Axiom-4 Mission: ന്യൂയോർക്ക്:ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ല അടങ്ങുന്ന സംഘം ഇന്ന് ബഹിരാകാശത്തേക്ക് പോകുമെന്ന് നാസ. നേരത്തെ വിവിധ കാരണങ്ങളാൽ പല തവണ മാറ്റിവച്ച ആക്‌സിയം -4 ദൗത്യമാണ് ബുധനാഴ്ച നടക്കുന്നത്. നേരത്തെ ജൂൺ 22 ന് ഇന്ത്യയുടെ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും മറ്റ് മൂന്ന പേരുമടങ്ങുന്ന സംഘം ബഹിരാകാശത്തേക്ക് യാത്ര തിരിക്കുമെന്നാണ് നാസ അറിയിച്ചത്.
Also Read:റോക്കറ്റിന് സാങ്കേതിക തകരാർ; ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റി
പിന്നീട്, വിക്ഷേപണ തീയതി മാറ്റുകയാണെന്നും പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നാസ വ്യക്തമാക്കി. ഇതിനുമുൻപ് ദൗത്യം ജൂൺ 19 ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥയും രാജ്യാന്തര നിലയത്തിലെ സാങ്കേതിക പ്രശ്‌നങ്ങളും കാരണം വിക്ഷേപണ തീയതി മാറ്റുകയായിരുന്നു.
Also Read:ചരിത്രം കുറിക്കാൻ ആക്‌സിയം 4 മിഷൻ; കേരളത്തിനും അഭിമാനിക്കാനേറെ
ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്നാണ് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകം യാത്ര തിരിക്കുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് വിക്ഷേപണം. ഇന്ത്യയിൽ നിന്നുള്ള ശുഭാംശു ശുക്ല, നാസയുടെ മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്സിയം -4ലെ അംഗങ്ങൾ. ഈ സംഘം 14 ദിവസം പരീക്ഷണനിരീക്ഷണങ്ങളുമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐഎസ്എസ്) കഴിയും.
നാസ, ഇസ്രോ, യൂറോപ്യൻ സ്‌പേസ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്‌സിയം 4. അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസാണ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഐഎസ്ആർഒയും ആക്സിയവും നാസയും സ്പേസ് എക്സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര.
Also Read: ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക്, ആക്സിയം -4 ദൗത്യം ജൂൺ 25 ന് നടക്കുമെന്ന് നാസ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യൻ പൗരനാണ് ശുഭാംശു. 41 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുന്നത്. ദൗത്യം വിജയിച്ചാൽ ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ, ബഹിരാകാശ നിലയം തൊടുന്ന ആദ്യ ഇന്ത്യക്കാരൻ എന്നീ ബഹുമതികളാണ് ശുഭാംശു ശുക്ലയെ കാത്തിരിക്കുന്നത്.
ആക്സിയം 4 ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 14 ദിവസം ചിലവഴിക്കും. 31 രാജ്യങ്ങളിൽ നിന്നായി 60 ശാസ്ത്ര പരീക്ഷണങ്ങൾ ആക്സിയം 4 ദൗത്യത്തിൻറെ ഭാഗമാണ്.പ്രമേഹമുള്ളവർക്ക് ബഹിരാകാശ യാത്ര സാധ്യമാക്കാൻ യുഎഇയിലെ ബുർജീൽ ഹോൾഡിംഗ്സുമായി ചേർന്ന് നടത്തുന്ന സ്വീട്ട് റൈഡ് എന്ന പരീക്ഷണമാണ് ഇതിലൊന്ന്.
മൈക്രോഗ്രാവിറ്റിയിലെ ഇലക്ട്രോണിക് ഡിസ്പ്ലേ ഉപയോഗത്തെക്കുറിച്ച് ഐഐഎസ്സിയുടെ പഠനം, ചില സപ്ലിമെൻറുകളുപയോഗിച്ച് മനുഷ്യൻറെ എല്ലുകൾക്കും പേശികൾക്കും ബഹിരാകാശത്തുണ്ടാകുന്ന മാറ്റങ്ങളെ സ്വാധീനിക്കാനാകുമോയെന്ന് ബെംഗളൂരുവിലെ ഇൻറസ്റ്റെം പഠിക്കുന്നതും ആക്സിയം 4-ലെ പ്രധാന പഠനങ്ങളാണ്.