Jammu Kashmir Pahalgam Terrorist Attack: ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ വിനോദ സഞ്ചാര മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. വേനലവധിക്കാലമായതിനാൽ നിരവധി ബുക്കിംങ്ങുകളായിരുന്നു ഏപ്രിൽ, മേയ് മാസങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ ഭീകരാക്രമണത്തിന് പിന്നാലെ ബുക്കിംങ്ങുകൾ കൂട്ടമായി റദ്ദാക്കുന്ന സ്ഥിതിയാണെന്ന് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ മൂന്ന് പ്രധാന സംസ്ഥാനങ്ങളിൽ നിന്നുള്ള ബുക്കിംങ്ങുകൾ ഏതാണ്ട് പൂർണമായി റദ്ദായെന്ന് ട്രാവൽ ഏജന്റ്‌സ് അസോസിയേഷൻ ഓഫ് കശ്മീർ പ്രസിഡന്റ് റൗഫ് ട്രാമ്പു പറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർ ബുക്കിംങ് കൂട്ടത്തോടെ റദ്ദാക്കിയതിനാൽ ഏകദേശം 5000 കോടിയുടെ നഷ്ടമാണ് ഈ സീസണിൽ കണക്കാക്കുന്നതെന്ന് റൗഫ് ട്രാമ്പു പറഞ്ഞു.
മാർച്ച് പകുതിയോടെ ആരംഭിച്ച് ജൂൺ പകുതിയോടെ അവസാനിക്കുന്നതാണ് കശ്മീരിലെ ടൂറിസ്റ്റ് സീസൺ. ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ചയക്കുള്ളിൽ ജൂലൈ വരെയുള്ള ബുക്കിംങ്ങുകൾ പൂർണമായി റദ്ദാക്കിയ സ്ഥിതിയാണ്. ഇതോടെയാണ് ഇത്രയധികം രൂപയുടെ നഷ്ടം വിനോദസഞ്ചാര മേഖലയിൽ കണക്കാക്കുന്നത്.
49 വിനോദസഞ്ചാര കേന്ദ്രങ്ങൾ പൂട്ടി
ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ 49 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അടച്ചുപൂട്ടിയത്. ഏപ്രിൽ അഞ്ച് മുതൽ ജൂൺ ഒൻപത് വരെകശ്മീരിലെ ഹൗസ് ബോട്ടുകൾ മുൻകൂറായി ബുക്ക് ചെയ്തിരുന്നു. എന്നാൽ, ഭീകരാക്രമണത്തിന് ശേഷം ഇവ പൂർണമായി റദ്ദായെന്ന് കശ്മീർ ഹൗസ്‌ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് മൻസൂർ അഹമ്മദ് പഖ്തൂൺ പറഞ്ഞു. കശ്മീരിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ തൊണ്ണൂറ് ശതമാനത്തിലധികം കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷകൾ തല്ലിക്കെടുത്തുന്ന ഭീകരവാദ ആക്രമണം
കോവിഡിന് ശേഷം സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് കശ്മീരിൽ ഉണ്ടായിരുന്നത്. 2024-ൽ,2.36 കോടി വിനോദസഞ്ചാരികളാണ് കശ്മീരിൽ സന്ദർശനം നടത്തിയത്. മുൻ വർഷത്തേക്കാൾ 10.9 ശതമാനം കൂടുതലാണ്. 2022 ൽ, 1.89 കോടി വിനോദസഞ്ചാരികൾ മാത്രമാണ് ജമ്മു കശ്മീർ സന്ദർശിച്ചത്.
സഞ്ചാരികളുടെ വർധനവിൻറെ പശ്ചാത്തലത്തിൽ വിവിധ പദ്ധതികളാണ് ടൂറിസം മേഖലയിൽ സർക്കാർ നടത്തിവന്നിരുന്നത്. 2025-26 വർഷത്തിലെ ബജറ്റിൽ ജമ്മു കശ്മീർ സർക്കാർ ടൂറിസം മേഖലയ്ക്കായി 390.2 കോടി രൂപയാണ് നീക്കിവെച്ചത്. കൂടാതെ വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം നൽകുന്നതിൻറെ ഭാഗമായി ജമ്മു കശ്മീർ ഭരണകൂടം 2020 ൽ ഒരു സമഗ്ര ടൂറിസം നയം ആവിഷ്‌കരിച്ചിരുന്നു.
പ്രതിവർഷം ഏകദേശം 50,000 പേർക്ക് തൊഴിൽ സൃഷ്ടിക്കാനും പ്രതിവർഷം 2,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ നയം. എന്നാൽ കോവിഡ് പ്രതിസന്ധി സംസ്ഥാനത്തിൻറെ ടൂറിസം മേഖലയ്ക്ക് ഏറെ ആഘാതം സ്രഷ്ടിച്ചിരുന്നു. അതിൽ നിന്ന് കരകയറുന്നതിനിടയിലാണ് ഭീകരവാദം സംസ്ഥാനത്ത് വീണ്ടും പ്രതിസന്ധി സ്രഷ്ടിച്ചിരിക്കുന്നത്.