ഇപ്പോൾ, ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്ന വീഡിയോകൾ കാണുമ്പോൾ മനസ്സിൽ ആദ്യം വരുന്ന ചോദ്യം, ‘ഇത് എഐ ആണോ?’ എന്നാണ്. കാരണം, യാഥാർത്ഥ്യത്തെ വെല്ലുന്ന മികവോടെയാണ് ഇന്ന് എഐ വീഡിയോകൾ സൃഷ്ടിക്കപ്പെടുന്നത്. ഹോളിവുഡ് സിനിമകളിൽ മാത്രം കാണാറുള്ള ഭീകര ജീവികൾ കേരളത്തിലൂടെ വിലസി നടക്കുന്നത് പല വീഡിയോകളിലായി നമ്മൾ കണ്ടുകഴിഞ്ഞു.
മലയാളി വീട്ടമ്മമാർ ഒമനിച്ചു വളർത്തുന്ന ഡ്രാഗണുകൾ മുതൽ ഉത്സവത്തിനെഴുന്നള്ളിക്കുന്ന കൂറ്റൻ ദിനോസറുകൾ വരെ അക്കൂട്ടത്തിലുണ്ട്. “അടുപ്പ് കത്തിക്കാൻ ഇനി ഡ്രാഗൺ കുഞ്ഞ്” എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത ഇത്തരമൊരു ഒരു എഐ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
Also Read: “ഒരു കിലോ പഴം മതി, അവൻ വൈകുന്നേരം വരെ നിന്നോളും;” വനം വകുപ്പ് കാണേണ്ടന്ന് കമന്റ്
വ്ലോഗ് രൂപത്തിൽ തയ്യാറാക്കിയ വീഡിയോയിൽ, കേരളത്തിലെ ഒരു ഫാമിൽ വിരഞ്ഞ ഡ്രാഗൺ കുഞ്ഞിനെയാണ് കാണിക്കുന്നത്. ദാസൻ ചേട്ടന്റെ ഫാമിൽ ഇന്നു വിരഞ്ഞ ഡ്രാഗൺ കുഞ്ഞാണ് ഇതെന്നു പറഞ്ഞ്, യുവാവ് ഡ്രാഗണെ കൈയ്യിലെടുത്ത് കാണികളെ പരിചയപ്പെടുത്തുന്ന രീതിയിലാണ് വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്.
Also Read: “കുട്ടപ്പാ… അമ്മേടെ മൂത്തേ ഓടിവാ…” എന്താ സ്നേഹം ഈ കുഞ്ഞുങ്ങൾക്ക്; വീഡിയോ
തെങ്ങും വാഴയും മനോഹരമായ പാടശേഖരവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതി കൃത്യമായി തന്നെ വീഡിയോയിൽ കൊണ്ടുവരാനായി. ഒറ്റ നോട്ടത്തിൽ ആരും ഒന്ന് അമ്പരന്നു പോകുന്നതാണ് വീഡിയോ. “ഇതു ശരിക്കും മുട്ട വെച്ച് വിരിയിച്ചത് ആണോ. അപ്പോൾ അട ഇരുന്നത് ആരാ… ഇതു എവിടെ ആണ് ഫാം,” എന്നാണ് പോസ്റ്റിൽ ഒരു ഉപയോക്താവ് കമന്റു ചെയ്തത്. ഇതിനു പുറമേ രസകരമായ മറ്റു നിരവധി കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്. “Sreerag Rajeevan” എന്ന അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്.