L2 Empuraan OTT Relase Date and Platform: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രമാണ് ‘എമ്പുരാൻ’. കഴിഞ്ഞ മാസം അവസാനത്തോടെ തിയേറ്ററുകളിലെത്തിയ ചിത്രം, 10 ദിവസം കൊണ്ടുതന്നെ മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മലയാളം സിനിമയിലെ കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞിരുന്നു. 250 കോടിയിലധികം രൂപയാണ് ചിത്രം ലോകമെമ്പാടുമായി നേടിയത്. തിയേറ്റർ ഷെയർ 100 കോടിയിലധികം സ്വന്തമാക്കായി ആദ്യ മലയാളം ചിത്രമെന്ന റെക്കോർഡും എമ്പുരാൻ സ്വന്തം പേരിലാക്കിയിരുന്നു.
ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാൻ നിര്‍മിച്ചിരിക്കുന്നത്. എമ്പുരാനിൽ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.
L2 Empuraan OTT Release: എമ്പുരാൻ ഒടിടി റിലീസ്
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് എമ്പുരാൻ ഒടിടിയിലെത്തുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലും ചിത്രം കാണാം. ഈ മാസം 24 മുതൽ എമ്പുരാൻ സ്ട്രീമിങ് ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.