കോഴിക്കോട്: ഹേമചന്ദ്രൻ കൊലക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കേണിച്ചിറ സ്വദേശി വൈശാഖ് ആണ് പിടിയിലായത്. മൃതദേഹം കുഴിച്ചിടാനും വൈശാഖ് സഹായിച്ചതായും അന്വേഷണ സംഘം. ഇതോടെ കേസിൽ പിടിയിലാവരുടെ എണ്ണം മൂന്നായി.
വയനാട് സ്വദേശി ഹേമചന്ദ്രന്റേത് കൊലപാതകമല്ലെന്നും ഹേമചന്ദ്രൻ ജീവനൊടുക്കിയതാണെന്നും കേസിലെ മുഖ്യപ്രതി നൗഷാദ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നിലവിൽ വിദേശത്തുള്ള നൗഷാദ് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. താൻ ഒളിച്ചോടിയിട്ടില്ലെന്നും രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് ഗൾഫിലേക്ക് വന്നതെന്നും തിരിച്ചെത്തിയാൽ പോലീസിൽ കീഴടങ്ങുമെന്നും നൗഷാദ് വീഡിയോയിൽ പറഞ്ഞു.
ഇതിന് പിന്നാലെയാണ് വൈശാഖ് പിടിയിലാകുന്നത്. ഒന്നരവർഷം മുൻപ് കോഴിക്കോട്ടു നിന്ന് കാണാതായ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം ദിവസങ്ങൾക്ക് മുമ്പാണ് നീലഗിരിയിലെ ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജ്യോതിഷ് കുമാർ, ബി.എസ്. അജേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഗൾഫിലുള്ള നൗഷാദാണ് കേസിലെ മുഖ്യപ്രതിയെന്നാണ് പോലീസ് പറയുന്നത്.
Also Read: Omanappuzha Jasmin Murder case: ഓമനപ്പുഴ കൊലപാതകം: ജാസ്മിനെ കൊന്നത് അച്ഛനും അമ്മയും ചേർന്ന്!
താനും സുഹൃത്തുക്കളുമടക്കം മുപ്പതോളം പേര്‍ക്ക് ഹേമചന്ദ്രന്‍ പണം നല്‍കാനുണ്ടായിരുന്നു. ഈ പണം കിട്ടാതായപ്പോൾ ഹേമചന്ദ്രനില്‍നിന്ന് ഒരു കരാര്‍ എഴുതി ഒപ്പിട്ടുവാങ്ങി അയാളെ വീട്ടില്‍ കൊണ്ടുവിട്ടു. അയാളെ വീട്ടില്‍ കൊണ്ടുവിട്ടതിന്റെ ലൊക്കേഷന്‍ തെളിവ് പോലീസിന്റെ കൈയിലുണ്ട്. എന്നാല്‍, അതിനുപിന്നാലെ മൈസൂരുവില്‍നിന്ന് പൈസ കിട്ടാനുണ്ടെന്ന് പറഞ്ഞ് ഹേമചന്ദ്രന്‍ തങ്ങളുടെ അടുത്തേക്ക് വന്നു. ഒരുദിവസം ബത്തേരിയിലെ വീട്ടില്‍ കിടക്കാന്‍ അനുവാദം ചോദിച്ചു. അയാള്‍ക്ക് ഭക്ഷണംവരെ താന്‍ വാങ്ങിനല്‍കി. അവിടെ കിടത്തി. എന്നാല്‍, രാവിലെ നോക്കുമ്പോള്‍ ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു. ആത്മഹത്യ ചെയ്യാനായി മനഃപൂര്‍വം അയാള്‍ അങ്ങോട്ടുവന്നതായിരുന്നു. രാവിലെ ഇത് കണ്ടപ്പോള്‍ താന്‍ സുഹൃത്തിനോട് പറഞ്ഞു. കുഴിച്ചിടുകയല്ലാതെ മറ്റുവഴിയില്ലെന്ന് സുഹൃത്തും പറഞ്ഞു. അങ്ങനെ തങ്ങള്‍ മൂന്നുപേരും കൊണ്ടുപോയി കുഴിച്ചിട്ടെന്നും നൗഷാദ് പറഞ്ഞു.
ഹേമചന്ദ്രന്റെ മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാണ് നൗഷാദ് വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. ചെയ്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയ്യാറാണ്. എന്നാല്‍, ഹേമചന്ദ്രനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന് പറയുന്നത് തെറ്റാണ്. അയാള്‍ ആത്മഹത്യചെയ്തതാണ്. അതിനാല്‍ ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയ്യാറല്ല. നല്ല സൗമ്യമായ രീതിയില്‍ പൈസ വാങ്ങിയെടുക്കാനാണ് ശ്രമിച്ചത്. ഹേമചന്ദ്രനുമായി അത്രയും നല്ല സുഹൃദ്ബന്ധമായിരുന്നുവെന്നും നൗഷാദ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.