെടുത്തത്.