Am Ah OTT: ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും ദേവദർശിനിയും പ്രധാന വേഷത്തിലെത്തിയ ‘അം അഃ’ കഴിഞ്ഞ ഏപ്രിലിൽ ആണ് ഒടിടിയിലെത്തിയത്. ആമസോൺ പ്രൈം വീഡിയോ, സൺ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലായിരുന്നു ചിത്രം മുൻപ് സ്ട്രീം ചെയ്തിരുന്നത്. എന്നാൽ, ഇപ്പോഴിതാ, മൂന്നാമതൊരു ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് കൂടി ചിത്രം എത്തുകയാണ്.
മനോരമ മാക്സ് ആണ് പുതുതായി ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയ ഒടിടി പ്ലാറ്റ്‌ഫോം. മനോരമ മാക്സിൽ ജൂൺ 13 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ഇരുന്നൂറു സിനിമാസ്നേഹികളുടെ സഹായത്താൽ നിർമ്മിച്ച ചിത്രം എന്ന സവിശേഷതയുമുണ്ട് ‘അം അഃ’യ്ക്ക്. ജനുവരി 24നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇടുക്കിയിലെ ഒറ്റപ്പെട്ട ഒരു മലയോരഗ്രാമത്തിലെ കുറച്ച് മനുഷ്യരിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. റോഡുപണിയ്ക്കായി വരുന്ന സൂപ്പർവൈസർ സ്റ്റീഫനും സ്റ്റീഫന്റെ വരവോടെ ആ നാട്ടിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
Also Read: Bazooka OTT: ബസൂക്ക ഒടിടിയിൽ എവിടെ കാണാം?
തോമസ് സെബാസ്റ്റിയൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് കാപി പ്രൊഡക്ഷൻസ് ആണ്. സിബി മലയിലിന്റെയും ബ്ലെസിയുടെയും അസിസ്റ്റന്റായിരുന്ന തോമസ് സെബാസ്റ്റ്യന്റെ നാലാമത്തെ ചിത്രമാണിത്.
Also Read: പഞ്ചാബി ഹൗസിൽ രമണനെ കൺഫ്യൂഷനിലാക്കിയ ‘സോണിയ’; ഓർമ്മയുണ്ടോ ഈ നടിയെ?
ശ്രുതി ജയൻ, ജാഫർ ഇടുക്കി, മീരാ വാസുദേവ്, ജയരാജൻ കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, അലൻസിയർ, ടി.ജി.രവി, അനുരൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. തമിഴ്‌താരം ദേവദർശിനി പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്.
Also Read: അന്ന് ഞാനാണ് ദീപികയെ ഉപേക്ഷിച്ചത്, പക്ഷേ എനിക്കതിൽ ഖേദമില്ല: മുസമ്മിൽ
കവിപ്രസാദ് ഗോപിനാഥാണ് ചിത്രത്തിന്റെ തിരക്കഥ. ഗോപി സുന്ദർ സംഗീതവും പശ്ചാത്തലസംഗീതവും നിർവ്വഹിച്ചു. ഛായാഗ്രഹണം അനീഷ് ലാലും എഡിറ്റിംഗ് ബിജിത് ബാലയും നിർവഹിച്ചു. സസ്പെൻസ് ഡ്രാമ ഴോണറിൽ വരുന്ന ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.