വാഷിങ്ടൺ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരതീരുവ ഇന്നു പ്രാബല്യത്തിൽ വരും. ഇന്ത്യൻ സമയം രാവിലെ 8.30 നാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. ഇന്ത്യയ്ക്ക് 26 ശതമാനമാണ് പകരതീരുവ ചുമത്തിയിരിക്കുന്നത്. പുതിയ തീരുവകൾ പ്രകാരം യുഎസിലേക്കുള്ള എല്ലാ ഇന്ത്യൻ ഇറക്കുമതികൾക്കും 26% നികുതി ചുമത്തും.
അതേസമയം, ചൈനീസ് ഉത്പന്നങ്ങൾക്കുമേലുള്ള തീരുവ 104 ശതമാനമാക്കി യുഎസ് ഉയർത്തി. ചില ചൈനീസ് ഉൽപന്നങ്ങൾക്ക് 125 ശതമാനം വരെ തീരുവ ഉയർത്തിയിട്ടുണ്ട്. യുഎസ് ഉത്പന്നങ്ങൾക്ക് ചുമത്തിയ 34 ശതമാനം നികുതി 24 മണിക്കൂറിനകം പിൻവലിച്ചില്ലെങ്കിൽ ചൈനയ്ക്കുമേൽ അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, ചൈന വഴങ്ങാത്തതിനെ തുടർന്നാണ് 50 ശതമാനം അധിക തീരുവ ചുമത്തിയത്.
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യുഎസ് 34 ശതമാനം നികുതി പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യുഎസ് ഉത്പന്നങ്ങൾക്കുമേൽ പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോട് ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, യുഎസ് വ്യാപാര യുദ്ധം തുടർന്നാൽ അവസാനം വരെ പോരാടാനാണ് ചൈനയുടെ നീക്കം.
ഏപ്രിൽ 2നാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യുഎസ് പകരച്ചുങ്കം ഏർപ്പെടുത്തിയത്. 50 ശതമാനം മുതൽ 10 ശതമാനം വരെ പകരം തീരുവയാണു 185 ലോകരാജ്യങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ചത്.