CSK vs KKR IPL 2025: ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ധോണി ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് സിഎസ്കെ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്തിയത് 103 റൺസ്. ചെന്നൈയുടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറുകളിൽ ഒന്നാണ് ഇത്. 59-2 എന്ന നിലയിൽ നിന്ന് 75-8 എന്നതിലേക്ക് ചെന്നൈ തകരുകയായിരുന്നു.
ചെന്നൈ സൂപ്പർ കിങ്സിനെ ചുരുട്ടിക്കെട്ടാൻ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് തങ്ങളുടെ അഞ്ച് ബോളർമാർ തന്നെ ധാരാളമായിരുന്നു. സുനിൽ നരെയ്നും വരുൺ ചക്രവർത്തിയും ഹർഷിത് റാണയും മൊയിൻ അലിയും വൈഭവ് അറോറയും ചേർന്ന് ധോണിയേയും സംഘത്തിനേയും ചെപ്പോക്കിൽ നാണംകെടുത്തി.
29 പന്തിൽ നിന്ന് 31 റൺസോടെ പുറത്താവാതെ നിന്ന ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. 21 പന്തിൽ നിന്ന് 29 റൺസ് എടുത്ത വിജയ് ശങ്കർ ആണ് ചെന്നൈ സൂപ്പർ കിങ്സിന്റെ രണ്ടാമത്തെ ടോപ് സ്കോറർ. ചെന്നൈ നിരയിലെ രണ്ട് താരങ്ങൾ മാത്രമാണ് 20ന് മുകളിൽ സ്കോർ കണ്ടെത്തിയത്. ഏഴ് താരങ്ങൾ സ്കോർ രണ്ടക്കം കടത്താനാവാതെ പുറത്തായി. ക്യാപ്റ്റൻ ധോണി നാല് പന്തിൽ നിന്ന് ഒരു റൺസുമായാണ് മടങ്ങിയത്.
ചെന്നൈ സൂപ്പർ കിങ്സിന്റെ നാലാമത്തെ ഓവറിലെ ആദ്യ പന്തിൽ ഡെവോൺ കോൺവേയെ മടക്കി മൊയിൻ അലിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 12 റൺസ് എടുത്താണ് കോൺവേ മൊയിൻ അലിയുടെ പന്തിൽ വിക്കറ്റിന് മുൻപിൽ കുടുങ്ങിയാണ് മടങ്ങിയത്. ചെന്നൈ സ്കോർ 16 റൺസിൽ നിൽക്കെ കോൺവേ മടങ്ങിയതിന് പിന്നാലെ ചെന്നൈ അതേ സ്കോറിൽ നിൽക്കുമ്പോൾ തന്നെ രചിൻ രവീന്ദ്രയേയും കൊൽക്കത്ത വീഴ്ത്തി. ഹർഷിത് റാണക്കായിരുന്നു വിക്കറ്റ്.
പവർപ്ലേയിൽ ഓപ്പണർമാരെ നഷ്ടമായതിന് പിന്നാലെ വിജയ് ശങ്കറും രാഹുൽ ത്രിപാഠിയും ചേർന്ന് ചെന്നൈ സ്കോർ 50 കടത്തി. എന്നാൽ പത്താമത്തെ ഓവറിൽ വിജയ് ശങ്കർ മടങ്ങിയതോടെ ചെന്നൈയുടെ കൂട്ടത്തകർച്ച ആരംഭിച്ചു. മത്സരത്തിൽ ലോക്കൽ ബോയി വരുൺ ചക്രവർത്തിയുടെ ആദ്യ ഇരയായിരുന്നു വിജയ് ശങ്കർ. തൊട്ടടുത്ത ഓവറിൽ സുനിൽ നരെയ്ൻ്റെ സ്ട്രൈക്ക്. 16 റൺസ് എടുത്ത രാഹുൽ ത്രിപാഠിയും കൂടാരം കയറി.
പിന്നെ ശിവം ദുബെ ഒരുവശത്ത് നിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടരെ വീണു. സ്കോർ രണ്ടക്കം കടത്താനാവാതെയാണ് പിന്നെ വന്ന ചെന്നൈയുടെ എല്ലാ ബാറ്റർമാരും മടങ്ങിയത്. കൊൽക്കത്തക്കായി സുനിൽ നരെയ്ൻ മൂന്നും വരുണും ഹർഷിത് റാണയും രണ്ട് വിക്കറ്റ് വീതവും മൊയിൻ അലി, വൈഭവ് അറോറ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.