Mitchell Marsh Lucknow Super Giants IPL 2025: ഗുജറാത്ത് ടൈറ്റൻസിന് എതിരെ ലക്നൗ സൂപ്പർ ജയന്റ്സ് ഇറങ്ങിയപ്പോൾ റൺവേട്ടക്കാരൻ മിച്ചൽ മാർഷിന്റെ പേര് പ്ലേയിങ് ഇലവനിൽ ഉണ്ടായില്ല. ഫോമിൽ നിൽക്കുന്ന മിച്ചൽ മാർഷ് ടീമിൽ ഇല്ലാത്തത് എന്തുകൊണ്ട് എന്ന ചോദ്യം ഉയർന്നു. എന്നാൽ ടോസിന്റെ സമയം മിച്ചൽ മാർഷ് കളിക്കാത്തതിന്റെ കാരണം ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത് വ്യക്തമാക്കി.
പരുക്കിനെ തുടർന്നോ, ടീം കോമ്പിനേഷനിൽ മാറ്റം വരുത്തുന്നതിനായോ അല്ല മിച്ചൽ മാർഷിന്റെ പേര് പ്ലേയിങ് ഇലവനിൽ ഇടംപിടിക്കാതിരുന്നത്. മിച്ചൽ മാർഷിന്റെ മകൾക്ക് സുഖമില്ലെന്നും അതിനെ തുടർന്നാണ് ഗുജറാത്തിനെതിരായ മത്സരം കളിക്കേണ്ടതില്ലെന്ന് മാർഷ് തീരുമാനിച്ചതെന്നും ഋഷഭ് പന്ത് പറഞ്ഞു.
ടോസിന്റെ സമയം ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ വാക്കുകൾ ഇങ്ങനെ, “ആദ്യം ബോൾ ചെയ്യാനാണ് ഞങ്ങളുടെ തീരുമാനം. കഴിഞ്ഞ രണ്ട് മത്സരവും ജയിക്കാനായതിന്റെ സന്തോഷത്തിലാണ്. ടീം എന്ന നിലയിൽ സാഹചര്യങ്ങളോട് വേണ്ടവിധം പ്രതികരിച്ചാണ് മുൻപോട്ട് പോകുന്നത്. ബോളർമാർ വളരെ നന്നായി അവരുടെ ജോലി ചെയ്യുന്നു. അവർക്ക് ക്രെഡിറ്റ് നൽകാതിരിക്കാനാവില്ല. ഇന്ന് മിച്ചൽ മാർഷിന് പകരം ഹിമാത് സിങ് പ്ലേയിങ് ഇലവനിലേക്ക് എത്തി. മിച്ചൽ മാർഷിന്റെ മകൾക്ക് സുഖമില്ല”, ഋഷഭ് പന്ത് പറഞ്ഞു.
സീസണിൽ ലക്നൗ ബാറ്റർമാരിൽ റൺവേട്ടയിൽ രണ്ടാമതാണ് മിച്ചൽ മാർഷ്. ഐപിഎല്ലിലെ കണക്കെടുക്കുമ്പോൾ 2025ലെ ഇതുവരെയുള്ള റൺവേട്ടയിൽ മൂന്നാമതുമാണ് മാർഷ്. നിക്കോളാസ് പൂരനും സായ് സുദർശനുമാണ് മിച്ചൽ മാർഷിന് മുൻപിലുള്ളത്.
മിച്ചൽ മാർഷിന്റെ അഭാവത്തിൽ മർക്രമിനൊപ്പം നിക്കോളാസ് പൂരൻ ലക്നൗവിനായി ഇന്നിങ്സ് ഓപ്പൺ ചെയ്യും എന്നാണ് സൂചന. മാർഷിന് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയ ഹിമാത് സിങ് നാലാമത് ബാറ്റ് ചെയ്യാനാണ് സാധ്യത. ഡൽഹി പ്രീമിയർ ലീഗിലെ റണവേട്ടയിൽ മുൻപിലുണ്ടായിരുന്ന താരമാണ് ഹിമാത്.