ഇതെന്ത് പണിയാണ്..! അമ്പരപ്പോടെ ആരാധകര്‍; മുള്‍ഡര്‍ 367* റണ്‍സെടുത്ത് നില്‍ക്കെ ഡിക്ലയര്‍ ചെയ്തത് ലാറയോടുള്ള ആദരവോ?

Spread the love

Wiaan Mulder: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോഡുകളില്‍ ഒന്നാണ് ബ്രയാന്‍ ലാറ (Brian Lara) യുടെ 400* റണ്‍സ്. ഈ റെക്കോഡ് തകര്‍ക്കാന്‍ 34 റണ്‍സ് കൂടി മതിയായിരുന്നു വിയാന്‍ മുള്‍ഡര്‍ക്ക്. 367* റണ്‍സെടുത്ത് നില്‍ക്കെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് ഡിയക്ലയര്‍ ചെയ്തു.

ഹൈലൈറ്റ്:

  • ഇതിഹാസങ്ങളുടെ പട്ടികയില്‍ വിയാന്‍ മുള്‍ഡര്‍
  • മുള്‍ഡര്‍ നിരവധി റെക്കോഡുകള്‍ തകര്‍ത്തു
  • ബ്രയാന്‍ ലാറ റെക്കോഡ് (400*) സുരക്ഷിതം
വിയാന്‍ മുള്‍ഡര്‍
വിയാന്‍ മുള്‍ഡര്‍ (ഫോട്ടോസ്Getty Images)

ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ ( Brian Lara ) യുടെ റണ്‍ കൊടുമുടിക്ക് അരികില്‍ 27കാരന്‍. 148 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (400*) എന്ന റെക്കോഡ് മറികടക്കാന്‍ വിയാന്‍ മുള്‍ഡര്‍ ( Wiaan Mulder ) ഒരുങ്ങുന്നതിനിടെ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. സിംബാബ്‌വെയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ( Zimbabwe vs South Africa , 2nd Test) വിയാന്‍ മുള്‍ഡര്‍ 367 റണ്‍സുമായി ക്രീസില്‍ നില്‍ക്കെ ദക്ഷിണാഫ്രിക്ക അഞ്ചിന് 626 എന്ന നിലയിലാണ് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. പുറത്താവാതെ 400 റണ്‍സെടുത്ത വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോഡ് ഇതോടെ സുരക്ഷിതമായി.

ഏകദിനത്തിലും ടി20 വെടിക്കെട്ടുമായി വൈഭവ്; ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച് ഇന്ത്യ

ദക്ഷിണാഫ്രിക്കയുടെ നായകന്‍ കൂടിയാണ് വിയാന്‍ മുള്‍ഡര്‍ എന്നതിനാല്‍ കൈയെത്തും ദൂരത്ത് റെക്കോഡ് ഡിക്ലയര്‍ തീരുമാനത്തിന് പിന്നില്‍ ലാറയോടുള്ള ആദരവ് ആണോ എന്നാണ് ആരാധകരുടെ സംശയം. മല്‍സരത്തില്‍ ഫലം ഉണ്ടാവണമെന്ന ക്യാപ്റ്റന്റെ താല്‍പര്യമാണ് ഡിക്ലയറിന് പിന്നിലെന്ന് കരുതുന്നവര്‍ കുറവാണ്. ടീം മാനേജ്‌മെന്റിന്റെയോ മറ്റോ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നോ എന്ന സംശയവും ഉയര്‍ന്നു.

എന്ത് തന്നെ ആയാലും ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ വ്യക്തിഗത സ്‌കോര്‍ ആണിത്. സിംബാബ്‌വെയെ അവരുടെ നാട്ടില്‍ നേരിട്ട് 334 പന്തില്‍ 367 റണ്‍സാണ് മുള്‍ഡര്‍ അടിച്ചുകൂട്ടിയത്. 49 ബൗണ്ടറികളും നാല് സിക്‌സറുകളും പായിച്ചു. ഏകദിന ശൈലിയില്‍ 109.88 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്.

എംഎസ് ധോണിക്ക് ഇന്ന് 44ാം പിറന്നാള്‍: വിക്കറ്റ് കീപ്പര്‍ ബാറ്റിങില്‍ വിപ്ലവം രചിച്ച താരത്തിന്റെ സംഭവബഹുലമായ കരിയര്‍
ക്യാപ്റ്റന്‍സിയില്‍ അരങ്ങേറ്റം കുറിച്ച മല്‍സരത്തില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടിയതോടെ വിയാന്‍ മുള്‍ഡര്‍ നിരവധി റെക്കോഡുകളും സ്വന്തം പേരിലാക്കി. വിദേശ രാജ്യത്ത് 350 ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ കളിക്കാരനാണ്. ക്യാപ്റ്റന്‍സിയില്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമായി.

രണ്ടാം ദിനമായ ഇന്ന് മറുപടി ബാറ്റിങ് ആരംഭിച്ച സിംബാബ്‌വെ തുടക്കത്തില്‍ തന്നെ തകര്‍ന്നു. 10 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നിന് 24 എന്ന നിലയിലാണ്.

ഇത് ചരിത്രം… വൈഭവ് സൂര്യവംശി പൊളി തന്നെ; യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന അഞ്ച് വ്യക്തിഗത സ്‌കോറുകള്‍
1. ബ്രയാന്‍ ലാറ (400*)
രണ്ട് തവണ 350+ സ്‌കോറുകള്‍ നേടിയ ഏക കളിക്കാരനാണ് ബ്രയാന്‍ ലാറ. 2004 ല്‍ ആന്റിഗ്വ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെതിരെ ആണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏക ഇരട്ട ഡബിള്‍ സെഞ്ചുറി (400*) നേടുന്നത്. 21 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ന് ഒരാള്‍ അതിന് അടുത്ത് എത്തുന്നത്.

ലാറയുടെ ‘അമാനുഷിക ഇന്നിങ്‌സ്’ ഉണ്ടായിരുന്നിട്ടും മത്സരം സമനിലയില്‍ അവസാനിച്ചു. ഇംഗ്ലണ്ട് 3-0 ന് പരമ്പര നേടുകയും ചെയ്തു.

2. മാത്യു ഹെയ്ഡന്‍ (380)
2003ല്‍ പെര്‍ത്തില്‍ സിംബാബ്വെയ്ക്കെതിരെ മാത്യു ഹെയ്ഡന്‍ 380 റണ്‍സ് നേടി. ഇതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ലാറയുടെ 400 തികച്ച ഇന്നിങ്‌സ് പിറക്കുന്നത്. വിജയിച്ച മല്‍സരത്തില്‍ ഒരു താരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ്‌സ്‌കോര്‍ ആണ് 380.

3. ബ്രയാന്‍ ലാറ (375)
400 റണ്‍സ് നേടുന്നതിന് 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതേ വേദിയില്‍ (ആന്റിഗ്വ റിക്രിയേഷന്‍ ഗ്രൗണ്ട്) അതേ എതിരാളിക്കെതിരെ (ഇംഗ്ലണ്ട്) ലാറ 375 റണ്‍സ് നേടി. ഈ കളിയും സമനിലയില്‍ അവസാനിച്ചു.

4. മഹേല ജയവര്‍ധനെ (374)
2006 ല്‍ കൊളംബോയില്‍ ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ 374 റണ്‍സ് നേടി. ജയവര്‍ധനെയും കുമാര്‍ സംഗക്കാരയും ചേര്‍ന്ന് 624 റണ്‍സിന്റെ ലോക റെക്കോഡ് കൂട്ടുകെട്ടുണ്ടാക്കിയ മത്സരമാണിത്. സംഗക്കാര 287 റണ്‍സ് നേടി. ശ്രീലങ്ക ഇന്നിങ്സിനും 153 റണ്‍സിനും വിജയിച്ചു.

5. വിയാന്‍ മുള്‍ഡര്‍ (367*)
2025 ല്‍ ഹരാരെയില്‍ സിംബാബ്വെയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയാണ് പ്രകടനം. വിദേശ പിച്ചില്‍ 350 ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ കളിക്കാരനും ക്യാപ്റ്റന്‍സിയില്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ക്യാപ്റ്റനുമാണ്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക