Weekly Horoscope: ആദിത്യൻ ജൂൺ 15/ മിഥുനം 1 ഞായറാഴ്ച് രാവിലെ 6 മണി 44 മിനിട്ടിന് മിഥുനം രാശിയിൽ സംക്രമിക്കുന്നു. മകയിരം ഞാറ്റുവേല ഈയാഴ്ച മുഴുവൻ തുടരുന്നു. ചന്ദ്രൻ കൃഷ്ണപക്ഷ ചതുർത്ഥി മുതൽ ഏകാദശി വരെയുള്ള തിഥികളിലാണ്. ഈയാഴ്ച തിരുവോണത്തിൽ തുടങ്ങി അശ്വതി വരെ നക്ഷത്രങ്ങളുമുണ്ട്
ചൊവ്വ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധൻ മിഥുനം രാശിയിലാണ്. ഞായറാഴ്ച വരെ തിരുവാതിരയിലും തിങ്കളാഴ്ച മുതൽ പുണർതത്തിലും സഞ്ചരിക്കുന്നു. ശുക്രൻ മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ്. വ്യാഴം മിഥുനം രാശിയിൽ തുടരുന്നു. ഇപ്പോൾ തിരുവാതിര നക്ഷത്രത്തിൽ പ്രവേശിച്ചു കഴിഞ്ഞു.
ശനി മീനം രാശിയിൽ ഉത്രട്ടാതി രണ്ടാം പാദത്തിൽ സഞ്ചരിക്കുന്നു. രാഹു കുംഭം രാശി പൂരൂരുട്ടാതി മൂന്നാം പാദത്തിലും കേതു ചിങ്ങം രാശിയിൽ ഉത്രം ഒന്നാം പാദത്തിലുമാണ്. ഈ ഗ്രഹസ്ഥിതിയെ അവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: വാരഫലം, അശ്വതി മുതൽ ആയില്യം വരെ
മൂലം
നേതൃഗുണം പ്രകടിപ്പിക്കാൻ അവസരമുണ്ടാവും. സന്ദർഭോചിത തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾക്ക് പോംവഴി നിർദ്ദേശിക്കും. തൊഴിലിടത്തിൽ സക്രിയരാവുന്നതാണ്. എല്ലാ പ്രവർത്തനങ്ങളും തലനാരിഴകീറി പരിശോധിക്കുകയും അഭിപ്രായം പറയുകയും ചെയ്യുകയാൽ ശത്രുക്കളുണ്ടാവും. കുടുംബത്തിനൊപ്പം ചെലവഴിക്കാൻ നേരം കിട്ടിയേക്കില്ല എന്ന സ്ഥിതിവരാം. ഭാഗ്യഭാവത്തിൽ പാപയോഗം ഉള്ളതിനാൽ ചില കാര്യങ്ങൾ പ്രതീക്ഷക്ക് വിരുദ്ധമായി നഷ്ടം ഭവിക്കാനും സാധ്യതയുണ്ട്.
പൂരാടം
ഗുണത്തിന് ദോഷവും, ദോഷത്തിന് ഗുണവും എന്ന സ്ഥിതിയാണ്, പൊതുവേ. ആത്മവിശ്വാസം അമിതമാവരുത്. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രതീരുമാനം കൈക്കൊള്ളാൻ കഴിഞ്ഞേക്കില്ല. അതിൽ നിരാശ തോന്നും. ബിസിനസ്സ് യാത്രകൾ കൊണ്ട് ഉദ്ദേശിച്ച നേട്ടം കിട്ടിയേക്കില്ല. ഗൃഹത്തിൽ നവീകരണം നടക്കും. രോഗഗ്രസ്തർക്ക് തുടർചികൽസ വേണ്ടിവരുന്നതാണ്. മാതാപിതാക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം. വേണ്ടപ്പെട്ട ചിലർക്ക് കഴിയുന്ന സഹായം ചെയ്യേണ്ടി വരാം. വാരമധ്യത്തിലെ ദിവസങ്ങൾക്ക് മേന്മ കൂടുന്നതാണ്.
Also Read: വാരഫലം, മകം മുതൽ തൃക്കേട്ട വരെ
ഉത്രാടം
ഉല്ലസിക്കാൻ നേരം കിട്ടില്ല. ജോലിഭാരം കൂടുന്നതാണ്. വാഗ്ദാനം പാലിക്കാൻ ഇരട്ടി ഊർജ്ജം ചെലവഴിക്കേണ്ടതായി വന്നേക്കാം. കളിതമാശകൾ പറയുന്നത് കരുതലോടെ വേണം. വാക്സ്ഥാനത്ത് രാഹുവുള്ളതിനാൽ കേൾക്കുന്നയാൾ പ്രകോപിതനാവും. സ്വകാര്യ യാത്രകൾ വേണ്ടിവരാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. പ്രതീക്ഷിച്ച ധനം കൈവശമെത്തണമെന്നില്ല. പഠിപ്പിനിടയിൽ ജോലിപരിശീലനത്തിന് അവസരം കൈവരും. വസ്തുവ്യവഹാരം നീണ്ടുപോയേക്കും. ദൈവിക സമർപ്പണങ്ങൾ മറ്റൊരവസരത്തിലേക്ക് മാറ്റുവാനിടയുണ്ട്.
തിരുവോണം
ഞായറും തിങ്കളും ബന്ധുസമാഗമം, പുറമേ നിന്നും ഭക്ഷണം, ഷോപ്പിംഗ്, വസ്ത്രാഭരണലബ്ധി മുതലായവ സാധ്യതകൾ. ചൊവ്വ, ബുധൻ, ദിവസങ്ങളിൽ സ്വസ്ഥത കുറയുന്നതായിരിക്കും. ചിലപ്പോൾ യാഥാർത്ഥ്യങ്ങൾ മറച്ച് സംസാരിക്കേണ്ടിവരും. മേലധികാരികൾ മുഷിയാനിടയുണ്ട്. കാര്യവിഘാതം ഭവിച്ചെന്നും വരാം. വ്യാഴം, വെള്ളി ദിവസങ്ങളിൽ കാര്യാലോചനകളിൽ ശോഭിക്കുന്നതാണ്. സ്വന്തം കഴിവുകൾ തിരിച്ചറിയും. സർക്കാരിൽ നിന്നും പ്രതീക്ഷിച്ച അനുമതി കിട്ടിയേക്കും. ശനിയാഴ്ച സമ്മിശ്രമായ ദിവസമാണ്.
Also Read: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
അവിട്ടം
അറിയുന്ന കാര്യങ്ങൾ ചിലപ്പോൾ പ്രയോജനപ്പെടുത്താൻ കഴിയാതെയാവും. പിന്നീട് അതോർത്ത് പശ്ചാത്തപിക്കും. തെറ്റായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കാനിടയുണ്ട്. നക്ഷത്രാധിപനായ ചൊവ്വയ്ക്ക് കേതുയോഗം വന്നതിനാൽ സംസർഗ സൗഹൃദാദികളിൽ കരുതൽ വേണം. വന്നുചേരാനുള്ള ധനത്തിന് അവധികൾ പറയപ്പെടാം. മകരക്കൂറുകാർ യാത്രകളിലും മറ്റും കരുതൽ കൈക്കൊള്ളണം. കുംഭക്കൂറുകാർക്ക് പ്രണയ കാര്യത്തിൽ ഇച്ഛാഭംഗം ഉണ്ടായേക്കാം. വാടക വീട്/പുതിയ താമസസ്ഥലം കണ്ടെത്താനാവും.
ചതയം
ലാഘവത്വത്തോടെ ഒരു കാര്യത്തിലും ഏർപ്പെടരുത്. ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധപുലർത്തണം. സമയബന്ധിതമായി ഫയലുകൾ തീർക്കാനാവാത്തതിനാൽ തൊഴിലിടത്തിൽ പ്രശ്നങ്ങൾ വരാം. ജന്മരാശിയിലും രണ്ടിലും ഏഴിലും പാപഗ്രഹങ്ങളുടെ സാന്നിധ്യം ശക്തമാണ്. വ്യക്തിജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാവാം. ജീവിതപങ്കാളിയുമായി മനസ്സു തുറന്ന് സംസാരിക്കാൻ ശ്രമിക്കണം. സന്ധി സംഭാഷണങ്ങൾ പരാജയപ്പെടാം. ട്രാഫിക് നിയമങ്ങൾ തെറ്റിക്കാനും പിഴയീടാക്കപ്പെടാനും സാധ്യത കാണുന്നു. സാഹിത്യം, കല ഇവയിൽ പ്രതീക്ഷിച്ച ശ്രമങ്ങളൊന്നും നടത്താനായേക്കില്ല.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
പൂരൂരുട്ടാതി
ആശയഭദ്രതയുണ്ടാവും. പക്ഷേ പ്രായോഗികമായി പലതും ആവിഷ്കരിക്കാനാവില്ലെന്ന സ്ഥിതി വരാം. ലക്ഷ്യപ്രാപ്തിക്കായി കൂടുതൽ അദ്ധ്വാനം ആവശ്യമായേക്കും. സഹപ്രവർത്തകരുടെ വാക്കുകൾ പൂർണ്ണമായും മുഖവിലയ്ക്കെടുക്കണമെന്നില്ല. സംഘടനകളിൽ ഒതുക്കപ്പെടുകയാണ് എന്ന തോന്നൽ ഉണ്ടാവുന്നതാണ്. സ്വാശ്രയ ബിസിനസ്സ് വിപുലീകരിക്കാൻ ഇപ്പോൾ ഗ്രഹപരമായ അനുകൂലതയില്ല. ബന്ധങ്ങൾ കലുഷമാവാതിരിക്കാൻ സ്വയം നിയന്ത്രണം അനിവാര്യമാണ്. ന്യായമായ ആവശ്യങ്ങൾ ഒരുവിധം നടന്നുകിട്ടും. ദേഹത്തിനും മനസ്സിനും അല്പം വിശ്രമം അനിവാര്യമാണ്.
ഉത്രട്ടാതി
എതിർപ്പുകളെ കൂസാതെ മുന്നോട്ടു പോകാനാവും. തർക്കങ്ങളിലും സംവാദങ്ങളിലും വിജയിക്കുന്നതാണ്. സഹപ്രവർത്തകരുടെ ഇടയിൽ സ്വീകാര്യത കൂടാം. സാധാരണ കാര്യങ്ങൾ പതിവുപോലെ തന്നെയാവും.
നിഴൽ പോലെ അലസതയും ഉണ്ടാവുന്നതാണ്. ഉപരി പഠനം പുറം നാട്ടിലാവാൻ സാധ്യത കൂടുതലായിരിക്കും. കടം കൊടുത്താൽ കിട്ടുക എളുപ്പമായേക്കില്ല. പ്രവാസികൾക്ക് തൊഴിൽപരമായി മെച്ചം വരാനിടയുണ്ട്. നിക്ഷേപങ്ങളിൽ നിന്നും ആദായം വന്നുതുടങ്ങുന്നതാണ്. വാതരോഗത്തിന് ചികിൽസ
വേണ്ടി വന്നേക്കും.
രേവതി
ഉദ്യോഗസ്ഥർക്ക് അധികാരമുള്ള ചുമതലകൾ ലഭിക്കുന്ന കാലമാണ്. നക്ഷത്രാധിപനായ ബുധൻ ഭദ്രയോഗത്തോടെ നാലാം ഭാവത്തിൽ തുടരുകയാൽ ആത്മബലം അചഞ്ചലമാവും. ധനപരമായി സമ്മർദ്ദമുണ്ടാവില്ല. നല്ല തുടക്കം കിട്ടുന്ന വാരവുമാണ്. സുഹൃദ്ബന്ധങ്ങൾ മെച്ചപ്പെടുത്താനാവും. ബിസിനസ്സ് തന്ത്രങ്ങൾ ഉപഭോക്താക്കളിൽ ചലനമുയർത്താം. കുടുംബത്തിൽ സമാധാനമുണ്ടാവും. ഭാവിയാത്രകൾ തീരുമാനിക്കും. പൂർവ്വികമായിട്ടുള്ള വസ്തുക്കളിൽ നിന്നും വരുമാനം കിട്ടാം. ശനിയും രാഹുവും ചെറിയ തടസ്സങ്ങളുടെ രൂപത്തിൽ അവരുടെ സാന്നിധ്യം അറിയിക്കും.