Gujarat Ahmedabad Plane Crash: ഗാന്ധിനഗർ: ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. ഇന്ന് ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം. അഹമ്മദാബാദിലെ മേഘാനി പ്രദേശത്താണ് വിമാനം തകർന്നുവീണത്. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.
ലണ്ടനിലെ ഗാറ്റ്‌വിക് വിമാനതാവളത്തിലേക്ക് പോയതായിരുന്നു വിമാനം. 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 230 പേർ യാത്രക്കാരും 12 പേർ ക്രൂ അംഗങ്ങളുമാണ്. 248 പേരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് വിമാനം. ടേക്ക് ഓഫ് സമയത്ത് വിമാനത്തിന്റെ പിൻഭാഗം മതിലിൽ തട്ടിയത് അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ വിവരങ്ങൾ ഓദ്യോഗികമല്ല. വിമാനം പുറപ്പെടേണ്ട സമയത്തിൽ നിന്ന് കുറച്ച് വൈകിയാണ് പുറപ്പെട്ടത്.
Plan crash in Ahmedabad…! pic.twitter.com/pkP6pLW0vb
— DIVYESH HIRPARA (@hirparadivyesh) June 12, 2025
അപകടത്തിന്റെ തീവ്രത വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തിയിട്ടുണ്ട്. എയർ ഇന്ത്യയുടെ ബോയിംഗ് ഡ്രീംലൈനർ 878-8 വിമാനമാണ് തകർന്നുവീണത്. എയർഇന്ത്യയുടെ വലിയ വിമാനങ്ങളിലൊന്നാണിത്. വിമാനം പറന്നുയർന്ന് ഏകദേശം ഒൻപത് മിനിറ്റിനുള്ളിൽ തകർന്ന് വീഴുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജിന്റെ മെസ്സിനു മുകളിലേക്കാണ് വിമാനം തകർന്നു വീണത്. അപകടം സമയം, ഹോസ്റ്റൽ മെസ്സിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് അവകാശപ്പെട്ടു. നിരവധി മെഡിക്കൽ വിദ്യാർത്ഥികൾക്കും പരുക്കേറ്റതായാണ് റിപ്പോർട്ട്. പരുക്കേറ്റവരെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ല.
അപകടത്തിൽ 91 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. മരിച്ചവരിൽ ഒരു മലയാളിയും ഉണ്ട്. യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാർ നായരാണ് മരിച്ചത്.
അപകടം എയർ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ”അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക്ക് സർവീസ് നടത്തുന്ന ഫ്‌ലൈറ്റ് AI-171 ഇന്ന്, 2025 ജൂൺ 12 ന് ഒരു അപകത്തിൽപ്പെട്ടു. അപകടത്തിന്റെ വിശദാംശങ്ങൾ തേടുകയാണ്- എയർ ഇന്ത്യ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Also Read:സിനിമ കാണാൻ പോലും അനുവാദമില്ല; ക്രൂരകൊലപാതകത്തിന് സോനത്തെ പ്രേരിപ്പിച്ചത് വീട്ടുകാരോടുള്ള പക
വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ആദ്യം ലഭിച്ച ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്. തകര്‍ന്നതിനു പിന്നാലെ വിമാനത്തില്‍ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്.
മേഘാനി നഗറിലെ കോളേജ് ഹോസ്റ്റലിന്റെ മെസിനു മുകളിലായാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ കോളേജ് വിദ്യാർത്ഥികൾക്കും പരുക്കേറ്റിട്ടുണ്ട്. 95 പേർ അടങ്ങുന്ന ദുരന്തനിവാരണ സേനയുടെ മൂന്ന് യൂണിറ്റുകൾ ഗാന്ധിനഗറിൽ നിന്ന് അപകടം ഉണ്ടായ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. വഡോദരയിൽ നിന്ന് കൂടുതൽ എൻ.ഡി.ആർ.എഫ്. സംഘവും പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
Also Read:അഹമ്മദാബാദിൽ വൻ വിമാന ദുരന്തം; തകർന്നത് ടേക്ക് ഓഫിനിടെ: വീഡിയോ
ഏറെ ഞെട്ടലുണ്ടാക്കുന്ന അപകടമാണ് ഗുജറാത്തിൽ സംഭവിച്ചതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപു പറഞ്ഞു. സ്ഥിതിഗതികൾ ഏകോപിപ്പിക്കുകയാണ്. എല്ലാ വ്യോമയാന ഏജൻസികളോടും അപകടം ഉണ്ടായ സ്ഥലത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർക്ക് വൈദ്യസഹായം നൽകാനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വ്യോമയാന മന്ത്രി പറഞ്ഞു.