ജൂലൈ മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ

Spread the love


ആദിത്യൻ ജൂലൈ 16 ന് വൈകിട്ട് വരെ മിഥുനം രാശിയിലും തുടർന്ന് കർക്കടകം രാശിയിലും സഞ്ചരിക്കുന്നു. തിരുവാതിര, പുണർതം, പൂയം എന്നീ ഞാറ്റുവേലകൾ ജൂലൈ മാസത്തിൽ ഭവിക്കുന്നുണ്ട്. ജൂലൈ 10 ന് വെളുത്തവാവും, 24 ന് കറുത്തവാവും വരുന്നു. ചാന്ദ്രമാസങ്ങളിൽ ആഷാഢവും ശ്രാവണവും ജൂലൈയിൽ ഭാഗികമായി സംഭവിക്കുന്നുണ്ട്. വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിലാണ്. ജൂലൈ 7-ാം തീയതി വരെ വ്യാഴത്തിൻ്റെ വാർഷിക മൗഢ്യം തുടരും. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു.

ചൊവ്വ ജൂലൈ 27 വരെ ചിങ്ങം രാശിയിലും തുടർന്ന് കന്നി രാശിയിലും സഞ്ചരിക്കും. ബുധൻ കർക്കടകം രാശിയിലാണ്, ജൂലൈമാസം മുഴുവൻ. 24 മുതൽ ബുധന് മൗഢ്യം ഉണ്ട്. ഇടയ്ക്ക് വക്രഗതിയും വരും. ശുക്രൻ ജൂലൈ 26 വരെ ഇടവം രാശിയിലും തുടർന്ന് മിഥുനം രാശിയിലും സഞ്ചരിക്കുന്നതാണ്. രാഹു കുംഭം രാശിയിൽ പൂരുരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ ഉത്രം നക്ഷത്രത്തിലുമാണ്.

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

ജൂലൈ 23 ന് രാഹു പൂരൂരുട്ടാതിയുടെ രണ്ടാം പാദത്തിലും കേതു പൂരം നാലാംപാദത്തിലും പ്രവേശിക്കും. ഈ ഗ്രഹസ്ഥതിയെ മുൻനിർത്തി, മൂലം മുതൽ രേവതി വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ജൂലൈ മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

മൂലം

അനർഹമായ പദവികൾ വേണ്ടെന്നു വെക്കുന്നതാണ്. ആദർശം മുറുകെ പിടിക്കുമെങ്കിലും പ്രായോഗികതയെ തീർത്തും ഒഴിവാക്കാൻ കഴിഞ്ഞേക്കില്ല. സ്വാശയ വ്യാപാരത്തിൻ്റെ ചുമതല പകരക്കാരെ ഏല്പിക്കുന്നത് പിന്നീട് ക്ലേശത്തിന് കാരണമാകും. പ്രൈവറ്റ് മേഖലയിലെ ജോലിയിൽ കാര്യതടസ്സം അനുഭവപ്പെടും. മുന്നേറാൻ കുറുക്കുവഴികൾ തെളിയുമെങ്കിലും സംശയവും സന്ദിഗ്ദ്ധതയുമുണ്ടാവും.  ഹിതോപദേശങ്ങൾ എന്നുകരുതുന്നവ കുഴപ്പത്തിൽ ചാടിക്കുന്നവയാവും. മാതാപിതാക്കളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ വേണ്ടതുണ്ട്.  ദാമ്പത്യത്തിൽ സംതൃപ്തി പ്രതീക്ഷിക്കാം. ചെറുപ്പക്കാരുടെ വിദേശയാത്രയിൽ കബളിപ്പിക്കൽ വരാതിരിക്കാൻ കരുതൽ അനിവാര്യം.

Also Read: ‘അച്ഛനെയാണെനിക്കിഷ്ടം…’ അച്ഛനും മക്കളും ജ്യോതിഷവും

പൂരാടം

യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കും. നിലപാടുകളുടെ പേരിൽ അനാവശ്യമായ നിർബന്ധവും പിടിവാശിയും പുലർത്തില്ല. ഉദ്യോഗസ്ഥർക്ക് അനുകൂലമായ സ്ഥലംമാറ്റം ഉണ്ടാവാൻ അല്പകാലം കൂടി കാത്തിരിക്കണം. പ്രൈവറ്റ് സ്ഥാപനത്തിലെ ജോലി ക്ലേശിപ്പിച്ചേക്കും. സാങ്കേതിക / വൈജ്ഞാനിക/ വിപണന മേഖലയിൽ ഉള്ളവർക്ക് പലതരം വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്.  വിദേശത്തുപോകാൻ അവസരം ഉദയം ചെയ്യാം. ബിസിനസ്സുകൊണ്ട് ലാഭവുമില്ല, നഷ്ടവുമില്ല എന്ന സ്ഥിതിയായിരിക്കും. അനൈക്യങ്ങൾ കുടുംബ ജീവിതത്തെ ബാധിച്ചേക്കില്ല.  മകൻ്റെ പഠനം / ജോലി ഇവയിൽ പ്രതീക്ഷയുണരും.  അടുത്താണെങ്കിലും അകലയാണെങ്കിലും മാതാപിതാക്കളുടെ ആരോഗ്യ സൗഖ്യത്തിൽ കരുതലുണ്ടാവണം.

ഉത്രാടം

ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ പരാശ്രയത്വം വേണ്ടിവരുന്നതാണ്. പുതിയ കാര്യങ്ങൾ സമാരംഭിക്കാൻ തത്കാലം ഗ്രഹാനുകൂല്യമില്ലെന്നത് ഓർമ്മിക്കണം. വിവിധ വഴികളിലൂടെ പണവരവ് ഉണ്ടാവുന്നതാണ്. എന്നാൽ മിതവ്യയത്തിൽ ശ്രദ്ധയുണ്ടായില്ലെങ്കിൽ മാസാവസാനം ധനക്ലേശം അനുഭവപ്പെടും. കുടുംബത്തിലെ വയോജനങ്ങളുടെ പരിചരണത്തിൽ ആലസ്യമരുത്. ഇവയെല്ലാമാവും ഉത്രാടം ധനുക്കൂറുകാരുടെ മുഖ്യമായ അനുഭവങ്ങൾ.  മകരക്കൂറുകാർക്ക് കെട്ടിട നിർമ്മാണത്തിന് ലൈസൻസ് ലഭിക്കുന്നതാണ്.  ആസൂത്രണം ചെയ്ത കാര്യങ്ങളിൽ പകുതിയിലധികം പ്രാവർത്തികമാക്കും. ശുക്രൻ പഞ്ചമത്തിൽ സഞ്ചരിക്കുകയാൽ സന്താന കാര്യത്തിൽ ശുഭവാർത്തയുണ്ടാ വും. ബന്ധുസമാഗമം സന്തോഷിപ്പിക്കും. ആരോഗ്യ പരിശോധനകൾ മുടക്കരുത്.

Also Read: മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

 തിരുവോണം

കർമ്മഗുണാഭിവൃദ്ധി പ്രതീക്ഷിക്കാം.  വേതന വർദ്ധനവോ പദവിക്കയറ്റമോ അധികാരമുള്ള അധികച്ചുമതലകളോ ലഭിക്കാനിടയുണ്ട്. തൊഴിലിടത്തിലെ ശുഷ്കാന്തി മേലധികാരികളാൽ പ്രശംസിക്കപ്പെടും. സ്വാശ്രയത്വം അഭംഗുരമാവും.സമൂഹമധ്യത്തിൽ നിലയും വിലയുമുയരും. ആശിച്ചമാതിരി 
ഉപരിപഠനം അന്യനാട്ടിലാവാൻ സാധ്യത കാണുന്നു. ബന്ധുക്കൾക്ക് ധനസഹായം ചെയ്യും. വസ്തുവിൽപ്പന തടസ്സപ്പെടാം. വാഗ്ദാനങ്ങൾ പാലിക്കാൻ ക്ലേശിക്കും. സുഹൃൽബന്ധങ്ങൾ ദൃഢീഭവിക്കുന്നതാണ്. അഞ്ചാമെടത്തിൽ സ്വക്ഷേത്രബലവാനായി ശുക്രൻ സ്ഥിതിചെയ്യുകയാൽ  മകൾക്ക് / മകന് ശ്രേയസ്സ് ഉണ്ടാവും. കലാപ്രവർത്തകർക്ക് ആത്മവിശ്വാസം ഉയരുന്നതാണ്. അഷ്ടമത്തിൽ ചൊവ്വയും കുജനും രണ്ടിൽ രാഹുവുമുള്ളത് വാക്ദോഷം, ദേഹസൗഖ്യക്കുറവ്, അപകടങ്ങൾ ഇവയ്ക്ക് കാരണമാകുമെന്നതിനാൽ കരുതൽ വേണം.

അവിട്ടം

പോരാട്ടവീര്യവും ചുറുചുറുക്കും കാര്യസാദ്ധ്യത്തിന് ആവശ്യമായി വരുന്നതാണ്. കഴിവുകൾക്ക് അംഗീകാരം പിടിച്ചുവാങ്ങേണ്ട സ്ഥിതിയുണ്ടാവും. അവഗണിക്കപ്പെടുമ്പോൾ സ്വയം ഉണരും. ആത്മവിശ്വാസം സടകുടയും. തൊഴിലില്ലാത്തവർക്ക് അർഹതക്കൊത്ത വരുമാനം കിട്ടുന്നതാണ്. 
എന്നാൽ മുതൽമുടക്കി സ്ഥാപനമോ സംരംഭമോ തുടങ്ങാൻ ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ലെന്നത് ഓർക്കണം. ഏജൻസി, കമ്മീഷൻ വ്യാപാരം ഗുണദായകമാവും. കുടുംബപരമായി പൂർണ്ണസമാധാനം ഉണ്ടാവുമെന്ന് പറയാനാവില്ല. പാപഗ്രഹങ്ങൾ ദാമ്പത്യത്തിൽ അലോസരങ്ങൾ സൃഷ്ടിച്ചേക്കാം. ഗൃഹത്തിലെ പുതുതലമുറയോട് കലഹം കുറയും. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. ആരോഗ്യം ആണ് ധനം എന്നത് മറക്കരുത്.

ചതയം

പ്രവർത്തനങ്ങളിൽ പരിധിയില്ലാതെ മുഴുകുന്നതാണ്. ഔദ്യോഗികവും വ്യക്തിപരവും ആയ കാര്യങ്ങളെ കോർത്തിണക്കുന്ന തിൽ വിജയിക്കുന്നതിന് സാധിച്ചേക്കും. നാലിലെ ശുക്രസഞ്ചാരം ആടയാഭരണങ്ങൾ വാങ്ങാനോ, പാരിതോഷികം ലഭിക്കാനോ ഇടയുണ്ടാക്കും. പ്രതിസന്ധികളിൽ പെട്ടുഴലുന്ന സഹപ്രവർത്തകരെ ആശ്വസിപ്പിക്കാൻ നേരം കണ്ടെത്തും. ഗവേഷണ പ്രബന്ധം പൂർത്തിയാക്കുന്നതാണ്. അവധിക്കാലം മുന്നിൽ കണ്ട് യാത്രകൾ ആസൂത്രണം ചെയ്യും. ഏഴാമെടത്തിലെ പാപഗ്രഹങ്ങൾ കൂട്ടുകച്ചവടത്തിൽ പരാജയമുണ്ടാക്കാം. പഠനോത്സുകതയാൽ പുതിയ ഭാഷയോ സാങ്കേതിക വിഷയമോ ഗ്രഹിക്കാൻ ശ്രമിക്കും. ബന്ധുസംഗമമോ കുടുംബയോഗമോ സംഘടിപ്പിക്കാൻ മുൻകൈയെടുക്കുന്നതാണ്.

പൂരൂരുട്ടാതി

കാര്യാലോചനകളിൽ സ്വന്തം തീരുമാനം അടിച്ചേല്പിക്കും. തന്മൂലം ശത്രുക്കളുണ്ടാവും. സാമൂഹിക വിഷയങ്ങളിൽ നവമാധ്യമങ്ങളിലൂടെ  അഭിപ്രായം പറയുന്നതും വിമർശനങ്ങൾ ക്ഷണിച്ചുവരുത്താം. ദൂരദിക്കുകളിൽ നിന്നും അനുകൂലമായ സന്ദേശം വരാനിടയുണ്ട്. ജോലിയിൽ തൃപ്തിക്കുറവുണ്ടായാലും ഉപേക്ഷിക്കുന്നത് ഉചിതമായേക്കില്ല. സന്താനങ്ങളെക്കൊണ്ട് മനസ്സന്തോഷം വരുന്നതാണ്. പൂർവ്വിക സ്വത്തിന്മേൽ തർക്കങ്ങൾ ഉടലെടുക്കാം. ബന്ധുക്കൾക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിനാവും. മടിയോ ഉണർവ്വില്ലായ്മയോ ചിലപ്പോൾ അനുഭവപ്പെടാം. ഭാര്യയും ഭർത്താവും വ്യത്യസ്ത സ്ഥലങ്ങളിൽ ജോലി ചെയ്യാൻ സാധ്യതയുണ്ട്. രോഗാവസ്ഥകളെ പ്രതിരോധിക്കും.

ഉത്രട്ടാതി

പല കാര്യങ്ങളും പ്രതീക്ഷിച്ചതിലും സുഗമതയോടെ നിർവഹിക്കാനാവും. പാരമ്പര്യ തൊഴിലുകളിലുണ്ടായിരുന്ന വിപ്രതിപത്തി മാറുകയും അവയുടെ സാധ്യതകൾ പരിശോധിക്കുകയും ചെയ്യുന്നതാണ്. ബാങ്കിൽ നിന്നുമെടുത്ത വായ്പ ഭാഗികമായി അടച്ചുതീർക്കാൻ സൗകര്യമുണ്ടായേക്കും. കൂട്ടുകെട്ടുകൾ ചിലപ്പോൾ ദോഷകരമാവാം. ദുശ്ശീലങ്ങൾ നിയന്ത്രിക്കപ്പെടണം. സാമ്പത്തിക അമളി പിണയാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണ്ടതാണ്. ജന്മനാട്ടിൽ നിന്നും അകന്നു ജീവിക്കുന്നവർക്ക് തിരികെ വരാൻ സാഹചര്യം അനുകൂലമായേക്കും. മത്സരങ്ങളിൽ അനായാസം വിജയിക്കുന്നതാണ്. നേതൃപദവി ആവശ്യപ്പെടാതെ കൈവരുന്നതാണ്. വസ്തുവ്യവഹാരം സന്ധിയിലാവും.

രേവതി

മുൻപ് ആസൂത്രണം ചെയ്തുവെച്ചിരുന്ന കാര്യങ്ങൾ പിന്നീടത്തേക്ക് നീട്ടാനിടയുണ്ട്. വസ്തുവിൽപ്പനയിൽ കൂടുതൽ ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞവർക്ക് വീണ്ടും ചെറിയ വരുമാനമാർഗമെങ്കിലും അന്വേഷിക്കേണ്ടതായി വന്നേക്കാം. ശനി ജന്മരാശിയിലുള്ളത് ആലസ്യമുണ്ടാക്കും. അനിഷ്ടങ്ങൾ മുഖം നോക്കാതെ അറിയിക്കുന്നതുമൂലം വിരോധികളുടെ എണ്ണം വർദ്ധിക്കുന്നതാണ്. കലാപരമായ താത്പര്യങ്ങൾ വികസിപ്പിക്കാൻ വഴി തെളിയും. മകന് വേണ്ടി പുതിയ വാഹനം വാങ്ങുന്നതാണ്. പന്ത്രണ്ടിലെ രാഹു പല കാരണങ്ങളാൽ വീട്ടിൽ നിന്നും മാറിനിൽക്കേണ്ട സാഹചര്യം സൃഷ്ടിക്കും. പ്രണയികൾക്ക് അത്ര സന്തോഷമുണ്ടാവാൻ ഇടയുള്ള കാലമല്ല. വ്യായാമം, സമയബന്ധിതമായ ദിനചര്യ, ആരോഗ്യ പരിശോധനകൾ ഇവ പാലിക്കപ്പെടണം.

 



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!