Fathers Day Horoscope Special in malayalam: ജൂൺ മാസത്തിലെ മൂന്നാം ഞായറിനെ ഫാദേര്‍സ് ഡേ എന്ന് പാശ്ചാത്യലോകം വിളിച്ചുതുടങ്ങിയിട്ട് ഒരുപാട് കാലമൊന്നും ആയിട്ടില്ല. അമ്മദിനമെന്നും വനിതാദിനമെന്നും സഹോദരദിനമെന്നും കലണ്ടറിലെ അക്കങ്ങളെ ബന്ധങ്ങളുടെ കള്ളികളിൽ തളയ്ക്കുന്ന ശ്രമത്തിൻ്റെ തുടർച്ചയാണ് ജൂൺ മാസത്തിലെ മൂന്നാം ഞായർ ‘പിതൃദിന’ മായത് എന്നും പറയാം. വൈകാരികമായ സന്തുലിതത്വം സൃഷ്ടിക്കലായും കരുതാം.
മൊട്ടുസൂചി തൊട്ടു മഹാമേരുവരെ എന്തിനെയും ചികയുകയും ഉൾപ്പൊരുളുകൾ വിശകലനം ചെയ്യുകയും ചെയ്യുന്ന ആർഷവിദ്യയാണ് ജ്യോതിഷം. സ്വാഭാവികമായും അതിൽ മനുഷ്യ ബന്ധങ്ങളുടെ പൊരുളുകളും ചർച്ചയ്ക്ക് വിധേയമാവുന്നു.
ജീവിതത്തിൻ്റെ സമസ്ത ഭാവങ്ങളും പുഷ്ടിപ്പെടുന്നതിനും നഷ്ടമാകുന്നതിനും കാര്യകാരണ ബന്ധമുണ്ടെന്ന് ജ്യോതിഷശില്പികളായ മഹർഷിമാർ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രഹങ്ങളും നക്ഷത്രങ്ങളും രാശികളും ഭാവങ്ങളും എല്ലാം അതുകണ്ടെത്താനുള്ള ടൂള്‍സ് അഥവാ ഉപകരണങ്ങൾ മാത്രം.
Also Read: മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
അവയെ, ജ്യോതിഷത്തിൻ്റെ കരുക്കളായ ആ ഗ്രഹനക്ഷത്ര രാശിഭാവാദികളെ, സധൈര്യം ഇവിടെ ഉപയോഗപ്പെടുത്തുന്നു. “പന്ത്രണ്ടുകൂറുകളിലായി വരുന്ന 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പിതാവ് എങ്ങനെയുള്ളയാളാവും ” എന്ന എളിയ അന്വേഷണം ഈ ലേഖനമായി രൂപപ്പെടുകയാണ്. പിതൃദിനത്തിൽ കൂടുതൽ സമുചിതമാവുന്ന ഒരു ജ്യോതിഷസമർപ്പണം.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
ജ്യോതിഷത്തിൽ അച്ഛൻ ഏതു ഗ്രഹമാണ് എന്ന ചോദ്യത്തിനുത്തരം സൂര്യൻ എന്നാണ്. ‘പിതൃകാരകൻ ആദിത്യൻ’ എന്നാണ് സൂക്തം. ഒപ്പം ജനിച്ച കൂറിൻ്റെ / ലഗ്നത്തിൻ്റെ ഒമ്പതാം ഭാവവും, ആ ഭാവത്തിൻ്റെ അധിപനായ ഗ്രഹവും പിതാവിൻ്റെ വ്യക്തിത്വത്തിലേക്ക് വിരൽചൂണ്ടുന്നു. മേടക്കൂറിൽ ജനിച്ചവരുടെ ഒമ്പതാം ഭാവം ധനുരാശിയും അതിൻ്റെ അധിപൻ വ്യാഴവുമാണ്. സൂര്യ-വ്യാഴ സമന്വയം മേടക്കൂറുകാരുടെ പിതൃഭാവത്തെ പ്രത്യക്ഷമാക്കുന്നു. സമൂഹം ആദരിക്കുന്ന വ്യക്തിയാവും മേടക്കൂറുകാരുടെ പിതാവ്. തലപ്പൊക്കം അധൃഷ്യത നൽകിയേക്കാം. ഇരുത്തമുള്ള പെരുമാറ്റമാവും. മൂല്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാവില്ല. ദേവഗുരുവാണ് വ്യാഴം എന്നതിനാൽ അധ്യാപകനായാലും ഇല്ലെങ്കിലും ‘ഗുരുത്വം’ സഹജമായിരിക്കും. അച്ചടക്കം, ചിട്ട, അനുസരണ, നേർമ്മ എന്നിവ ചൂരൽ എടുക്കാതെ തന്നെ ‘ചൂരൽപ്പഴമാക്കുന്ന’ പ്രകൃതം ഉണ്ടാവും. കാർക്കശ്യം എപ്പോഴും അദൃശ്യവലയമായിരിക്കും. ചെവി തന്നു മക്കളെ കേൾക്കും. മക്കളുടെ വളർച്ചയിൽ എപ്പോഴും അഭിമാനം നിറയ്ക്കും. പക്ഷേ മക്കളുടെ ഒപ്പം ‘തോളത്തു കൈയിട്ട് നടക്കാൻ’ തുനിഞ്ഞേക്കില്ല.
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
ഇടവക്കൂറുകാരുടെ ഒമ്പതാം ഭാവം മകരം രാശിയാണ്. അതിൻ്റെ അധിപൻ ശനിയും. ജ്യോതിഷത്തിൽ പിതാവിനെ സൂചിപ്പിക്കുന്ന ഗ്രഹം സൂര്യനുമാണ്. ശനി – സൂര്യ സമന്വയം ഇടവക്കൂറുകാരുടെ പിതാവിൽ കാണാം. എല്ലാം വൈകിച്ചെയ്യുന്ന ശീലം, ആലസ്യം, പെട്ടെന്ന് ഒരു കാര്യത്തിനും തീരുമാനമെടുക്കാതിരിക്കൽ എന്നിവ ഇടവക്കൂറുകാരുടെ പിതാവിൽ കണ്ടേക്കാം. സ്വന്തം കഴിവിനനുസരിച്ച് പദവിയോ സാമൂഹികമായ അംഗീകാരമോ കിട്ടിയിട്ടുണ്ടാവില്ല, അദ്ദേഹത്തിന്. ഏതെങ്കിലും തരത്തിൽ ന്യായരഹിതമായ അധിക്ഷേപങ്ങൾ കേട്ടുവളർന്ന ആളുമായേക്കാം. മക്കളോട് സ്നേഹവും അവരുടെ കർമ്മങ്ങളിൽ ഉത്ക്കണ്ഠയും ഉണ്ടാവും. പക്ഷേ പുറത്തുകാട്ടുന്ന ശീലം തീരെ കണ്ടേക്കില്ല. ചിലപ്പോൾ ചെറിയ തെറ്റിന് വലിയ ശിക്ഷ തന്നിട്ടുണ്ടാവും. പിന്നീട് ആ മുറിപ്പാടുകൾ തലോടിത്തന്ന് കയ്പിനെ മധുരമാക്കാനുള്ള സ്നേഹശീലങ്ങൾ അറിയുന്ന ആളുമാവണമെന്നില്ല.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
പിതൃഭാവമായ ഒമ്പതാമെടം കുംഭം രാശി. അതിൻ്റെ അധിപഗ്രഹം ശനി. കുംഭം ഒരു സ്ഥിരരാശിയാകുന്നു. ആകയാൽ മിഥുനക്കൂറിൽ ജനിച്ചവരുടെ പിതാവ് സ്ഥിരചിത്തനാവും. ആദർശവാനായിരിക്കും. അഭിപ്രായം മാറ്റില്ല. മിതഭാഷിയാവും. എന്നാൽ പ്രായോഗിക കാര്യങ്ങളിൽ ധാരണ വേണ്ടത്ര ഉണ്ടാവണമെന്നില്ല. കളിചിരിമട്ടൊന്നും മക്കളോട് കൈക്കൊള്ളില്ല. മകൻ്റെ/ മകളുടെ കാര്യങ്ങൾ അവർ സ്വയം നോക്കട്ടെയെന്നും അപ്പോഴാണ് കാര്യപ്രാപ്തിയുണ്ടാവുന്നത് എന്നും വിധിക്കും. കുറച്ചൊക്കെ കർക്കശക്കാരനാവും. കുറേ കഷ്ടപ്പാടുകൾ അനുഭവിച്ച ബാല്യ കൗമാരങ്ങളാവും അദ്ദേഹത്തിൻ്റേത്. പിശുക്കോളം ഉള്ള മിതവ്യയം മക്കളെ വിഷമിപ്പിക്കാം. അവധി ദിനങ്ങളിൽ അച്ഛൻ കൂടെക്കൂട്ടണമെന്നില്ല. അച്ഛനും മക്കളും തമ്മിലുള്ള അകലം മക്കൾ മുതിർന്നാലും മാറ്റമില്ലാതെ തുടരും.
കർക്കടകക്കൂറിന് (പുണർതം 4-ാം പാദം, പൂയം, ആയില്യം)
ഒമ്പതാം ഭാവം മീനം രാശിയാണ്. മീനം രാശി ഉഭയരാശിയാകയാൽ സമ്മിശ്രമായ ശീലങ്ങളും പ്രകൃതിയും ഉണ്ടാവും. കർക്കടകക്കൂറുകാരുടെ പിതാവിന് സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടാനാവും. ഭൗതികമായും ആത്മികമായും ഇഷ്ടങ്ങളുണ്ടാവും. പരസ്പര വിരുദ്ധമെന്ന് കരുതുന്ന കാര്യങ്ങളെ സമന്വയിപ്പിക്കുന്ന വ്യക്തിത്വത്തിൻ്റെ ഉടമകളാവും. ആഢംബര ജീവിതത്തെ ഒഴിവാക്കില്ല. വ്യാഴം ആണ് പിതൃസങ്കല്പത്തെ പൂർണ്ണമാക്കുന്ന ഗ്രഹം. തന്മൂലം സമൂഹത്തിൽ സ്വാധീനമുള്ള ആളായിരിക്കും. മക്കളോടൊപ്പം കുടുംബ ജീവിതത്തിൻ്റെ സൗഖ്യങ്ങൾ അനുഭവിക്കും. വിനോദയാത്രകൾ നടത്തുന്നതിന് കൗതുകമുണ്ടാവും. മക്കളുടെ കലാകായിക പരിശീലനത്തിന് മുൻകൈയെടുക്കും. അധികം കർക്കശകക്കാരനല്ലാത്ത, കൂട്ടുകാരനെപ്പോലെ പെരുമാറുന്ന പിതാവ്. ഈ നിർവ്വചനം ഇവിടെ, കർക്കടക്കൂറുകാരുടെ പിതാവിൻ്റെ കാര്യത്തിൽ ശരിയായിത്തീരും.
Also Read: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ഒമ്പതാമെടം മേടം രാശി. ചിങ്ങക്കൂറിൻ്റെ അധിപനായ ആദിത്യൻ്റെ ഉച്ചരാശിയാണ് മേടം രാശി. ആദിത്യൻ സർക്കാർ ജോലി/ അധികാരമുള്ള പദവികൾ പൊതുപ്രവർത്തനം എന്നിവയുമായി ബന്ധപ്പെടുന്നു. ചിങ്ങക്കൂറുകാരുടെ പിതാവിന് സമൂഹം ബഹുമാനിക്കുന്ന സ്ഥിരമായ തൊഴിലുണ്ടാവും. മേടം ചരരാശിയാവുകയാൽ ഔദ്യോഗികമായും അനൗദ്യോഗികമായും ധാരാളം യാത്രചെയ്യന്ന വ്യക്തികളാവും. പൊതുവേ ഭാഗ്യശാലികളുമായിരിക്കും. കുടുംബം, മക്കൾ എന്നിവരുമായി എപ്പോഴും ഹൃദയബന്ധം സൂക്ഷിക്കും. എന്നാൽ മേടം രാശിയുടെ അധിപൻ ചൊവ്വയാണ്. അതിനാൽ പിതാവ് കർക്കശക്കാരനാവാനും സാധ്യതയുണ്ട്. കണിശതയാവും അച്ഛൻ്റെ മുഖമുദ്ര. ചെറിയ തെറ്റുകൾക്ക് കുട്ടിക്കലാത്ത് വലിയ ശിക്ഷ തന്നതിൻ്റെ ഓർമ്മ ഇവരുടെ മക്കളിൽ എപ്പോഴും ഉണ്ടാവും. വീട്ടിനുള്ളിൽ ‘പട്ടാളച്ചിട്ട’ നടപ്പിലാക്കാൻ മടിക്കാത്ത ആളാവും അച്ഛൻ.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2)
കന്നിക്കൂറുകാരുടെ ഒമ്പതാമെടം ഇടവം രാശിയാണ്. ഇടവം രാശിക്ക് (Taurus) കാളയുടെ സ്വരൂപമാണ്. ഭാരം വലിക്കേണ്ട സ്ഥിതി, അതായത് കുട്ടിക്കാലം തൊട്ടുതന്നെ കന്നിക്കൂറുകാരുടെ പിതാവിന്, അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സ്ഥിതിയുണ്ടായിരിക്കാം. ഇടവം രാശി സ്ഥിരരാശിയാകയാൽ ദൗത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കും. സ്ഥിരപരിശ്രമത്താൽ ജീവിതത്തിൽ ഉയർന്നുവരും. മണ്ണറിഞ്ഞ്, മനുഷ്യരെയറിഞ്ഞ് വളർന്നവരായിരിക്കും. ഇടവം രാശിയുടെ അധിപൻ ശുക്രനാണ്. കലകളോട് സ്നേഹം ഉള്ളവരാവും. ചിലപ്പോൾ കല ഉപജീവനമായി സ്വീകരിച്ചവരാണെന്നും വരാനിടയുണ്ട്. പൊതുവേ സൗമ്യശീലം പുലർത്തും. കുട്ടികളോടു മനസ്സറിഞ്ഞ് പ്രവർത്തിക്കും. നല്ല ജീവിത സാഹചര്യങ്ങൾ മക്കൾക്ക് പകർന്നു കൊടുക്കാൻ ആഗ്രഹിക്കും. അതിൽ വിജയിക്കുകയും ചെയ്യും.
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
തുലാക്കൂറിൽ ജനിച്ചവരുടെ പിതൃരാശി മിഥുനം ആകുന്നു. പിതൃകാരകനായ സൂര്യൻ്റെ നീചക്ഷേത്രമാണ് തുലാം. സൂര്യൻ്റെ ശത്രുവായ ശുക്രൻ്റെ സ്വക്ഷേത്രം കൂടിയാണ് തുലാം എന്നതും പ്രസ്താവ്യമാണ്. ഇക്കാരണത്താൽ തുലാക്കൂറുകാർക്ക് പൊതുവേ പിതാവിൻ്റെ മുഴുവൻ സ്നേഹവാത്സല്യങ്ങളും കിട്ടാൻ സാധ്യത കുറവായിരിക്കും. ഒമ്പതാമെടമായ മിഥുനം ഉഭയരാശിയാണ്, പിതാവിൻ്റെ ശീലങ്ങൾ മക്കൾക്ക് എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞേക്കില്ല. രാശിയുടെ അധിപൻ ബുധനാണ്. ഗ്രഹങ്ങളിൽ ഏറ്റവും ബുദ്ധിമാനായ ഗ്രഹം ബുധനാണെന്ന് പറയാറുണ്ട്. കാര്യങ്ങൾ മുൻകൂട്ടി കാണും. തുലാക്കൂറിൽ ജനിച്ചവരുടെ പിതാവിന് വാക്സിദ്ധി വേണ്ടുവോളം ഉണ്ടാവും. മക്കളുടെ ഭാവി കാര്യങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങൾ നൽകും. കളിയും ചിരിയും തമാശയും കലർന്നിട്ടാവും മക്കളോട് പെരുമാറുക. “തന്നോളം വളർന്നാൽ താനെന്ന് വിളിക്കുന്നതിൽ” തുലാക്കൂറുകാരുടെ അച്ഛന് സങ്കോചമില്ല.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
കർക്കിടകം രാശിയാണ് ഒമ്പതാമെടമാവുന്നത്. കർക്കടകം ചരരാശിയാണ്. പിതാവിന് തൊഴിൽ യാത്രകൾ കൂടുതലാവും. വൃശ്ചികക്കൂറുകാരുടെ ബാല്യം ഏകാന്തമായിരിക്കാൻ അതും ഒരു കാരണമാവണം. വ്യാഴത്തിൻ്റെ ഉച്ചരാശിയാണ് കർക്കടകമെന്നതിനാൽ ആത്മീയമായ ഇഷ്ടങ്ങൾ കൂടുതൽ ഉള്ള ഒരാളുമാവണം പിതാവ്. കർക്കടകം രാശിയുടെ അധിപൻ ചന്ദ്രനാണ്. മാസത്തിൽ പകുതി ദിവസം വളർച്ചയും ശേഷിക്കുന്ന പകുതി ദിവസം തളർച്ചയും എന്ന സവിശേഷതയും പിതാവിൻ്റെ ജീവിതത്തിൽ കാണാനാവും. വൃശ്ചികക്കൂറിൻ്റെ അധിപനായ ചൊവ്വയുടെ നീചക്ഷേത്രമാണ് കർക്കടകം. മറിച്ച് കർക്കടകം രാശിയുടെ അധിപനായ ചന്ദ്രൻ്റെ നീചക്ഷേത്രവുമാണ് വൃശ്ചികം. ആകയാൽ പിതൃപുത്രബന്ധത്തിൽ എപ്പോഴും വിള്ളലുകളും സ്വൈരക്കേടുകളും വന്നുകൊണ്ടിരിക്കും. തകർത്തു പെയ്യുന്ന മഴപോലെയാണ് അച്ഛൻ്റെ സ്നേഹം. ചിലപ്പോൾ നിരാർദ്രമായ ഒരു വേനൽക്കാലം പോലെയുമാവും.
Also Read: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ചിങ്ങം രാശിയാണ് ഒമ്പതാമെടമാകുന്നത്. സിംഹം ആണ് ചിങ്ങം രാശിയുടെ സ്വരൂപം. സിംഹത്തിൻ്റെ തലയെടുപ്പും അധൃഷ്യതയും ധനുക്കൂറിൽ ജനിച്ചവരുടെ പിതാവിനുണ്ടാവും. ഏകാന്ത വ്യക്തിത്വമുള്ളവരാണ്. പരാശ്രയത്വം തീരെയുണ്ടാവില്ല. ഇവരുടെ മക്കളും സ്വതന്ത്രരാവണമെന്ന് ആഗ്രഹിക്കും. സൂര്യനാണ് ചിങ്ങം രാശിയുടെ അധിപൻ. ഉയർന്ന ജോലി, മിക്കവാറും സർക്കാർ – പൊതുമേഖലകളിലെ – ജോലി ഉണ്ടാവും. മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ ഇവർ ശ്രദ്ധിക്കും. പൊതുരംഗത്ത് അറിയപ്പെടും. നിലപാടുകളിൽ കാർക്കശ്യം ഉണ്ടായിരിക്കും. മക്കളോട് ശരി തെറ്റുകൾ ചൂണ്ടിക്കാട്ടും. മക്കൾ എത്ര മുതിർന്നാലും അവർ വലിയവരായി അവർക്കും മക്കളായി എന്നുചിന്തിക്കാതെ മക്കളെ ഉപദേശിച്ചു കൊണ്ടിരിക്കും. മൂല്യാധിഷ്ഠിതമായ ജീവിതത്തെക്കുറിച്ച് പഴങ്കഥകൾ ഉദാഹരിക്കും. സ്നേഹദ്വേഷം (love-hate) കലർന്ന ബന്ധമാവും മക്കൾക്ക് അച്ഛനോടുള്ളത്.
മകരക്കൂറിന് (ഉത്രാടം 2,3,4 , തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
കന്നിരാശിയാണ് മകരക്കൂറുകാരുടെ ഒമ്പതാമെടം. ചൂട്ടും നെൽക്കറ്റയുമേന്തി വള്ളത്തിൽ വരുന്ന കന്യകയാണ് ഈ രാശിയുടെ സ്വരൂപം. ബാല്യകൗമാരങ്ങളിൽ ഒരു പാട് ക്ലേശിച്ചിരിക്കാം മകരക്കൂറിൽ ജനിച്ചവരുടെ പിതാവ്. ബുധനാണ് രാശിയുടെ നാഥൻ. ഒരു പണ്ഡിതനാവും ഇവരുടെ അച്ഛൻ. ഗണിതം, ജ്യോതിഷം, ബിസിനസ്സ്, സാഹിത്യം, എഞ്ചിനിയറിംഗ്, അനുകരണ കല തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടാവും. പഠിപ്പും അറിവും അതിനൊപ്പം പ്രായോഗികമായ വിജ്ഞാനവും ഉണ്ടാവും. മക്കളോട് സമന്മാരോടെന്നോണം കളിയും ചിരിയും നിറഞ്ഞ പെരുമാറ്റമാവും കൈക്കൊള്ളുക. കാലത്തിനൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാവും. ചുറ്റുപാടുകളിലെ ജീവിത സത്യങ്ങൾ മനസ്സിലാക്കും. അയാൾ ദന്തഗോപുരവാസി യാവില്ല. ജീവിതത്തിൻ്റെ പകൽയാഥാർത്ഥ്യങ്ങളും പരുക്കൻ ഭാവങ്ങളും മക്കളിൽ നിന്നും മറയ്ക്കാത്ത പിതാവെന്ന വിശേഷണം അയാൾക്ക് സംഗതമാവും.
കുംഭക്കൂറിന് (അവിട്ടം 1,2 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
തുലാം രാശിയാണ് കുംഭക്കൂറിന് ഒമ്പതാമെടമാവുന്നത്. അങ്ങാടിയിൽ, കൈകളിൽ ത്രാസ്സുമായിരുന്ന് കച്ചവടം നടത്തുന്ന ഒരു പുരുഷൻ്റെ സ്വരൂപമാണ് തുലാംരാശിക്ക്. അതിൽ നിന്നും കച്ചവടവുമായി-വ്യാപാര വ്യവസായങ്ങളുമായി- കുംഭക്കൂറുകാരുടെ പിതാവിനുള്ള ബന്ധം വ്യക്തമാവുന്നു. കൂടാതെ ത്രാസ്സ്, സന്തുലനത്തെ കാണിക്കുന്ന ചിഹ്നമാണല്ലോ. അപ്പോൾ മാനസികമായി വളരെ പക്വതയുള്ളവരാവും ഇവരുടെ പിതാവെന്നും വ്യക്തമാവുന്നു. തുലാം രാശിയുടെ അധിപൻ കലയുടെ കാരകഗ്രഹമായ ശുക്രൻ ആകുന്നു. അതിനാൽ കച്ചവടത്തിലെന്ന പോലെ പലതരം കലകളിലും ഇവരുടെ പിതാവിന് ബന്ധം ഉണ്ടാവും. ആദ്ധ്യാത്മികവും ഭൗതികവുമായ വിഷയങ്ങളെ സമന്വയിപ്പിക്കും. മക്കളുടെ വളർച്ചക്ക്, കലാപഠനത്തിന് വേണ്ട ഒത്താശ ചെയ്യും. മക്കളും അച്ഛനും തമ്മിൽ എന്തുകാര്യങ്ങളും തുറന്നുപറയും വിധം ഒരു സൗഹൃദാന്തരീക്ഷം വീട്ടിൽ എപ്പോഴുമുണ്ടാവും.
മീനക്കൂറിന് (പൂരൂരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി)
ഒമ്പതാം ഭാവമായി വരുന്നത് വൃശ്ചികം രാശിയാണ്. വൃശ്ചികം രാശി സ്ഥിരരാശിയെന്ന് അറിയപ്പെടുന്നു. മീനക്കൂറുകാരുടെ പിതാവ് സ്ഥിരശീലങ്ങളുടെ ഉടമയാവും. ഒന്നിനോടും പെട്ടെന്ന് ഇണങ്ങുന്ന ആളായിരിക്കില്ല. ചൊവ്വയാണ് വൃശ്ചികം രാശിയുടെ അധിപൻ. അതിനാൽ അച്ചടക്കം എന്ന വാക്കിന് ഒരുപാട് പ്രാധാന്യം ഇവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കും. ആരോടായാലും മുഖത്തുനോക്കിപ്പറയും. ഈ സ്വഭാവഘടന കുട്ടിക്കാലത്ത് മക്കളിൽ അച്ഛനെക്കുറിച്ച് അധൃഷ്യതയും ഭയവും നിറയ്ക്കാം. “ഇന്നു രൊക്കം നാളെ കടം” എന്ന പഴമൊഴിയിൽ തെളിയുന്ന ജീവിതശൈലി മക്കളിൽ പോസിറ്റീവ് ആയ ഗുണം സൃഷ്ടിച്ചെങ്കിൽ നന്ന്. മക്കളെ അവരറിയാതെ പിതാവ് നിരീക്ഷിക്കും. ഉത്തരം കാര്യകാരണ സഹിതം ബോധിപ്പിക്കാൻ കുട്ടികൾ നിർബന്ധിതരാവും. വലുതായാലും ഈ സ്ഥിതിക്ക് മാറ്റമൊന്നും വരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
Read More: ശുക്രൻ മേടം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ