ആദിത്യൻ ജൂലൈ 16 ന് വൈകിട്ട് വരെ മിഥുനം രാശിയിലും തുടർന്ന് കർക്കടകം രാശിയിലും സഞ്ചരിക്കുന്നു. തിരുവാതിര, പുണർതം, പൂയം എന്നീ ഞാറ്റുവേലകൾ ജൂലൈ മാസത്തിൽ ഭവിക്കുന്നുണ്ട്. ജൂലൈ 10 ന് വെളുത്തവാവും, 24 ന് കറുത്തവാവും വരുന്നു. ചാന്ദ്രമാസങ്ങളിൽ ആഷാഢവും ശ്രാവണവും ജൂലൈയിൽ ഭാഗികമായി സംഭവിക്കുന്നുണ്ട്. വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിലാണ്. ജൂലൈ 7-ാം തീയതി വരെ വ്യാഴത്തിൻ്റെ വാർഷിക മൗഢ്യം തുടരും. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു.
ചൊവ്വ ജൂലൈ 27 വരെ ചിങ്ങം രാശിയിലും തുടർന്ന് കന്നി രാശിയിലും സഞ്ചരിക്കും. ബുധൻ കർക്കടകം രാശിയിലാണ്, ജൂലൈമാസം മുഴുവൻ. 24 മുതൽ ബുധന് മൗഢ്യം ഉണ്ട്. ഇടയ്ക്ക് വക്രഗതിയും വരും. ശുക്രൻ ജൂലൈ 26 വരെ ഇടവം രാശിയിലും തുടർന്ന് മിഥുനം രാശിയിലും സഞ്ചരിക്കുന്നതാണ്. രാഹു കുംഭം രാശിയിൽ പൂരുരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ ഉത്രം നക്ഷത്രത്തിലുമാണ്.
Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
ജൂലൈ 23 ന് രാഹു പൂരൂരുട്ടാതിയുടെ രണ്ടാം പാദത്തിലും കേതു പൂരം നാലാംപാദത്തിലും പ്രവേശിക്കും. ഈ ഗ്രഹസ്ഥതിയെ മുൻനിർത്തി, മകം മുതൽ തൃക്കേട്ട വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ജൂലൈ മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.
മകം
ജീവിതം വികസനത്തിൻ്റെ പാതയിൽ തന്നെയാവും. തടസ്സങ്ങളെ നിസ്സാരമാക്കിക്കൊണ്ട് മുന്നോട്ടു പോകാനുള്ള കരുത്ത് കാട്ടും. വിദേശത്ത് പഠനം/ തൊഴിൽ സംബന്ധിച്ചവക്കായി യാത്രകൾ ആഗ്രഹിക്കുന്നവർക്ക് അവസരം കൈവരും. നവസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുമതി രേഖ ലഭിക്കുന്നതായിരിക്കും. ജന്മരാശിയിലെ പാപഗ്രഹസഞ്ചാരം അനാരോഗ്യത്തിന് കാരണമാകാം. ജീവിതശൈലീരോഗങ്ങൾ ഉള്ളവർ കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തേണ്ടതുണ്ട്. അനാവശ്യമായ ഉൽക്കണ്ഠകൾ ഒഴിവാക്കുകയും വേണം. പതിനൊന്നാമെടത്തി ലെ വ്യാഴം സാമ്പത്തിക ക്ലേശങ്ങൾ നീക്കും. വരുമാന സ്രോതസ്സുകൾ അഭംഗുരമാവും. പ്രധാനപ്പെട്ട തീരുമാനങ്ങൾക്ക് കുടുംബത്തിൻ്റെ പിന്തുണ നേടാൻ തയ്യാറാവണം.
പൂരം
സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിൽ പൊരുത്തപ്പെടാൻ ക്ലേശിക്കും. തൊഴിൽ തേടുന്നവർക്ക് അവസരങ്ങൾ കൈവരും. നിലവിലെ തൊഴിലിൽ തത്കാലം പിടിച്ചു നിൽക്കാൻ കഴിയുന്ന സാഹചര്യങ്ങൾ ഉദയം ചെയ്യുന്നതാണ്. ധനപരമായി അനുഭവപ്പെടുന്ന ശോച്യതകൾക്ക് പരിഹാരമുണ്ടാവും. സ്വന്തം സ്ഥാപനത്തിന് പുതിയ മുഖം നൽകും. വ്യാപാരത്തിൽ സാമാന്യമായ പുരോഗതി പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പരമായി ഉയർച്ചയുണ്ടാവും. പൂരം നക്ഷത്രത്തിലെ പാപഗ്രഹയോഗം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. വൈദ്യസഹായം ഒഴിവാക്കരുത്. മാനസിക പിരിമുറുക്കം നിദ്രാഭംഗം വരുത്താം. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബന്ധു/ സുഹൃൽ സഹായം തേടേണ്ട സ്ഥിതി വന്നേക്കും. ആത്മസംയമനം, സഹിഷ്ണുത എന്നിവ കൈവിടരുത്. പ്രാർത്ഥനകൾക്ക് സമയം കണ്ടെത്തണം.
Also Read: ‘അച്ഛനെയാണെനിക്കിഷ്ടം…’ അച്ഛനും മക്കളും ജ്യോതിഷവും
ഉത്രം
ആദിത്യൻ്റെ ആനുകൂല്യം തൊഴിലിടത്തിൽ ഗുണകരമായി പ്രതിഫലിക്കും. മേലധികാരികളുടെ ‘നല്ലപുസ്തകത്തിൽ’ ഇടം പിടിക്കുവാനാവും. മുൻപ് ജോലിചെയ്തതിന് കിട്ടേണ്ടതായ ന്യായമായ അവകാശങ്ങൾ ഇപ്പോൾ കിട്ടാം. സാങ്കേതിക വിഷയങ്ങൾ പഠിക്കുന്നതിന് സന്ദർഭം സംജാതമാകും. ചിങ്ങക്കൂറുകാർക്ക് പാപഗ്രഹയോഗം മാനസിക പിരിമുറുക്കം സൃഷ്ടിക്കാം. ഇടക്കിടെ സന്ദിഗ്ദ്ധതയും ചിത്തചാഞ്ചല്യവും അനുഭവപ്പെടും. കന്നിക്കൂറുകാർക്ക് വ്യയം അധികരിക്കുന്ന കാലമായിരിക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണ കരുത്താകും. ഒഴിവാക്കാമായിരുന്ന ചില ചെലവുകൾ ഏർപ്പെടും. വ്യവഹാരങ്ങളിൽ ഈ മാസം തീർപ്പ് പ്രതീക്ഷിക്കേണ്ടതില്ല. തീർത്ഥാടനം, ദൈവിക സമർപ്പണം ഇവയ്ക്ക് അവസരം സംജാതമാകും.
അത്തം
ആദിത്യൻ പത്തിലും പതിനൊന്നിലും, ബുധൻ പതിനൊന്നിലും, ശുക്രൻ ഒമ്പതിലും സഞ്ചരിക്കുകയാൽ തൊഴിൽ രംഗത്ത് സുവർണ്ണകാലമാണ്. തൊഴിലിടത്തിൽ സ്വീകാര്യതയുണ്ടാവും. അധികാരികളുടെയും സഹപ്രവർത്തകരുടെയും പിന്തുണയോടെ മികവുകൾ പുറത്തെടുക്കും. പ്രതീക്ഷിച്ച ലാഭം കച്ചവടത്തിലൂടെ കരഗതമാവുന്നതാണ്. ചില ഭാഗ്യാനുഭവങ്ങൾ വന്നെത്തും. പ്രിയജനങ്ങളുടെ പിന്തുണ കരുത്താകും. മാതാപിതാക്കൾക്ക് സ്വസ്ഥതയുണ്ടാവും. പന്ത്രണ്ടിലെ പാപഗ്രഹങ്ങൾ ചിലപ്പോൾ ക്രമാധികമായ ചെലവുകളേർപ്പെടും. അക്കാര്യത്തിൽ ജാഗ്രത വേണ്ടതുണ്ട്. വിദ്യാഭ്യാസത്തിൽ അസൂയാവഹമായ നേട്ടം കൈവരിക്കുന്നതാണ്. രാഹുവിൻ്റെ സ്ഥിതി ശത്രുവിജയം നേടിത്തരും. കണ്ടകശനി ദാമ്പത്യസൗഖ്യത്തിന് വിട്ടുവീഴ്ചകൾ കൂടിയേതീരൂ എന്ന് വ്യക്തമാക്കുന്നു.
Also Read: മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ചിത്തിര
അശ്രാന്തപരിശ്രമം കൊണ്ടേ കുറച്ചെങ്കിലും നേട്ടങ്ങൾ കൈവരിക്കാനാവൂ! മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ദൂരദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നാട്ടിനടുത്തേക്ക് ജോലിമാറ്റം ലഭിക്കാം. ഭൂമിയിൽ നിന്നും സാമാന്യം വരുമാനമുണ്ടാവും. ഊഹക്കച്ചവടത്തിൽ കരുതൽ വേണം. ഓൺലൈൻ ബിസിനസ്സ് വിപുലമാവാൻ സാധ്യതയുണ്ട്. ജീവകാരുണ്യത്തിന് നേരം കണ്ടെത്തും. പുതിയ എന്തെങ്കിലും പഠിക്കാനോ സാങ്കേതിക വൈദഗ്ധ്യം നേടാനോ ശ്രമം നടത്തിയേക്കും. ജീവിതപങ്കാളിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് കൂടുതൽ ചികിൽസ ആവശ്യമായി വന്നേക്കാം. വളർത്തുമൃഗങ്ങളുടെ പരിപാലനത്തിൽ ക്ലേശം അനുഭവപ്പെടാം. വിദേശത്തു നിന്നും ശുഭവാർത്ത, പാരിതോഷികം, ധനം ഇവ വന്നു ചേരാം.
ചോതി
പുതിയ ജോലി തേടുന്നവർ നിരാശപ്പെടില്ല. കിട്ടാനുള്ള കടങ്ങൾ കുറശ്ശെ കിട്ടാം. തൊഴിലിൽ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാം. പുതിയ ആടയാഭരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഇവ വാങ്ങും. സാമ്പത്തിക കാര്യത്തിൽ അച്ചടക്കം നല്ലതാണ്. അന്യനാട്ടിലെ ഭാഗ്യപരീക്ഷണങ്ങൾ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസരം തെളിയും. എതിർക്കുന്നവർ സ്വയം പിൻവലിയുന്നതാണ്. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കുവാനാവും. സന്താനങ്ങളുടെ ഉന്നമനം സന്തോഷമേകും. കരാർ പണികൾ തുടരപ്പെടും. ബഹുകാര്യങ്ങളിൽ ശ്രദ്ധ വ്യാപിപ്പിക്കും. ബന്ധുകലഹങ്ങളിലെ മാധ്യസ്ഥം പ്രശംസിക്കപ്പെടും. ഭാഗ്യസ്ഥാനത്ത് വ്യാഴം സഞ്ചരിക്കുകയാൽ നറുക്കെടുപ്പ്, ചിട്ടി,ഇൻഷ്വറൻസ് തുടങ്ങിയവയിലൂടെ ധനാഗമം ഉണ്ടാവാം.
വിശാഖം
സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ അതൃപ്തിയുണ്ടാവും. പക്ഷേ ജോലി ഉപേക്ഷിച്ചാൽ ഇപ്പോൾ മറ്റൊരു ജോലി കിട്ടണമെന്നില്ല. ആകയാൽ തിടുക്കത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളരുത്. സഹപ്രവർത്തകരുടെ തർക്കത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയാവും കരണീയം. മകളുടെ ജോലിസ്ഥലത്ത് ഒപ്പം താമസിക്കാൻ പോകേണ്ടി വന്നേക്കാം. തുലാക്കൂറുകാർക്ക് വിൽക്കാതെ കിടക്കുന്ന ഭൂമി വിൽക്കാനായേക്കും. കമ്മീഷൻ വ്യാപാരത്തിലൂടെ ധാരാളം വരുമാനമുണ്ടാവും. സഹോദരരിൽ നിന്നും പ്രതീക്ഷിച്ചതിലധികം സഹായം / സഹകരണം കിട്ടുന്നതാണ്. ചില ഭാഗ്യപരീക്ഷണങ്ങൾ വിജയം കണ്ടേക്കും. പ്രണയികൾക്ക് ആഹ്ളാദ സാഹചര്യങ്ങൾ ലഭിക്കും. ഭൗതികമായ ചുറ്റുപാടുകൾ മെച്ചപ്പെടുന്നതാണ്.
അനിഴം
ഉദ്യോഗത്തിൽ സുഖവും സുഗമതയും ശരാശരിയായിരിക്കും. മേലധികാരിയുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ നല്ലോണം ക്ലേശിക്കുന്നതാണ്. സാഹസങ്ങൾക്ക് മുന്നിട്ടിറങ്ങാൻ തോന്നിയേക്കും.
പക്ഷേ അവയുടെ പരിണതഫലം നന്നായിരിക്കില്ല. പ്രണയികൾക്ക് ഹൃദയബന്ധം ദൃഢമാകുന്നതാണ്. കുടുംബത്തിൻ്റെ പൂർണ്ണമായ പിന്തുണ കിട്ടും. ബിസിനസ്സുകാർ
സാമ്പത്തികമായി മെച്ചപ്പെടാം. സർക്കാർ ഇടപെടലുകൾ മനോവീര്യം തകർക്കാം. പൂർത്തിയാക്കാത്ത വിദ്യാഭ്യാസം പൂർത്തിയാക്കാൻ ശ്രമം തുടരും. പിതാവിൻ്റെ ആരോഗ്യനിലയിൽ മെച്ചം പ്രതീക്ഷിക്കാം.
വീടുവാങ്ങാനുള്ള അഭിലാഷത്തിന് ചെറിയ പുരോഗതി വന്നുചേരുന്നതാണ്. വ്യായമത്തിനും കൃത്യമായ ദിനചര്യക്കും മടിയോ സമയക്കുറവോ അനുഭവപ്പെടും.
തൃക്കേട്ട
ഉദ്യോഗം തേടുന്നവർക്ക് വരുമാനമാർഗം തുറന്നുകിട്ടാം. പക്ഷേ പുതിയ / നിലവിലെ ജോലിയുമായി പൊരുത്തപ്പെടുന്നതിന് ക്ലേശിക്കുന്നതാണ്. ഭാവനാശാലികൾക്ക് സർഗ്ഗകർമ്മങ്ങളിൽ ശോഭിക്കാൻ കഴിയും. പുതിയ വ്യാപാരസ്ഥാപനം തുടങ്ങുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നതാണ്. ഓൺലൈനായി നടത്തുന്ന ക്ളാസ്സുകൾ, വ്യാപാരം ഇവയിൽ പുഷ്ടിവരാൻ സാധ്യതയുണ്ട്.
രോഗക്ലേശിതർക്ക് അത്ര ആശ്വാസകാലമല്ല. ചികിൽസാമാറ്റം കരണീയം. വിദൂരവിദ്യാഭ്യാസത്തിന് ചേരുന്നതാണ്. അനാവശ്യമായ ഉൽക്കണ്ഠകൾ ആരോഗ്യത്തെ ബാധിച്ചേക്കാം. വൈകാരിക പ്രതികരണങ്ങൾ ശത്രുക്കളെ സൃഷ്ടിക്കാനിടയുണ്ട്.
ഗൃഹനിർമ്മാണത്തിന് വായ്പ ലഭിക്കുന്നതാണ്.
മകൻ്റെ ഭാവിസംബന്ധിച്ച ശുഭവാർത്ത ശ്രവിക്കും.