Abhishek Sharma Celebration Secret: പഞ്ചാബ് കിങ്സിന് എതിരെ നേടിയ വെടിക്കെട്ട് സെഞ്ചുറിക്ക് ശേഷം അഭിഷേക് ശർമയുടെ സ്പെഷ്യൽ ആഘോഷം. ഇതിന് കാരണം ഇങ്ങനെ.
ഹൈലൈറ്റ്:
- ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഇന്നിങ്സുകളിൽ ഒന്നുമായി അഭിഷേക് ശർമ
- സെഞ്ചുറിക്ക് ശേഷം താരത്തിന്റെ സ്പെഷ്യൽ ആഘോഷം
- മത്സരത്തിൽ ഹൈദരാബാദിന് കിടിലൻ ജയം

‘This one is for Orange Army’, ഇത് ഓറഞ്ച് ആർമിക്ക് ഉള്ളതാണെന്നാണ് അഭിഷേക് ശർമയുടെ പോക്കറ്റിലുണ്ടായിരുന്ന പേപ്പറിൽ എഴുതിയിരുന്നത്. സൺ റൈസേഴ്സ് ഹൈദരാബാദ് ആരാധകരോടുള്ള തന്റെ സ്നേഹമാണ് ഈ ആഘോഷത്തിലൂടെ അഭിഷേക് ശർമ പ്രകടമാക്കിയത്. അഭിഷേകിന്റെ സ്പെഷ്യൽ സെഞ്ചുറി. ആഘോഷത്തിന് പിന്നാലെ അദ്ദേഹത്തിന് അരികിലെത്തിയ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ, പേപ്പർ വാങ്ങി അതിലെന്താണെന്ന് ആകാംക്ഷയിൽ നോക്കുകയും ചെയ്തു. എന്തായാലും അഭിഷേകിന്റെ സെഞ്ചുറി ആഘോഷം ക്രിക്കറ്റ് ലോകത്ത് വൈറലായിട്ടുണ്ട്.
ഈ രണ്ട് താരങ്ങൾ രാജസ്ഥാൻ റോയൽസ് ടീമിൽ നിന്ന് പുറത്തായേക്കും; അടുത്ത കളിക്കുള്ള സാധ്യത പ്ലേയിങ് ഇലവൻ ഇങ്ങനെ
മത്സരം ഇങ്ങനെ: ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് പഞ്ചാബ് കിങ്സായിരുന്നു. ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും, പ്രഭ്സിമ്രാൻ സിങ്ങും കത്തിക്കയറിയതോടെ പഞ്ചാബ് സ്കോർ റോക്കറ്റ് വേഗത്തിൽ കുതിച്ചുകയറി. പ്രിയാൻഷ് 13 പന്തിൽ 36 റൺസും, പ്രഭ്സിമ്രാൻ സിങ് 23 പന്തിൽ 42 റൺസും നേടി. മൂന്നാം നമ്പരിൽ ബാറ്റ് ചെയ്ത ശ്രേയസ് അയ്യർ 36 പന്തിൽ 82 റൺസെടുത്ത് മിന്നി. 11 പന്തിൽ 34 റൺസ് നേടി പുറത്താകാതെ നിന്ന മാർക്കസ് സ്റ്റോയിനിസ് അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയതോടെ പഞ്ചാബ് കിങ്സ് 245/6 എന്ന പടുകൂറ്റൻ സ്കോറിലെത്തി.
246 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺ റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി മാസ്മരിക തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും, അഭിഷേക് ശർമയും ചേർന്ന് നേടിയത്. ഓപ്പണിങ് വിക്കറ്റിൽ 12.2 ഓവറിൽ 171 റൺസ് പിറന്നു. 37 പന്തിൽ 66 റൺസെടുത്ത ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് അവർക്ക് ആദ്യം നഷ്ടമായത്. ഹെഡ് പുറത്തായതിന് ശേഷവും വെടിക്കെട്ട് തുടർന്ന അഭിഷേക് 55 പന്തിൽ 141 റൺസെടുത്ത് പുറത്താകുമ്പോളേക്ക് ഓറഞ്ച് ആർമി ജയം ഉറപ്പിച്ചിരുന്നു.
സൂപ്പർതാരം പുറത്തേക്ക്; ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി, താരത്തിന്റെ പുറത്താകൽ പരിക്ക് മൂലമെന്ന് സൂചന
14 ഫോറുകളും 10 സിക്സറുകളും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഞെട്ടിക്കുന്ന ഇന്നിങ്സ്. ഐപിഎല്ലിലെ എക്കാലത്തെയും ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്കോറും ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോറും ഈ ഇന്നിങ്സോടെ അഭിഷേക് ശർമയുടെ പേരിലായി. ഐപിഎല്ലിൽ പിന്തുടർന്ന് ജയിക്കുന്ന ഏറ്റവുമുയർന്ന രണ്ടാമത്തെ സ്കോറെന്ന റെക്കോഡും ഈ ജയത്തോടെ ഹൈദരാബാദ് സ്വന്തമാക്കി.