ബുധനാഴ്ചയാണ് തന്റെ വിവാഹവാർത്ത നടി ഹിന ഖാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. ദീർഘനാളായി ഹിനയുടെ ബോയ് ഫ്രണ്ടായ റോക്കി ജയ്‌സ്വാളിനെയാണ് ഹിന വിവാഹം ചെയ്തിരിക്കുന്നത്.
2014 മുതൽ ഹിനയും റോക്കിയും ഒരുമിച്ചാണ് ജീവിക്കുന്നത്. സുഖദു:ഖങ്ങളിലെല്ലാം നിഴലായി തനിക്കൊപ്പം നിന്ന റോക്കിയെ ഹിന പലപ്പോഴും പ്രശംസിച്ചിട്ടുണ്ട്. 2024ൽ ഹിനയ്ക്ക് കാൻസർ നിർണ്ണയിക്കുമ്പോഴും കരുത്തായി കൂടെ നിന്നത് റോക്കിയായിരുന്നു.
Also Read: ആ ആൾക്കൂട്ടത്തിലും വിജയാഹ്ളാദത്തിലും കോഹ്‌ലിയുടെ കണ്ണുകൾ തേടിയത് അനുഷ്കയെ; വീഡിയോ
ഹിനയുടെ കാൻസർ പോരാട്ടത്തിൽ മുൻനിര പോരാളിയായി റോക്കിയും കൂടെ തന്നെ നിന്നു. കാൻസർ യാത്രയുടെ ഒരു ഘട്ടത്തിൽ, ഹിനയെ പിന്തുണയ്ക്കാൻ റോക്കി തല മൊട്ടയടിച്ചു. ഇപ്പോൾ അസുഖത്തിന്റെ നാളുകൾ താണ്ടി, ജീവിതത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയാണ് ഹിനയും റോക്കിയും.
“രണ്ട് വ്യത്യസ്ത ലോകങ്ങളിൽ നിന്ന്, ഞങ്ങൾ സ്നേഹത്തിന്റെ ഒരു പ്രപഞ്ചം സൃഷ്ടിച്ചു. ഞങ്ങൾക്കിടയിലെ വ്യത്യസ്തകൾ മങ്ങി, ഞങ്ങളുടെ ഹൃദയങ്ങൾ ഒന്നിച്ചുചേർന്നു, അതിമനോഹരമായൊരു ബന്ധം ഉടലെടുത്തു. ഞങ്ങൾ ഞങ്ങളുടെ വീടാണ്, ഞങ്ങളുടെ വെളിച്ചമാണ്, ഞങ്ങളുടെ പ്രതീക്ഷയാണ്. ഒരുമിച്ച്, ഞങ്ങൾ എല്ലാ തടസ്സങ്ങളെയും മറികടക്കുന്നു. ഇന്ന്, ഞങ്ങളുടെ യൂണിയൻ സ്നേഹത്തിലും നിയമത്തിലും എന്നെന്നേക്കുമായി മുദ്ര ചെയ്യപ്പെടുന്നു. ഭാര്യാ ഭർത്താക്കന്മാർ എന്ന നിലയിൽ ഞങ്ങൾ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു,” എന്നാണ് വിവാഹചിത്രങ്ങൾ പങ്കിട്ട് ഹിന കുറിച്ചത്.
Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക, 4600 കോടിയുടെ ആസ്തി; ആളെ മനസ്സിലായോ?
സെലിബ്രിറ്റി മാസ്റ്റർഷെഫിൽ അടുത്തിടെ അതിഥിയായി എത്തിയപ്പോൾ ഹിന, ജീവിതത്തിൽ റോക്കി നൽകിയ പിന്തുണയെ കുറിച്ച് മനസ്സു തുറന്നിരുന്നു. “എന്റെ യാത്രയ്ക്കിടയിൽ, ഞാൻ കാൻസറിനെ നേരിട്ടുവെന്ന് ലോകത്തിനറിയാം. എന്നാൽ, അതിൽ കൂടുതൽ ആർക്കും അറിയില്ല. അതിനുശേഷം, 2-3 മാസത്തിനുള്ളിൽ, എന്റെ ആരോഗ്യത്തിലും ശരീരത്തിലും സംഭവിച്ച ധാരാളം കാര്യങ്ങൾ ഞങ്ങൾ മനസ്സിലാക്കി.”
“എന്റെ ശരീരത്തിൽ മുറിവുകളുണ്ട്. എനിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഒരുപാട് കാര്യങ്ങളിലൂടെ ഞാൻ കടന്നുപോയി. ആ മുറിവുകൾ ശമിപ്പിക്കുന്നത് അവനാണ്. എന്നെക്കാൾ അടുത്ത് നിന്ന് അവ നോക്കുന്നത് അവനാണ്. അവൻ എന്നോട് ചോദിക്കുന്നു, ‘ഇന്ന് എങ്ങനെയുണ്ട്? ഇപ്പോൾ സുഖമാണോ?’ എന്നെത്തന്നെ നോക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്, പക്ഷേ അവൻ അങ്ങനെ ചെയ്യുന്നു. അതുകഴിയുമ്പോൾ ബാത്ത്റൂമിൽ പോയി കരയുന്നു, തിരിച്ചുവരുന്നു. എന്റെ മുന്നിൽ പോലും അവൻ കരയുന്നില്ല. മുമ്പത്തേക്കാൾ കൂടുതൽ അവൻ എന്നെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു.”