തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജൂൺ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 825.71 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരുന്നത്. ഈ തുക ബാങ്കുകൾക്കും കൈമാറുകയും ബാങ്ക് അക്കൗണ്ടുവഴി പെൻഷൻ ലഭിക്കുന്ന ബഹുഭൂരിപക്ഷം ആളുകൾക്കും ശനിയാഴ്ച തന്നെ പെൻഷൻ ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. ബാക്കിയുള്ളവർക്ക് വരും ദിവസങ്ങളിൽ പെൻഷൻ ലഭിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂണിലെ ക്ഷേമപെൻഷൻ നൽകിയില്ല എന്ന കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബാലഗോപാൽ പറഞ്ഞു. വസ്‌തുത അന്വേഷിക്കാതെയും മനസിലാക്കാതെയുമാണ് അദ്ദേഹം പ്രസ്‌താവന നടത്തിയിട്ടുള്ളതെന്നും ഇത് തള്ളിക്കളയണമെന്നും ധനമന്ത്രി അഭ്യർത്ഥിച്ചു. പെൻഷൻ വിതരണം ചെയ്യുന്നതിന്റെ നടപടിക്രമങ്ങളെ കുറിച്ചും സാങ്കേതികത്വത്തെ കുറിച്ചും മനസ്സിലാക്കാതെയാണ് കെപിസിസി അധ്യക്ഷൻ പ്രസ്താവന നടത്തിയിട്ടുള്ളത്.
Also Read: New Born Baby Death: പത്തനംതിട്ടയിൽ നവജാതശിശു മരിച്ച സംഭവം; അമ്മയെ തെളിവെടുപ്പിനെത്തിച്ചു
സംസ്ഥാനത്ത് ഏതാണ്ട് 62 ലക്ഷത്തോളം പേർക്കാണ് ക്ഷേമ പെൻഷൻ വിതരണം ചെയ്യേണ്ടത്. ദിവസങ്ങൾ എടുത്താണ് ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. എല്ലാ മാസവും ഒന്നു മുതൽ 15 ഗുണഭോക്താക്കൾക്ക് മസ്‌റ്ററിങ് ചെയ്യാനുള്ള അവസരവുമുണ്ട്. ഇങ്ങനെ മസ്‌റ്റർ ചെയ്യുന്നവരെ ആളുകളെ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് 15നുശേഷം അതാത് മാസത്തെ ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നത്. തുടർന്ന് പഞ്ചായത്ത് ഡയറക്ടർ നൽകുന്ന പട്ടികയിലെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തുക അനുവദിച്ച് ഉത്തരവിറക്കുകയും അത് കൈമാറുകയും ചെയ്യും.
പകുതിയോളം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ തുക അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തന്നെ ക്രെഡിറ്റ് ചെയ്യും. വീട്ടിൽ പെൻഷൻ എത്തിക്കുന്നവർക്കുള്ള തുക ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർക്കാണ് കൈമാറുക. അവർ ഏതു സഹകരണ സ്ഥാപനം വഴിയാണോ പെൻഷൻ കൊടുക്കുന്നത് ആ സഹകരണ ബാങ്കിന് ഈ തുക കൈമാറും. തുടർന്ന് സഹകരണ ബാങ്ക് സെക്രട്ടറി ഓരോ വാർഡിലും പെൻഷൻ വിതരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് ലിസ്റ്റും പണവും കൈമാറും. ഈ വ്യക്തി തുക വിതരണം ചെയ്ത ശേഷം റിപ്പോർട്ട് ചെയ്യും.
ക്ഷേമ നിധി ബോർഡുകൾക്കുള്ള പണം ബന്ധപ്പെട്ട ബോർഡിനാണ് കൈമാറുന്നത്. അതാത് ബോർഡ് തന്നെയാണ് തുക വിതരണം ചെയ്യുക. ഇത്രയധികം നടപടിക്രമങ്ങളുള്ളപ്പോൾ എല്ലാവർക്കും ഒറ്റ ദിവസത്തിൽ പെൻഷൻ വിതരണം ചെയ്യാൻ കഴിയില്ല. എല്ലാ മാസവും ഈ നടപടിക്രമങ്ങളിലൂടെയാണ് പെൻഷൻ വിതരണമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.