ഇന്ത്യയുടെ രണ്ട് വജ്രായുധങ്ങളാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമയും. എന്നാൽ ടി20യിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇരുവരെയും ഇന്ത്യൻ ജേഴ്‌സിയിൽ കണ്ടിട്ട് കുറച്ചുകാലമായി. ഏകദിന മത്സരങ്ങളിൽ മാത്രമാണ് ഇരുവരും നിലവിൽ കളിക്കുക.
ഹൈലൈറ്റ്:
- ബംഗ്ലാദേശ് പര്യടനം റദ്ദ് ചെയ്യാൻ സാധ്യത
- പ്രിയ താരങ്ങളെ ഇന്ത്യൻ ജേഴ്‌സിയിൽ കാണാൻ ഇനിയും കാത്തിരിക്കണം
- ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും രോഹിതും വിരാടും വിരമിച്ചിരുന്നു


അടുത്ത കുറച്ച് ദിവസങ്ങളിൽ ഇരു ക്രിക്കറ്റ് ബോർഡുകളും ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിടുമെന്നാണ് അറിയാൻ സാധിച്ചത്. ആഗസ്റ്റ് 17, 20, 23 തീയതികളിൽ മൂന്ന് ഏകദിന മത്സരങ്ങളും തുടർന്ന് ആഗസ്റ്റ് 26, 29, 31 തീയതികളിൽ മൂന്ന് ടി20 മത്സരങ്ങളും നടത്താൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.
ഗില്‍ മുന്നില്‍ നിന്ന് നയിച്ചു; ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ആകാശ് ദീപും
പരമ്പര റദ്ദാക്കിയതോടെ വിരാടിന്റെയും രോഹിതിന്റെയും ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവും വൈകും. 2024 ലോകകപ്പ് നേടിയ ശേഷം ഇരുവരും ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള സെലക്ഷൻ മീറ്റിങ്ങിന് മുമ്പ് മുൻ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻമാർ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ നിന്നും വിരമിച്ചിരുന്നു. ഇതോടെ ഐപിഎൽ 2025ന് ശേഷം ഇരു താരങ്ങളെയും ആരാധകർ മൈതാനത്ത് കണ്ടിട്ടില്ല. ബംഗ്ലാദേശ് പര്യടനം കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന വിശ്വാസത്തിലായിരുന്നു ആരാധകർ. എന്നാൽ ആ പ്രതീക്ഷയും അസ്തമിച്ചു.
അതേസമയം ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ വിരാടും രോഹിതും കളിക്കളത്തിൽ തിരിച്ചെത്തും. എന്നാൽ അതിനായി കുറച്ചുമാസങ്ങൾ കൂടി കാത്തിരിക്കേണ്ടതുണ്ട്. ഒക്ടോബർ – നവംബർ മാസങ്ങളിലായിയാണ് ഓസ്‌ട്രേലിയൻ പര്യടനം നടക്കുക. 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളും കളിക്കാൻ മെൻ ഇൻ ബ്ലൂ ഓസ്‌ട്രേലിയയിൽ പര്യടനം നടത്തും.
ഒക്ടോബർ 19, 23, 25 തീയതികളിൽ മൂന്ന് ഏകദിന മത്സരങ്ങളും ഒക്ടോബർ 29, 31, നവംബർ 2, 6, 8 തീയതികളിൽ 5 ടി20 മത്സരങ്ങളും നടക്കും. 2025 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് രോഹിതും വിരാടും അവസാനമായി ഏകദിനം കളിച്ചത്. ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി രോഹിത് നയിച്ച ടീം ട്രോഫി ഉയർത്തി.
ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2 ടെസ്റ്റുകളും 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളും കളിക്കും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ഇന്ത്യ ന്യൂസിലൻഡിനെതിരെ 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളും കളിക്കും.
ഡിസംബർ 24 മുതൽ 2026 ജനുവരി 18 വരെ നടക്കാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ വിരാടിനോടും രോഹിത്തിനോടും ആവശ്യപ്പെട്ടേക്കാം. 2013 മുതൽ വിരാട് വൈറ്റ്-ബോൾ ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടില്ല. 2018/19 വിജയ് ഹസാരെ ട്രോഫിയിൽ രോഹിത് മുംബൈയ്ക്കായി കളിച്ചിരുന്നു.