RCB Victory Parade Stampede: ബെഗളൂരു: ആർ.സി.ബി.യുടെ വിജയാഘോഷത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും 11 പേർക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണസംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ സർക്കാരും ബി.സി.സി.ഐയും. ഇത്തരം സംഭവങ്ങൾ ശ്രദ്ധിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും തങ്ങൾക്ക് ഉത്തരവാദിത്വം ഇല്ലെന്ന് ബി.സി.സി.ഐയുടെ വാദം. എന്നാൽ പരിപാടി സംഘടിപ്പിച്ചത് കർണാടക ക്രിക്കറ്റ് അസോസിയേഷനാണെന്നും സംസ്ഥാന സർക്കാരിന് പങ്കില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
Also Read: ആസൂത്രണത്തിലെ അഭാവം, ആശയക്കുഴപ്പം, ജനബാഹുല്യം; ബെംഗളൂരു അപകടത്തിന് നിരവധി കാരണങ്ങൾ
ഐ.പി.എൽ. ടൂർണമെന്റ് പൂർത്തിയാകുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം അവസാനിച്ചുവെന്ന് ബി.സി.സി.ഐ. സെക്രട്ടറി ദേവജിത് സൈകിയ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. ഐ.പി.എൽ മത്സരങ്ങൾ പൂർത്തിയായാൽ പിന്നീട് ഫ്രാഞ്ചൈസിയും ടീമും അവരുടെ ഹോം ഗ്രൗണ്ടിൽ എന്തു ചെയ്യുന്നുവെന്നത് ബി.സി.സി.ഐ. അന്വേഷിക്കാറില്ല. ഇത്തരം പരിപാടികൾ നടത്തുന്നതിന് ബി.സി.സി.ഐ.യുടെ അനുമതി വാങ്ങേണ്ട കാര്യമില്ല- ദേവജിത് സൈകിയ പറഞ്ഞു.
Also Read: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരം; അന്വേഷണം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി
ബെഗളൂരുവിൽ നടന്ന പരിപാടിയെക്കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് ഐ.പി.എൽ. ചെയർമാൻ അരുൺ ധുമാൽ പറഞ്ഞു. ആരാണ് പരിപാടി സംഘടിപ്പിത് എത്ര ആളുകൾ വന്നു എന്നിവയൊന്നും അറിയില്ലായിരുന്നു. വിവരം അറിഞ്ഞയുടൻ ആർ.സി.ബി. മാനേജ്‌മെന്റുമായി സംസാരിച്ചു. പരിപാടി അവസാനിപ്പിക്കുകയാണെന്നാണ് അവർ നൽകിയ മറുപടി. സംസ്ഥാന സർക്കാരും തദ്ദേശ ഭരണകൂടവുമാണ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്- അരുൺ ധുമാൽ പറഞ്ഞു.
അതേസമയം, റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷനാണെന്നും സർക്കാരിന് ഒരുതരത്തിലുമുള്ള പങ്കുമില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ജയത്തിൻറെ സന്തോഷം പോലും ഈ ദുരന്തം ഇല്ലാതാക്കി. മൂന്ന് ലക്ഷത്തോളം ആളുകൾ തടിച്ച് കൂടിയെന്നാണ് കണക്ക് കൂട്ടുന്നത്. വിധാൻസൗധയുടെ മുന്നിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.
Also Read:ദുരന്തമായി വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം; നിരവധി പേർക്ക് പരിക്ക്
11 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 47 പേർക്ക് പരുക്കേറ്റിട്ടുണ്ട്. 35,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ് ചിന്നസ്വാമി. അവിടെ മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് തടിച്ച് കൂടിയത്. അവിടെ ഇത്ര അധികം ആളുകൾ വന്ന് കൂടുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിക്ടറി പരേഡിന് അനുമതി നൽകിയിരുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇത്തരത്തിൽ ദുരന്തമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് വിക്ടറി പരേഡിന് അനുമതി നൽകാതിരുന്നത്. സ്റ്റേഡിയത്തിന് സമീപത്താണ് ഇത്ര വലിയ ദുരന്തമുണ്ടായത്. ടീമിനോടുള്ള സ്‌നേഹത്തിനൊപ്പം സ്വന്തം സുരക്ഷയും നോക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.