Kerala News Live Updates: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മാധ്യമപ്രവര്ത്തകന് എംആര്‍ അജയനാണ് ഹര്‍ജി നല്‍കിയത്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി. വീണയും കോടതിയില്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എത്തിയത്.
ഹര്‍ജിയില്‍ പൊതുതാത്പര്യമില്ലെന്നും രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യമെന്നുമാണ് മുഖ്യമന്ത്രിയും മകള്‍ ടി വീണയും വ്യക്തമാക്കിയത്. കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. പൊതുതാത്പര്യ ഹര്‍ജി തന്നെ ബോധപൂര്‍വം മോശക്കാരിയായി ചിത്രീകരിക്കാനെന്ന് മുഖ്യമന്ത്രിയുടെ മകള്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്നും താന്‍ വിദ്യാസമ്പന്നയായ യുവതിയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
-
Jul 11, 2025 10:30 IST
പ്ലസ് വണ്‍: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുകൂടി
പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഇന്ന് വൈകീട്ട് നാലു മണി വരെ സ്വീകരിക്കും. അപേക്ഷ നൽകിയിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് പുതുക്കണം. ഹയർസെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിൽ പ്രവേശിച്ചാണ് പുതുക്കേണ്ടത്.