Kerala Rains Updates: തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. തിങ്കളാഴ്ച വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച വടക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. മലപ്പുറം കൽകുണ്ടിൽ ഞായറാഴ്ച 2.30 മുതൽ 6.30 വരെ പെയ്തത് 86 മില്ലി മീറ്റർ മഴയാണ്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലും ഞായറാഴ്ച ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.
Also Read:കാലവർഷം; ജൂൺ ആദ്യവാരത്തിൽ ദുർബലം, മഴയിൽ 62 ശതമാനം കുറവ്
ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ഇരുപത്തിനാല് മണിക്കൂറിൽ, 64.5 മില്ലിമീറ്റർ മുതൽ 115.5മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ചില ഇടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Also Read:വരുന്നത് ശക്തമായ മഴ; ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
കേരളത്തില്‍ കാലവര്‍ഷക്കാറ്റ് 10-നുശേഷം മഴയ്ക്ക് അനൂകൂലമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ വെള്ളിയാഴ്ചയോടെ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുകള്‍ പറയുന്നു. ഈ ആഴ്ചയുടെ അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപം കൊണ്ടേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജൂൺ 10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ജൂൺ 11ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ജൂൺ 12ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
Also Read: എം.വി.ഗോവിന്ദനെ വീണ്ടും സെക്രട്ടറിയാക്കാൻ താൻ ഇടപെട്ടു: പി.വി. അൻവർ
അതേസമയം, കാലവർഷം രണ്ടാഴ്ച പിന്നിടുമ്പോൾ ജൂൺ ആദ്യവാരത്തിൽ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയിൽ കുറവുണ്ടായി. പതിവിൽ നിന്ന് വ്യത്യസ്തമായി കാലവർഷം ഇക്കുറി നേരത്തെയാണ് കേരളത്തിൽ എത്തിയത്. 16 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഇക്കുറി മേയിൽ കാലവർഷം എത്തിയത്.
മേയ് 24-നാണ് ഇക്കുറി കാലവർഷം എത്തിയത്. മേയ് 24 മുതൽ 31 വരെയുള്ള ഏഴ് ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് 440.5 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാൽ പിന്നീടുള്ള വാരത്തിൽ കാലവർഷം ദുർബലമായതാണ് സംസ്ഥാനത്ത് മഴയിൽ കുറവുണ്ടായതിന് കാരണം.
ജൂൺ ഒന്ന് മുതൽ ഏഴ് വരെയുള്ള തീയതികളിൽ സംസ്ഥാനത്ത ലഭിച്ചത് 46 മില്ലിമീറ്റർ മഴയാണ്. ഈ ആഴ്ചയിൽ സംസ്ഥാനത്ത് ലഭിക്കേണ്ടത് 120 മില്ലിമീറ്റർ മഴയാണ്. സംസ്ഥാനത്ത ലഭിക്കേണ്ട മഴയിൽ 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വിദഗ്ധർ പറഞ്ഞു.