ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരങ്ങളിൽ ഒരാളാണ് വൈഭവ് സൂര്യവംശി. വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട സൂര്യവംശി ഒട്ടേറെ ബാറ്റുകൾ തകർത്ത കഥ വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലൻ മനീഷ് ഓജ.
ഹൈലൈറ്റ്:
- ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയമായി വൈഭവ് സൂര്യവംശി
- ഐപിഎല്ലിൽ താരം കാഴ്ച വെച്ചത് കിടിലൻ പ്രകടനം
- സൂര്യവംശി ബാറ്റുകൾ തകർത്ത കഥ ഇങ്ങനെ

റെക്കോഡുകൾ തകർക്കും മുൻപ് വൈഭവ് സൂര്യവംശി നിരവധി ബാറ്റുകൾ പൊട്ടിച്ചു; രാജസ്ഥാൻ റോയൽസ് താരത്തെക്കുറിച്ച് മുൻ പരിശീലകൻ
2011 ൽ ബിഹാറിലെ ഒരു ചെറിയ ഗ്രാമമായ തജ്പൂരിലായിരുന്നു വൈഭവ് സൂര്യവംശിയുടെ ജനനം. എട്ടാമത്തെ വയസിൽ ഓജയുടെ ജെൻ നെക്സ്റ്റ് ക്രിക്കറ്റ് അക്കാദമിയിലേക്ക് അവനെത്തി. വൈഭവ് സൂര്യവംശി ഒരു സാധാരണ പ്രതിഭയല്ലെന്ന് മനസിലാക്കാൻ ഓജക്ക് അധിക സമയം വേണ്ടി വന്നില്ല. എല്ലാ ബോളുകളും ശക്തമായി അടിച്ചു പറത്താനായിരുന്നു വൈഭവ് ഇഷ്ടപ്പെട്ടിരുന്നത് എന്ന് മനീഷ് ഓജ പറയുന്നു. ഇത് കൊണ്ടു തന്നെ താരത്തിന് ഒരു ബാറ്റും അധിക കാലം ഉപയോഗിക്കനാായില്ലെന്ന് അദ്ദേഹം ഓർത്തെടുത്തു. ഒട്ടേറെ ബാറ്റുകൾ പരിശീലനത്തിനിടെ വൈഭവ് സൂര്യവംശി പൊട്ടിച്ചു കളഞ്ഞതായാണ് കുട്ടിക്കാല പരിശീലകൻ പറയുന്നത്.
“വൈഭവ് സൂര്യവംശി നല്ല രീതിയിൽ പന്തിനെ കണക്ട് ചെയ്യുമ്പോൾ ബാറ്റിൽ നിന്ന് വന്നിരുന്ന ശബ്ദം, അത് വേറിട്ടതായിരുന്നു. പക്ഷേ അവന്റെ കളി രീതി വെച്ച് ഒരു ബാറ്റും ഒരു മാസത്തിൽക്കൂടുതൽ നീണ്ടുനിന്നില്ല. ഇന്നത്തെ കാലത്ത് സ്പോൺസർമാരുണ്ട്. എന്നാൽ അന്ന് ഒരു ബാറ്റ് പൊട്ടിയാൽ പുതിയത് വാങ്ങാൻ കുടുംബത്തിന് ഒരു വഴി കണ്ടെത്തേണ്ടി വന്നിരുന്നു.” മനീഷ് ഓജ പറഞ്ഞു.
പരിശീലനത്തിനായി ഒന്നിടവിട്ട ദിവസങ്ങളിൽ 100 കിലോമീറ്ററിൽ അധികം വൈഭവ് സൂര്യവംശിയും അദ്ദേഹത്തിന്റെ പിതാവും യാത്ര ചെയ്യുമായിരുന്നുവെന്ന് മനീഷ് ഓജ ഓർത്തെടുക്കുന്നു. താരത്തിന്റെ കുടുംബം രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും തയ്യാറാക്കി രാവിലെ 7.30 നുള്ള പരിശീലനത്തിന് അവനെ എത്തിക്കുമായിരുന്നുവെന്നും മനീഷ് ഓജ കൂട്ടിച്ചേർത്തു.
അതേ സമയം 2025 സീസൺ ഐപിഎല്ലിന് മുന്നോടിയായി നടന്ന മെഗാ താരലേലമാണ് വൈഭവ് സൂര്യവംശിയുടെ തലവര മാറ്റിയത്. മെഗാ ലേലത്തിൽ നിന്ന് 1.1 കോടി രൂപക്ക് സൂര്യവംശിയെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കുകയായിരുന്നു. സീസൺ തുടങ്ങുന്ന സമയത്ത് വൈഭവ് സൂര്യവംശിക്ക് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കുമെന്ന് ആരും കരുതിയതല്ല. എന്നാൽ ക്യാപ്റ്റനും ഓപ്പണറുമായ സഞ്ജു സാംസണ് സംഭവിച്ച പരിക്ക് നിർണായകമായി. ഇതോടെ റോയൽസിന്റെ ഓപ്പണിങ് സ്ഥാനത്തേക്ക് വന്ന വൈഭവ് തന്റെ പ്രതിഭ ക്രിക്കറ്റ് ലോകത്തിന് അറിയിച്ചുകൊടുത്തു.
Also Read: വൈഭവ് സൂര്യവംശി ഓപ്പണർ, ശശാങ്ക് സിങ്ങും ടീമിൽ. ഇത്തവണത്തെ കിടിലൻ അൺക്യാപ്പ്ഡ് ഇലവൻ ഇങ്ങനെ…
തന്റെ മൂന്നാമത്തെ ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് എതിരെ 35 പന്തിൽ സെഞ്ചുറി നേടിയ വൈഭവിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചു. ഇക്കുറി കളിച്ച ഏഴ് ഐപിഎൽ മത്സരങ്ങളിൽ 34, 16, 101, 0, 4, 40, 57 എന്നിങ്ങനെയായിരുന്നു വൈഭവ് സൂര്യവംശിയുടെ സ്കോറുകൾ. സീസണിലെ ആകെ ഏഴ് മത്സരങ്ങളിൽ നിന്ന് 206.55 സ്ട്രൈക്ക് റേറ്റിൽ 252 റൺസാണ് വൈഭവ് സൂര്യവംശി നേടിയത്. സീസണിലെ സൂപ്പർ സ്ട്രൈക്കർ പുരസ്കാരവും താരത്തെ തേടിയെത്തി.