ആദിത്യൻ ജൂലൈ 16 ന് വൈകിട്ട് വരെ മിഥുനം രാശിയിലും തുടർന്ന് കർക്കടകം രാശിയിലും സഞ്ചരിക്കുന്നു. തിരുവാതിര, പുണർതം, പൂയം എന്നീ ഞാറ്റുവേലകൾ ജൂലൈ മാസത്തിൽ ഭവിക്കുന്നുണ്ട്. ജൂലൈ 10 ന് വെളുത്തവാവും, 24 ന് കറുത്തവാവും വരുന്നു. ചാന്ദ്രമാസങ്ങളിൽ ആഷാഢവും ശ്രാവണവും ജൂലൈയിൽ ഭാഗികമായി സംഭവിക്കുന്നുണ്ട്. വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിലാണ്. ജൂലൈ 7-ാം തീയതി വരെ വ്യാഴത്തിൻ്റെ വാർഷിക മൗഢ്യം തുടരും. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു.
ചൊവ്വ ജൂലൈ 27 വരെ ചിങ്ങം രാശിയിലും തുടർന്ന് കന്നി രാശിയിലും സഞ്ചരിക്കും. ബുധൻ കർക്കടകം രാശിയിലാണ്, ജൂലൈമാസം മുഴുവൻ. 24 മുതൽ ബുധന് മൗഢ്യം ഉണ്ട്. ഇടയ്ക്ക് വക്രഗതിയും വരും. ശുക്രൻ ജൂലൈ 26 വരെ ഇടവം രാശിയിലും തുടർന്ന് മിഥുനം രാശിയിലും സഞ്ചരിക്കുന്നതാണ്. രാഹു കുംഭം രാശിയിൽ പൂരുരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ ഉത്രം നക്ഷത്രത്തിലുമാണ്.
ജൂലൈ 23 ന് രാഹു പൂരൂരുട്ടാതിയുടെ രണ്ടാം പാദത്തിലും കേതു പൂരം നാലാംപാദത്തിലും പ്രവേശിക്കും. ഈ ഗ്രഹസ്ഥതിയെ മുൻനിർത്തി, അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ജൂലൈ മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.
അശ്വതി
തൊഴിലിടത്തിൽ സ്വസ്ഥതയുണ്ടാവും. ക്രിയാത്മകതയും ഏകോപനവും അംഗീകരിക്കപ്പെടും. അതിലുപരി സ്വയം സംതൃപ്തി ഭവിക്കുന്നതാണ്. ഉദ്യോഗം അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങൾ സംജാതമാകും. ജൂലൈ 17ന് ശേഷം തൊഴിൽപരമായ യാത്രകൾ ഉണ്ടാവുന്നതായിരിക്കും. പഞ്ചമഭാവത്തിലെ കേതുകുജയോഗം മക്കൾ, ഗൃഹത്തിലെ വയോജനങ്ങൾ എന്നിവർ മൂലമുള്ള ഏതെങ്കിലും വിധത്തിലുള്ള ക്ലേശങ്ങൾക്ക് കാരണമാകാം. പ്രായഭേദമന്യേ പഠനാർത്ഥികൾക്ക്, ഏറ്റവും ഉചിതമായ കാലമാണ്. ശുക്രൻ്റെ അനുകൂല സഞ്ചാരം മനസ്സന്തുഷ്ടിയ്ക്കും സൗഹൃദങ്ങളുടെ പുഷ്ടിക്കും പ്രണയ പുരോഗതിക്കും കാരണമാകുന്നതാണ്. ഏഴരശ്ശനിക്കാലമാണ് എന്ന് ഓർമ്മിപ്പിക്കുന്ന അനിഷ്ടകാര്യങ്ങൾ ഇടക്കിടെ തലപൊക്കാം. ലാഭസ്ഥാനത്തിൽ സഞ്ചരിക്കുന്ന രാഹു തീരെ പ്രതീക്ഷിക്കാത്ത സന്തോഷം പകരുന്നതായിരിക്കും.
ഭരണി
പലനിലയ്ക്കും പ്രസന്നമായ കാലഘട്ടമാണ്. മനസ്സിനും ശരീരത്തിനും ഒരുവിധം സൗഖ്യം ഉണ്ടായിരിക്കും. തൊഴിലിൽ വളർച്ച തുടരപ്പെടും. ബിസിനസ്സുകാർക്ക് വിപണിയിൽ ആധിപത്യം പുലർത്താൻ കഴിയുന്നതാണ്. നവസംരംഭകർക്ക് ശ്രദ്ധേയമായ തുടക്കം കുറിക്കാനാവും. രണ്ടാം ഭാവത്തിലെ ശുക്ര സഞ്ചാരത്താൽ വചോവിലാസം പ്രകീർത്തിതമാവും. വിദ്യാർത്ഥികൾക്ക് പഠന വിഷയങ്ങളുമായി പൊരുത്തപ്പെട്ട് പോകാൻ കഴിഞ്ഞേക്കും. കുടുംബാംഗങ്ങൾക്ക് പൊതുവേ ക്ഷേമകാലമാവും. അവരുടെ മാനസിക പിന്തുണ എല്ലാക്കാര്യങ്ങളിലും പ്രതീക്ഷിക്കാം. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവെക്കണം. അഞ്ചാമെടത്തിലെ പാപഗ്രഹയോഗം വല്ല മനക്ലേശങ്ങളും സൃഷ്ടിച്ചു കൂടായ്കയില്ല. നിക്ഷേപങ്ങളിൽ മെച്ചം വന്നെത്തും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത വേണ്ടതുണ്ട്.
കാർത്തിക
സമാധാനകാംക്ഷ സഫലമാവും. ഗാർഹികവും കർമ്മപരവുമായ വിഷമങ്ങളെ ഒട്ടൊക്കെ തരണം ചെയ്യാൻ കഴിയുന്നതാണ്. അസുഖങ്ങൾക്ക് ഫലപ്രദമായ ചികിൽസ സാധ്യമാകും. സാങ്കേതിക വിഷയങ്ങൾ പഠിച്ചറിയാനുള്ള ഔൽസുക്യം പുലർത്തും. അന്യനാട്ടിൽ തുടർ വിദ്യാഭ്യാസത്തിന് അവസരം കൈവരും. ജോലിമാറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നവർക്ക് അതിനവസരം ഭവിക്കുന്നതാണ്. ഭവന നിർമ്മാണത്തിൽ ഇടക്കിടെ തടസ്സങ്ങൾ വരാനിടയുണ്ട്. ധനക്ലേശം വരില്ലെങ്കിലും ചെലവുകൾ ക്രമാതീതമാവും. സംഘടനകളുമായി ബന്ധപ്പെട്ടവർക്ക് കൂടുതൽ ചുമതലകൾ സിദ്ധിച്ചേക്കും. പുതുമുറക്കാരുടെ ഇഷ്ടാനിഷ്ടങ്ങളിൽ മൗനം പുലർത്തുകയാവും അഭികാമ്യം. പുതുവാഹനം വാങ്ങുന്നതിന് തൽകാലം ഗ്രഹാനുകൂല്യമില്ല.
Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
രോഹിണി
ജന്മരാശിയിൽ ശുക്രൻ സഞ്ചരിക്കുകയാൽ ഭോഗസുഖങ്ങളുണ്ടാവും. ആഢംബര വസ്തുക്കൾ പാരിതോഷികം കിട്ടുന്നതാണ്. ബന്ധുക്കൾ സഹകരണവുമായി ഒപ്പമുണ്ടാവും. ധനാഗമ മാർഗങ്ങൾ തടസ്സപ്പെടില്ല. പഴയ ആധാരം / രേഖകൾ കണ്ടെത്താൻ വിഫലശ്രമം നടത്തും. പ്രണയത്തിൽ വിജയിക്കുന്നതാണ്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാം. ബിസിനസ്സ് സമുച്ചയത്തിൻ്റെ നിർമ്മാണം മെല്ലെയാവാനിടയുണ്ട്.വിദ്യാഭ്യാസ ലോൺ അനുവദിക്കപ്പെടും. സുഹൃത്തുക്കളുമായി ആശയ ഭിന്നതയുണ്ടാവാം. അന്യനാട്ടിൽ കഴിയുന്നവർക്ക് നാട്ടിലെത്താൻ ലീവ് കിട്ടിയേക്കില്ല. പരീക്ഷണങ്ങൾക്ക് മനസ്സുണ്ടാവും. കുടുംബത്തിലെ
വയോജനങ്ങളുടെ ആരോഗ്യപരിചരണത്തിൽ ശ്രദ്ധിക്കുന്നതാണ്. മാസത്തിൻ്റെ
രണ്ടാം പകുതി കൂടുതൽ ഗുണകരമാവും.
മകയിരം
സ്വസ്ഥത കൂടുകയും കുറയുകയും ചെയ്യും. ജോലിയിൽ ഏകാഗ്രത നഷ്ടപ്പെടാനിടയുണ്ട്. സ്ഥലം മാറ്റ ഉത്തരവ് പ്രാവർത്തികമായേക്കില്ല. ആലോചനാശൂന്യത മൂലം ചില അബദ്ധങ്ങൾ പറ്റാം. വാഗ്ദാനങ്ങളെയും തൽലംഘനങ്ങളേയും ചൊല്ലി തർക്കങ്ങൾ ഉയരുന്നതാണ്. പിന്തുണ പ്രതീക്ഷിച്ച വിധം ഉണ്ടായേക്കില്ല. ഇടവക്കൂറുകാർക്ക് ഗൃഹസുഖം കുറയും. അനൈക്യം സ്വൈരക്കേടിന് കാരണമാകുന്നതാണ്. വാഹന യാത്രയിൽ കരുതൽ വേണം. മിഥുനക്കൂറുകാർക്ക് സഹോദരനുകൂല്യം വളരെയുണ്ടാവും. വസ്തുവിൽ നിന്നും ആദായമുണ്ടായേക്കും. ചില കൂട്ടുകെട്ടുകൾ ഒഴിവാക്കാൻ വിഫലശ്രമം നടത്തും. മുൻപ് ജോലിചെയ്ത സ്ഥാപനത്തിൽ നിന്നും കിട്ടേണ്ട തുക കിട്ടിയേക്കാം. ചെയ്തുപോരുന്ന സംരംഭങ്ങളുടെ പ്രമോഷനായി പണം വ്യയം ചെയ്യേണ്ടിവരും.
തിരുവാതിര
വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. മാനസിക സംഘർഷത്തിന് അല്പം അയവുവരുന്നതാണ്. കലാമേഖലയിലുള്ളവർ അവസരങ്ങൾക്കായി അന്വേഷണം തുടർന്നേക്കും. ധാർമ്മികവും മതപരവുമായ കാര്യങ്ങളിൽ പങ്കെടുക്കേണ്ടി വരാം. ഉദ്യോഗസ്ഥർ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിന്നും മുൻ ലാവണത്തിലേക്ക് മടങ്ങുന്നതാണ്. നിലവിലെ ജോലി ഉപേക്ഷിച്ചിട്ട് പുതിയ ജോലിക്കായി ശ്രമം നടത്തരുത്. വ്യവഹാരങ്ങളിൽ അനുരഞ്ജനം ഫലിക്കും. അസുഖബാധിതനായ ബന്ധുവിനെ സന്ദർശിക്കുകയും സഹായധനം നൽകുകയും ചെയ്യും. ഓഹരി വ്യാപാരത്തിൽ നഷ്ടത്തിനാണ് മുൻതൂക്കം. ദൂരയാത്രകൾക്ക് ഒരുമ്പെടുന്നവർക്ക് അനുകൂലത ഭവിക്കും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടേക്കാം.
പുണർതം
ആലോചനാപൂർവ്വം ആസൂത്രണം ചെയ്ത കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കുന്നതാണ്. പ്രമുഖരുമായുള്ള പരിചയം ഗുണകരമാവും. കരാർ ജോലികൾ പുതുക്കിക്കിട്ടാം. പക്ഷേ വ്യവസ്ഥകൾ ദുഷ്കരമായി തോന്നും. സാമ്പത്തിക രംഗം മോശമാവില്ല. ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉല്പന്നങ്ങൾ എന്നിവയ്ക്കായി ചെലവുണ്ടാവും. ഉപരിപഠനത്തിന് അന്യനാട്ടിൽ പോകാൻ അവസരം കൈവരുന്നതാണ്. ഗവേഷണ പ്രബന്ധം പൂർത്തിയാക്കും. മന്ദഗതിയിലായ ബിസിനസ്സ് പുഷ്ടിപ്പെടുത്താൻ പരസ്യത്തിൻ്റെ സഹായം തേടിയേക്കും. കൂട്ടുകെട്ടുകളിൽ നിന്നും വിട്ടുനിൽക്കുന്നത് ഗുണകരമാവും. ബുധൻ രണ്ടിൽ സഞ്ചരിക്കുകയാൽ വാക്ചാതുര്യം പുലർത്തും. ദാമ്പത്യത്തിൽ സംതൃപ്തിയുണ്ടാവും. തീർത്ഥാടനം ആത്മീയമായ ഉണർവുണ്ടാക്കും.
പൂയം
ആദിത്യൻ പന്ത്രണ്ടിലും ജന്മരാശിയിലും സഞ്ചരിക്കുകയാൽ ഔദ്യോഗികമായി അലച്ചിലുണ്ടാവും. സ്വാശ്രയ സംരംഭങ്ങളിൽ ആലസ്യം അനുഭവപ്പെട്ടേക്കും. കിട്ടേണ്ട പണം കൈവശമെത്താൻ കാലതാമസമുണ്ടാവും. സംഘടനപരമായി പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും. വീടുവെക്കുന്ന കാര്യത്തിൽ ആലോചന പുഷ്ടിപ്പെടും. കുടുംബാംഗങ്ങളുമായുള്ള പാരസ്പര്യം മെച്ചപ്പെടുന്നതിന് സാധ്യതയുണ്ട്. ശുക്രൻ പതിനൊന്നിൽ സഞ്ചരിക്കുകയാൽ ഭോഗസുഖമുണ്ടാവും. പ്രണയബന്ധം വിവാഹസാഫല്യത്തിലേക്ക് നീങ്ങുന്നതാണ്. ചൊവ്വയും കേതുവും വാക്സ്ഥാനത്തുള്ളത് അനാവശ്യ വാഗ്വാദങ്ങൾ/ തർക്കങ്ങൾക്ക് കാരണമാകുന്നതാണ്. ഇ.എൻ.ടി രോഗങ്ങൾ വരാനിടയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ ജാഗ്രത ആവശ്യമാണ്.
ആയില്യം
കർമ്മരംഗത്ത് വെല്ലുവിളികളുണ്ടാവും. മുൻപിൻ രാശികളിൽ പാപഗ്രഹങ്ങളുള്ളതിനാൽ സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. ലഘുദൗത്യങ്ങൾ പോലും പൂർത്തീകരിക്കാൻ ഒത്തിരി ക്ലേശിക്കുന്നതാണ്. മേലധികാരികളുടെ അപ്രീതിയോ സഹപ്രവർത്തകരുടെ വിരോധമോ നേരിടേണ്ട സാഹചര്യം ഉദിക്കാം. എങ്കിലും ശുക്രൻ മാസം മുഴുവൻ അനുകൂലനായി, സ്വക്ഷേത്രബലവാനായി പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുകയാൽ ജീവിതത്തിൻ്റെ സ്വതസ്സിദ്ധമായ ഭാവങ്ങൾക്ക് മങ്ങലേൽക്കില്ല. പ്രിയപ്പെട്ടവരുടെ ഹൃദയപൂർവ്വകമായ പിന്തുണ കൈവരുന്നതായിരിക്കും. ബന്ധങ്ങളുടെ ദാർഢ്യം ശക്തിയേകും. അനുരാഗികളുടെ ദാമ്പത്യ സ്വപ്നങ്ങൾക്ക് സാഫല്യം ഉണ്ടാവും.
സ്വന്തം തൊഴിലിൽ സ്വാഭാവികമായ മുന്നേറ്റം പ്രതീക്ഷിക്കാം.
മകം
ജീവിതം വികസനത്തിൻ്റെ പാതയിൽ തന്നെയാവും. തടസ്സങ്ങളെ നിസ്സാരമാക്കിക്കൊണ്ട് മുന്നോട്ടു പോകാനുള്ള കരുത്ത് കാട്ടും. വിദേശത്ത് പഠനം/ തൊഴിൽ സംബന്ധിച്ചവക്കായി യാത്രകൾ ആഗ്രഹിക്കുന്നവർക്ക് അവസരം കൈവരും. നവസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുമതി രേഖ ലഭിക്കുന്നതായിരിക്കും. ജന്മരാശിയിലെ പാപഗ്രഹസഞ്ചാരം അനാരോഗ്യത്തിന് കാരണമാകാം. ജീവിതശൈലീരോഗങ്ങൾ ഉള്ളവർ കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തേണ്ടതുണ്ട്. അനാവശ്യമായ ഉൽക്കണ്ഠകൾ ഒഴിവാക്കുകയും വേണം. പതിനൊന്നാമെടത്തി ലെ വ്യാഴം സാമ്പത്തിക ക്ലേശങ്ങൾ നീക്കും. വരുമാന സ്രോതസ്സുകൾ അഭംഗുരമാവും. പ്രധാനപ്പെട്ട തീരുമാനങ്ങൾക്ക് കുടുംബത്തിൻ്റെ പിന്തുണ നേടാൻ തയ്യാറാവണം.
പൂരം
സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിൽ പൊരുത്തപ്പെടാൻ ക്ലേശിക്കും. തൊഴിൽ തേടുന്നവർക്ക് അവസരങ്ങൾ കൈവരും. നിലവിലെ തൊഴിലിൽ തത്കാലം പിടിച്ചു നിൽക്കാൻ കഴിയുന്ന സാഹചര്യങ്ങൾ ഉദയം ചെയ്യുന്നതാണ്. ധനപരമായി അനുഭവപ്പെടുന്ന ശോച്യതകൾക്ക് പരിഹാരമുണ്ടാവും. സ്വന്തം സ്ഥാപനത്തിന് പുതിയ മുഖം നൽകും. വ്യാപാരത്തിൽ സാമാന്യമായ പുരോഗതി പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പരമായി ഉയർച്ചയുണ്ടാവും. പൂരം നക്ഷത്രത്തിലെ പാപഗ്രഹയോഗം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. വൈദ്യസഹായം ഒഴിവാക്കരുത്. മാനസിക പിരിമുറുക്കം നിദ്രാഭംഗം വരുത്താം. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബന്ധു/ സുഹൃൽ സഹായം തേടേണ്ട സ്ഥിതി വന്നേക്കും. ആത്മസംയമനം, സഹിഷ്ണുത എന്നിവ കൈവിടരുത്. പ്രാർത്ഥനകൾക്ക് സമയം കണ്ടെത്തണം.
ഉത്രം
ആദിത്യൻ്റെ ആനുകൂല്യം തൊഴിലിടത്തിൽ ഗുണകരമായി പ്രതിഫലിക്കും. മേലധികാരികളുടെ ‘നല്ലപുസ്തകത്തിൽ’ ഇടം പിടിക്കുവാനാവും. മുൻപ് ജോലിചെയ്തതിന് കിട്ടേണ്ടതായ ന്യായമായ അവകാശങ്ങൾ ഇപ്പോൾ കിട്ടാം. സാങ്കേതിക വിഷയങ്ങൾ പഠിക്കുന്നതിന് സന്ദർഭം സംജാതമാകും. ചിങ്ങക്കൂറുകാർക്ക് പാപഗ്രഹയോഗം മാനസിക പിരിമുറുക്കം സൃഷ്ടിക്കാം. ഇടക്കിടെ സന്ദിഗ്ദ്ധതയും ചിത്തചാഞ്ചല്യവും അനുഭവപ്പെടും. കന്നിക്കൂറുകാർക്ക് വ്യയം അധികരിക്കുന്ന കാലമായിരിക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണ കരുത്താകും. ഒഴിവാക്കാമായിരുന്ന ചില ചെലവുകൾ ഏർപ്പെടും. വ്യവഹാരങ്ങളിൽ ഈ മാസം തീർപ്പ് പ്രതീക്ഷിക്കേണ്ടതില്ല. തീർത്ഥാടനം, ദൈവിക സമർപ്പണം ഇവയ്ക്ക് അവസരം സംജാതമാകും.
Also Read: ‘അച്ഛനെയാണെനിക്കിഷ്ടം…’ അച്ഛനും മക്കളും ജ്യോതിഷവും
അത്തം
ആദിത്യൻ പത്തിലും പതിനൊന്നിലും, ബുധൻ പതിനൊന്നിലും, ശുക്രൻ ഒമ്പതിലും സഞ്ചരിക്കുകയാൽ തൊഴിൽ രംഗത്ത് സുവർണ്ണകാലമാണ്. തൊഴിലിടത്തിൽ സ്വീകാര്യതയുണ്ടാവും. അധികാരികളുടെയും സഹപ്രവർത്തകരുടെയും പിന്തുണയോടെ മികവുകൾ പുറത്തെടുക്കും. പ്രതീക്ഷിച്ച ലാഭം കച്ചവടത്തിലൂടെ കരഗതമാവുന്നതാണ്. ചില ഭാഗ്യാനുഭവങ്ങൾ വന്നെത്തും. പ്രിയജനങ്ങളുടെ പിന്തുണ കരുത്താകും. മാതാപിതാക്കൾക്ക് സ്വസ്ഥതയുണ്ടാവും. പന്ത്രണ്ടിലെ പാപഗ്രഹങ്ങൾ ചിലപ്പോൾ ക്രമാധികമായ ചെലവുകളേർപ്പെടും. അക്കാര്യത്തിൽ ജാഗ്രത വേണ്ടതുണ്ട്. വിദ്യാഭ്യാസത്തിൽ അസൂയാവഹമായ നേട്ടം കൈവരിക്കുന്നതാണ്. രാഹുവിൻ്റെ സ്ഥിതി ശത്രുവിജയം നേടിത്തരും. കണ്ടകശനി ദാമ്പത്യസൗഖ്യത്തിന് വിട്ടുവീഴ്ചകൾ കൂടിയേതീരൂ എന്ന് വ്യക്തമാക്കുന്നു.
ചിത്തിര
അശ്രാന്തപരിശ്രമം കൊണ്ടേ കുറച്ചെങ്കിലും നേട്ടങ്ങൾ കൈവരിക്കാനാവൂ! മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ദൂരദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നാട്ടിനടുത്തേക്ക് ജോലിമാറ്റം ലഭിക്കാം. ഭൂമിയിൽ നിന്നും സാമാന്യം വരുമാനമുണ്ടാവും. ഊഹക്കച്ചവടത്തിൽ കരുതൽ വേണം. ഓൺലൈൻ ബിസിനസ്സ് വിപുലമാവാൻ സാധ്യതയുണ്ട്. ജീവകാരുണ്യത്തിന് നേരം കണ്ടെത്തും. പുതിയ എന്തെങ്കിലും പഠിക്കാനോ സാങ്കേതിക വൈദഗ്ധ്യം നേടാനോ ശ്രമം നടത്തിയേക്കും. ജീവിതപങ്കാളിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് കൂടുതൽ ചികിൽസ ആവശ്യമായി വന്നേക്കാം. വളർത്തുമൃഗങ്ങളുടെ പരിപാലനത്തിൽ ക്ലേശം അനുഭവപ്പെടാം. വിദേശത്തു നിന്നും ശുഭവാർത്ത, പാരിതോഷികം, ധനം ഇവ വന്നു ചേരാം.
ചോതി
പുതിയ ജോലി തേടുന്നവർ നിരാശപ്പെടില്ല. കിട്ടാനുള്ള കടങ്ങൾ കുറശ്ശെ കിട്ടാം. തൊഴിലിൽ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാം. പുതിയ ആടയാഭരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഇവ വാങ്ങും. സാമ്പത്തിക കാര്യത്തിൽ അച്ചടക്കം നല്ലതാണ്. അന്യനാട്ടിലെ ഭാഗ്യപരീക്ഷണങ്ങൾ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസരം തെളിയും. എതിർക്കുന്നവർ സ്വയം പിൻവലിയുന്നതാണ്. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കുവാനാവും. സന്താനങ്ങളുടെ ഉന്നമനം സന്തോഷമേകും. കരാർ പണികൾ തുടരപ്പെടും. ബഹുകാര്യങ്ങളിൽ ശ്രദ്ധ വ്യാപിപ്പിക്കും. ബന്ധുകലഹങ്ങളിലെ മാധ്യസ്ഥം പ്രശംസിക്കപ്പെടും. ഭാഗ്യസ്ഥാനത്ത് വ്യാഴം സഞ്ചരിക്കുകയാൽ നറുക്കെടുപ്പ്, ചിട്ടി,ഇൻഷ്വറൻസ് തുടങ്ങിയവയിലൂടെ ധനാഗമം ഉണ്ടാവാം.
വിശാഖം
സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ അതൃപ്തിയുണ്ടാവും. പക്ഷേ ജോലി ഉപേക്ഷിച്ചാൽ ഇപ്പോൾ മറ്റൊരു ജോലി കിട്ടണമെന്നില്ല. ആകയാൽ തിടുക്കത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളരുത്. സഹപ്രവർത്തകരുടെ തർക്കത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയാവും കരണീയം. മകളുടെ ജോലിസ്ഥലത്ത് ഒപ്പം താമസിക്കാൻ പോകേണ്ടി വന്നേക്കാം. തുലാക്കൂറുകാർക്ക് വിൽക്കാതെ കിടക്കുന്ന ഭൂമി വിൽക്കാനായേക്കും. കമ്മീഷൻ വ്യാപാരത്തിലൂടെ ധാരാളം വരുമാനമുണ്ടാവും. സഹോദരരിൽ നിന്നും പ്രതീക്ഷിച്ചതിലധികം സഹായം / സഹകരണം കിട്ടുന്നതാണ്. ചില ഭാഗ്യപരീക്ഷണങ്ങൾ വിജയം കണ്ടേക്കും. പ്രണയികൾക്ക് ആഹ്ളാദ സാഹചര്യങ്ങൾ ലഭിക്കും. ഭൗതികമായ ചുറ്റുപാടുകൾ മെച്ചപ്പെടുന്നതാണ്.
അനിഴം
ഉദ്യോഗത്തിൽ സുഖവും സുഗമതയും ശരാശരിയായിരിക്കും. മേലധികാരിയുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ നല്ലോണം ക്ലേശിക്കുന്നതാണ്. സാഹസങ്ങൾക്ക് മുന്നിട്ടിറങ്ങാൻ തോന്നിയേക്കും. പക്ഷേ അവയുടെ പരിണതഫലം നന്നായിരിക്കില്ല. പ്രണയികൾക്ക് ഹൃദയബന്ധം ദൃഢമാകുന്നതാണ്. കുടുംബത്തിൻ്റെ പൂർണ്ണമായ പിന്തുണ കിട്ടും. ബിസിനസ്സുകാർ സാമ്പത്തികമായി മെച്ചപ്പെടാം. സർക്കാർ ഇടപെടലുകൾ മനോവീര്യം തകർക്കാം. പൂർത്തിയാക്കാത്ത വിദ്യാഭ്യാസം പൂർത്തിയാക്കാൻ ശ്രമം തുടരും. പിതാവിൻ്റെ ആരോഗ്യനിലയിൽ മെച്ചം പ്രതീക്ഷിക്കാം. വീടുവാങ്ങാനുള്ള അഭിലാഷത്തിന് ചെറിയ പുരോഗതി വന്നുചേരുന്നതാണ്. വ്യായമത്തിനും കൃത്യമായ ദിനചര്യക്കും മടിയോ സമയക്കുറവോ അനുഭവപ്പെടും.
തൃക്കേട്ട
ഉദ്യോഗം തേടുന്നവർക്ക് വരുമാനമാർഗം തുറന്നുകിട്ടാം. പക്ഷേ പുതിയ / നിലവിലെ ജോലിയുമായി പൊരുത്തപ്പെടുന്നതിന് ക്ലേശിക്കുന്നതാണ്. ഭാവനാശാലികൾക്ക് സർഗ്ഗകർമ്മങ്ങളിൽ ശോഭിക്കാൻ കഴിയും. പുതിയ വ്യാപാരസ്ഥാപനം തുടങ്ങുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നതാണ്. ഓൺലൈനായി നടത്തുന്ന ക്ളാസ്സുകൾ, വ്യാപാരം ഇവയിൽ പുഷ്ടിവരാൻ സാധ്യതയുണ്ട്. രോഗക്ലേശിതർക്ക് അത്ര ആശ്വാസകാലമല്ല. ചികിൽസാമാറ്റം കരണീയം. വിദൂരവിദ്യാഭ്യാസത്തിന് ചേരുന്നതാണ്. അനാവശ്യമായ ഉൽക്കണ്ഠകൾ ആരോഗ്യത്തെ ബാധിച്ചേക്കാം. വൈകാരിക പ്രതികരണങ്ങൾ ശത്രുക്കളെ സൃഷ്ടിക്കാനിടയുണ്ട്. ഗൃഹനിർമ്മാണത്തിന് വായ്പ ലഭിക്കുന്നതാണ്. മകൻ്റെ ഭാവിസംബന്ധിച്ച ശുഭവാർത്ത ശ്രവിക്കും.
മൂലം
അനർഹമായ പദവികൾ വേണ്ടെന്നു വെക്കുന്നതാണ്. ആദർശം മുറുകെ പിടിക്കുമെങ്കിലും പ്രായോഗികതയെ തീർത്തും ഒഴിവാക്കാൻ കഴിഞ്ഞേക്കില്ല. സ്വാശയ വ്യാപാരത്തിൻ്റെ ചുമതല പകരക്കാരെ ഏല്പിക്കുന്നത് പിന്നീട് ക്ലേശത്തിന് കാരണമാകും. പ്രൈവറ്റ് മേഖലയിലെ ജോലിയിൽ കാര്യതടസ്സം അനുഭവപ്പെടും. മുന്നേറാൻ കുറുക്കുവഴികൾ തെളിയുമെങ്കിലും സംശയവും സന്ദിഗ്ദ്ധതയുമുണ്ടാവും. ഹിതോപദേശങ്ങൾ എന്നുകരുതുന്നവ കുഴപ്പത്തിൽ ചാടിക്കുന്നവയാവും. മാതാപിതാക്കളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ വേണ്ടതുണ്ട്. ദാമ്പത്യത്തിൽ സംതൃപ്തി പ്രതീക്ഷിക്കാം. ചെറുപ്പക്കാരുടെ വിദേശയാത്രയിൽ കബളിപ്പിക്കൽ വരാതിരിക്കാൻ കരുതൽ അനിവാര്യം.
പൂരാടം
യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കും. നിലപാടുകളുടെ പേരിൽ അനാവശ്യമായ നിർബന്ധവും പിടിവാശിയും പുലർത്തില്ല. ഉദ്യോഗസ്ഥർക്ക് അനുകൂലമായ സ്ഥലംമാറ്റം ഉണ്ടാവാൻ അല്പകാലം കൂടി കാത്തിരിക്കണം. പ്രൈവറ്റ് സ്ഥാപനത്തിലെ ജോലി ക്ലേശിപ്പിച്ചേക്കും. സാങ്കേതിക / വൈജ്ഞാനിക/ വിപണന മേഖലയിൽ ഉള്ളവർക്ക് പലതരം വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. വിദേശത്തുപോകാൻ അവസരം ഉദയം ചെയ്യാം. ബിസിനസ്സുകൊണ്ട് ലാഭവുമില്ല, നഷ്ടവുമില്ല എന്ന സ്ഥിതിയായിരിക്കും. അനൈക്യങ്ങൾ കുടുംബ ജീവിതത്തെ ബാധിച്ചേക്കില്ല. മകൻ്റെ പഠനം / ജോലി ഇവയിൽ പ്രതീക്ഷയുണരും. അടുത്താണെങ്കിലും അകലയാണെങ്കിലും മാതാപിതാക്കളുടെ ആരോഗ്യ സൗഖ്യത്തിൽ കരുതലുണ്ടാവണം.
ഉത്രാടം
ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ പരാശ്രയത്വം വേണ്ടിവരുന്നതാണ്. പുതിയ കാര്യങ്ങൾ സമാരംഭിക്കാൻ തത്കാലം ഗ്രഹാനുകൂല്യമില്ലെന്നത് ഓർമ്മിക്കണം. വിവിധ വഴികളിലൂടെ പണവരവ് ഉണ്ടാവുന്നതാണ്. എന്നാൽ മിതവ്യയത്തിൽ ശ്രദ്ധയുണ്ടായില്ലെങ്കിൽ മാസാവസാനം ധനക്ലേശം അനുഭവപ്പെടും. കുടുംബത്തിലെ വയോജനങ്ങളുടെ പരിചരണത്തിൽ ആലസ്യമരുത്. ഇവയെല്ലാമാവും ഉത്രാടം ധനുക്കൂറുകാരുടെ മുഖ്യമായ അനുഭവങ്ങൾ. മകരക്കൂറുകാർക്ക് കെട്ടിട നിർമ്മാണത്തിന് ലൈസൻസ് ലഭിക്കുന്നതാണ്. ആസൂത്രണം ചെയ്ത കാര്യങ്ങളിൽ പകുതിയിലധികം പ്രാവർത്തികമാക്കും. ശുക്രൻ പഞ്ചമത്തിൽ സഞ്ചരിക്കുകയാൽ സന്താന കാര്യത്തിൽ ശുഭവാർത്തയുണ്ടാ വും. ബന്ധുസമാഗമം സന്തോഷിപ്പിക്കും. ആരോഗ്യ പരിശോധനകൾ മുടക്കരുത്.
തിരുവോണം
കർമ്മഗുണാഭിവൃദ്ധി പ്രതീക്ഷിക്കാം. വേതന വർദ്ധനവോ പദവിക്കയറ്റമോ അധികാരമുള്ള അധികച്ചുമതലകളോ ലഭിക്കാനിടയുണ്ട്. തൊഴിലിടത്തിലെ ശുഷ്കാന്തി മേലധികാരികളാൽ പ്രശംസിക്കപ്പെടും. സ്വാശ്രയത്വം അഭംഗുരമാവും.സമൂഹമധ്യത്തിൽ നിലയും വിലയുമുയരും. ആശിച്ചമാതിരി ഉപരിപഠനം അന്യനാട്ടിലാവാൻ സാധ്യത കാണുന്നു. ബന്ധുക്കൾക്ക് ധനസഹായം ചെയ്യും. വസ്തുവിൽപ്പന തടസ്സപ്പെടാം. വാഗ്ദാനങ്ങൾ പാലിക്കാൻ ക്ലേശിക്കും. സുഹൃൽബന്ധങ്ങൾ ദൃഢീഭവിക്കുന്നതാണ്. അഞ്ചാമെടത്തിൽ സ്വക്ഷേത്രബലവാനായി ശുക്രൻ സ്ഥിതിചെയ്യുകയാൽ മകൾക്ക് / മകന് ശ്രേയസ്സ് ഉണ്ടാവും. കലാപ്രവർത്തകർക്ക് ആത്മവിശ്വാസം ഉയരുന്നതാണ്. അഷ്ടമത്തിൽ ചൊവ്വയും കുജനും രണ്ടിൽ രാഹുവുമുള്ളത് വാക്ദോഷം, ദേഹസൗഖ്യക്കുറവ്, അപകടങ്ങൾ ഇവയ്ക്ക് കാരണമാകുമെന്നതിനാൽ കരുതൽ വേണം.
അവിട്ടം
പോരാട്ടവീര്യവും ചുറുചുറുക്കും കാര്യസാദ്ധ്യത്തിന് ആവശ്യമായി വരുന്നതാണ്. കഴിവുകൾക്ക് അംഗീകാരം പിടിച്ചുവാങ്ങേണ്ട സ്ഥിതിയുണ്ടാവും. അവഗണിക്കപ്പെടുമ്പോൾ സ്വയം ഉണരും. ആത്മവിശ്വാസം സടകുടയും. തൊഴിലില്ലാത്തവർക്ക് അർഹതക്കൊത്ത വരുമാനം കിട്ടുന്നതാണ്. എന്നാൽ മുതൽമുടക്കി സ്ഥാപനമോ സംരംഭമോ തുടങ്ങാൻ ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ലെന്നത് ഓർക്കണം. ഏജൻസി, കമ്മീഷൻ വ്യാപാരം ഗുണദായകമാവും. കുടുംബപരമായി പൂർണ്ണസമാധാനം ഉണ്ടാവുമെന്ന് പറയാനാവില്ല. പാപഗ്രഹങ്ങൾ ദാമ്പത്യത്തിൽ അലോസരങ്ങൾ സൃഷ്ടിച്ചേക്കാം. ഗൃഹത്തിലെ പുതുതലമുറയോട് കലഹം കുറയും. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. ആരോഗ്യം ആണ് ധനം എന്നത് മറക്കരുത്.
ചതയം
പ്രവർത്തനങ്ങളിൽ പരിധിയില്ലാതെ മുഴുകുന്നതാണ്. ഔദ്യോഗികവും വ്യക്തിപരവും ആയ കാര്യങ്ങളെ കോർത്തിണക്കുന്ന തിൽ വിജയിക്കുന്നതിന് സാധിച്ചേക്കും. നാലിലെ ശുക്രസഞ്ചാരം ആടയാഭരണങ്ങൾ വാങ്ങാനോ, പാരിതോഷികം ലഭിക്കാനോ ഇടയുണ്ടാക്കും. പ്രതിസന്ധികളിൽ പെട്ടുഴലുന്ന സഹപ്രവർത്തകരെ ആശ്വസിപ്പിക്കാൻ നേരം കണ്ടെത്തും. ഗവേഷണ പ്രബന്ധം പൂർത്തിയാക്കുന്നതാണ്. അവധിക്കാലം മുന്നിൽ കണ്ട് യാത്രകൾ ആസൂത്രണം ചെയ്യും. ഏഴാമെടത്തിലെ പാപഗ്രഹങ്ങൾ കൂട്ടുകച്ചവടത്തിൽ പരാജയമുണ്ടാക്കാം. പഠനോത്സുകതയാൽ പുതിയ ഭാഷയോ സാങ്കേതിക വിഷയമോ ഗ്രഹിക്കാൻ ശ്രമിക്കും. ബന്ധുസംഗമമോ കുടുംബയോഗമോ സംഘടിപ്പിക്കാൻ മുൻകൈയെടുക്കുന്നതാണ്.
Also Read: മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
പൂരൂരുട്ടാതി
കാര്യാലോചനകളിൽ സ്വന്തം തീരുമാനം അടിച്ചേല്പിക്കും. തന്മൂലം ശത്രുക്കളുണ്ടാവും. സാമൂഹിക വിഷയങ്ങളിൽ നവമാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതും വിമർശനങ്ങൾ ക്ഷണിച്ചുവരുത്താം. ദൂരദിക്കുകളിൽ നിന്നും അനുകൂലമായ സന്ദേശം വരാനിടയുണ്ട്. ജോലിയിൽ തൃപ്തിക്കുറവുണ്ടായാലും ഉപേക്ഷിക്കുന്നത് ഉചിതമായേക്കില്ല. സന്താനങ്ങളെക്കൊണ്ട് മനസ്സന്തോഷം വരുന്നതാണ്. പൂർവ്വിക സ്വത്തിന്മേൽ തർക്കങ്ങൾ ഉടലെടുക്കാം. ബന്ധുക്കൾക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിനാവും. മടിയോ ഉണർവ്വില്ലായ്മയോ ചിലപ്പോൾ അനുഭവപ്പെടാം. ഭാര്യയും ഭർത്താവും വ്യത്യസ്ത സ്ഥലങ്ങളിൽ ജോലി ചെയ്യാൻ സാധ്യതയുണ്ട്. രോഗാവസ്ഥകളെ പ്രതിരോധിക്കും.
ഉത്രട്ടാതി
പല കാര്യങ്ങളും പ്രതീക്ഷിച്ചതിലും സുഗമതയോടെ നിർവഹിക്കാനാവും. പാരമ്പര്യ തൊഴിലുകളിലുണ്ടായിരുന്ന വിപ്രതിപത്തി മാറുകയും അവയുടെ സാധ്യതകൾ പരിശോധിക്കുകയും ചെയ്യുന്നതാണ്. ബാങ്കിൽ നിന്നുമെടുത്ത വായ്പ ഭാഗികമായി അടച്ചുതീർക്കാൻ സൗകര്യമുണ്ടായേക്കും. കൂട്ടുകെട്ടുകൾ ചിലപ്പോൾ ദോഷകരമാവാം. ദുശ്ശീലങ്ങൾ നിയന്ത്രിക്കപ്പെടണം. സാമ്പത്തിക അമളി പിണയാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണ്ടതാണ്. ജന്മനാട്ടിൽ നിന്നും അകന്നു ജീവിക്കുന്നവർക്ക് തിരികെ വരാൻ സാഹചര്യം അനുകൂലമായേക്കും. മത്സരങ്ങളിൽ അനായാസം വിജയിക്കുന്നതാണ്. നേതൃപദവി ആവശ്യപ്പെടാതെ കൈവരുന്നതാണ്. വസ്തുവ്യവഹാരം സന്ധിയിലാവും.
രേവതി
മുൻപ് ആസൂത്രണം ചെയ്തുവെച്ചിരുന്ന കാര്യങ്ങൾ പിന്നീടത്തേക്ക് നീട്ടാനിടയുണ്ട്. വസ്തുവിൽപ്പനയിൽ കൂടുതൽ ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞവർക്ക് വീണ്ടും ചെറിയ വരുമാനമാർഗമെങ്കിലും അന്വേഷിക്കേണ്ടതായി വന്നേക്കാം. ശനി ജന്മരാശിയിലുള്ളത് ആലസ്യമുണ്ടാക്കും. അനിഷ്ടങ്ങൾ മുഖം നോക്കാതെ അറിയിക്കുന്നതുമൂലം വിരോധികളുടെ എണ്ണം വർദ്ധിക്കുന്നതാണ്. കലാപരമായ താത്പര്യങ്ങൾ വികസിപ്പിക്കാൻ വഴി തെളിയും. മകന് വേണ്ടി പുതിയ വാഹനം വാങ്ങുന്നതാണ്. പന്ത്രണ്ടിലെ രാഹു പല കാരണങ്ങളാൽ വീട്ടിൽ നിന്നും മാറിനിൽക്കേണ്ട സാഹചര്യം സൃഷ്ടിക്കും. പ്രണയികൾക്ക് അത്ര സന്തോഷമുണ്ടാവാൻ ഇടയുള്ള കാലമല്ല. വ്യായാമം, സമയബന്ധിതമായ ദിനചര്യ, ആരോഗ്യ പരിശോധനകൾ ഇവ പാലിക്കപ്പെടണം.