Iran-Israel Conflict: ടെഹ്‌റാൻ: ഇസ്രായേൽ-ഇറാൻ സംഘർഷം അതിരൂക്ഷമാകുന്നു. ഇറാൻ നിരുപാധികം കീഴടങ്ങണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാം. അദ്ദേഹത്തെ വധിക്കുക എളുപ്പമാണ്. പക്ഷേ, ഇപ്പോൾ അത് ചെയ്യില്ലെന്നും ട്രംപ് വ്യക്തമാക്കി.
സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിൽ ഇറാനിൽനിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. പതിനായിരത്തിലധികം ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി ഇന്ത്യക്കാരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്. ഇവരിൽ വിദ്യാർത്ഥികളെയാണ് ആദ്യം ഇന്ത്യയിലേക്ക് എത്തിക്കുക. എല്ലാ ഇന്ത്യക്കാരും പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി ഇന്നലെ നിർദേശം നൽകിയിരുന്നു.
Also Read: ഖമേനിയ്ക്ക് സദ്ദാം ഹുസൈന്റെ് വിധിയുണ്ടാകും; ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ
ഇന്ത്യക്കാർ എല്ലാവരും തലസ്ഥാന നഗരത്തിന് പുറത്ത് സുരക്ഷിത സ്ഥലങ്ങളിലേക്ക് ഉടൻ മാറണമെന്നായിരുന്നു നിർദേശം. ടെഹ്‌റാനിലെ ഇന്ത്യക്കാർ ഉടൻ തന്നെ എംബസിയുമായി ബന്ധപ്പെടണമെന്നും അവരുടെ സ്ഥലവും ബന്ധപ്പെടാനുള്ള നമ്പറുകളും നൽകണമെന്നും നിർദേശം നൽകിയിരുന്നു. +989010144557, +989128109115, +989128109109 ഇവയാണ് ടെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ അടിയന്തര ഹെൽപ് ലൈൻ നമ്പരുകൾ.
Also Read: ഇറാനുമായി വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്
ഇന്നലെയും ഇരുരാജ്യങ്ങളിലും കനത്ത മിസൈൽ ആക്രമണം നടന്നു. ടെൽ അവീവിലെ ഒരു പ്രധാന ഇന്റലിജൻസ് കേന്ദ്രം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. സാധാരണ പൗരന്മാരെയും, സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ ഉണ്ടായതായി ഇസ്രായേൽ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 220 ആയി ഉയർന്നതായി ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരിൽ 70 സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഇസ്രായേലിൽ 20 ലധികം പേർ കൊല്ലപ്പെട്ടു.