2025 ജൂലൈ 28 ന് (കർക്കടകം 12 ന്) ചൊവ്വ കന്നി രാശിയിലേക്ക് സംക്രമിക്കുന്നു. സെപ്തംബർ 13 (ചിങ്ങം 28) വരെ ചൊവ്വ കന്നിരാശിയിൽ തുടരുന്നതാണ്. ചൊവ്വ കന്നിരാശിയിൽ പ്രവേശിക്കുന്നതോടെ കുജ -കേതു യോഗത്തിന് അവസാനമാകും. കഴിഞ്ഞ മൂന്നാലു മാസമായി തുടരുന്ന ‘കാളസർപ്പയോഗം’ അതോടെ ഇല്ലാതാവുന്നു.
ഈ രണ്ടു തമശ്ശക്തികളുടെ യോഗം ലോകത്തിനുണ്ടാക്കിയ ചേതം ചെറുതൊന്നുമായിരുന്നില്ല. ചൊവ്വ ശരാശരി ഒരു രാശിയിൽ ഒന്നരമാസം അഥവാ 45 ദിവസം വീതം സഞ്ചരിക്കും. ഇത്തവണ ഏതാണ്ട് 50 ദിവസം കന്നിരാശിയിൽ തുടരുകയാണ്. ചൊവ്വയുടെ ശത്രുവായ ബുധൻ്റെ സ്വക്ഷേത്രമാണ് കന്നിരാശി എന്നതോർക്കാം.
പാപഗ്രഹം (ചൊവ്വ ഒരു പാപഗ്രഹമാണ്), ശത്രുരാശിയിലൂടെ കടന്നുപോവുമ്പോൾ കൂടുതൽ ദുർബലനായി മാറുന്നു. തന്മൂലം അതിൻ്റെ ക്രൂരശക്തി കൂടും എന്നതാണ് മനസ്സിലാക്കാനുള്ളത്. ഇക്കാലയളവിൽ വ്യാഴം, ശുകൻ, ബുധൻ എന്നീ ശുഭഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ചൊവ്വയ്ക്ക് ലഭിക്കുന്നില്ല. എന്നാൽ പാപഗ്രഹമായ ശനിയും ചൊവ്വയും പരസ്പരം നോക്കുന്നു. തന്മൂലം ചൊവ്വയുടെ ക്രൗര്യം വർദ്ധിക്കുന്നതാണ്.
കന്നിരാശിയിൽ ഉത്രം, അത്തം, ചിത്തിര എന്നീ നക്ഷത്രമണ്ഡലങ്ങളുണ്ട്. കർക്കടക മാസം അവസാനം വരെ ഉത്രത്തിലും ചിങ്ങമാസം 20 വരെ അത്തത്തിലും തുടർന്ന് ചിത്തിരയിലും ചൊവ്വ സഞ്ചരിക്കും.
Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ചിങ്ങം 28ന്, സെപ്തംബർ 13 ന് ചൊവ്വ തുലാം രാശിയിൽ പ്രവേശിക്കുന്നതാണ്. ഈ യാഥാർത്ഥ്യങ്ങൾ മുൻനിർത്തി മേടക്കൂറ് മുതൽ മീനക്കൂറ് വരെയുള്ള പന്ത്രണ്ടു രാശികളിൽ, മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് വരാവുന്ന അനുഭവങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ഒമ്പതിൽ നിന്നും പത്താം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. അനുകൂലമായ ഭാവമല്ല. എന്നാൽ കടുത്ത പ്രതികൂലതകൾ പറയാനുമില്ല. ബിസിനസ്സിനായി കടം വാങ്ങരുത്. പിന്നീട് അതു വീടാൻ വിഷമമായേക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ക്ലേശിക്കുന്നതാണ്. ലൈസൻസും മറ്റും കിട്ടാൻ അലച്ചിലുണ്ടാവും. വാഗ്ദാനങ്ങൾ തടസ്സപ്പെടും. തീർത്ഥാടനം മാറ്റിവെക്കേണ്ടി വന്നേക്കും. അധികാര സ്ഥാനങ്ങളിലേക്ക് മത്സരം ഉണ്ടാവാം. അനായാസ വിജയം പ്രതീക്ഷിക്കേണ്ടതില്ല. നിലവിൽ ചെയ്തു വരുന്ന ജോലി ഉപേക്ഷിച്ചാൽ പുതിയ ജോലി ഉടനെ കിട്ടാൻ സാധ്യത കുറവാണ്. സഹായ വാഗ്ദാനങ്ങൾ പാഴാവുന്നതിൽ വിഷമിക്കും. ഏറ്റെടുക്കുന്ന ചടങ്ങുകളുടെ സംഘാടനം എത്രയൊക്കെ വിയർപ്പ് ചിന്തിയാലും വിമർശിക്കപ്പെട്ടേക്കാം. കലാരംഗത്തുള്ളവർക്ക് അവസരങ്ങൾ കുറയാം. വേതന വർദ്ധനവ്, പ്രൊമോഷൻ തുടങ്ങിയവയ്ക്ക് സാധ്യത വിരളമാണ്. കുടുംബ ബന്ധങ്ങളിൽ സമ്മിശ്ര ഫലം പ്രതീക്ഷിച്ചാൽ മതിയാകും.
Also Read: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
ഏറ്റവും പ്രതികൂല സ്ഥാനമായ അഷ്ടമത്തിൽ നിന്നും ചൊവ്വ മാറുന്നത് ഒട്ടൊക്കെ ആശ്വാസം തന്നെ. ഒമ്പതാമെടത്തും ചില ക്ലേശങ്ങൾ ചൊവ്വ സൃഷ്ടിക്കുന്നതാണ്. ഭാഗ്യാനുഭവങ്ങൾക്ക് ഭ്രംശം ഭവിക്കാം. ന്യായമായ അവകാശങ്ങൾ വൈകിപ്പിക്കപ്പെടാം. പിതാവിൽ നിന്നുള്ള സ്വത്തും അനുഭവങ്ങളും വ്യവഹാരത്തിലേക്ക് മാറാനിടയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. ഉപാസനകൾ, ദൈവിക സമർപ്പണങ്ങൾ, തീർത്ഥാടനങ്ങൾ ഇവക്ക് ഭംഗം / തടസ്സം വരാനിടയുണ്ട്. നിയമനം കിട്ടിയ ജോലിയിൽ പ്രവേശിക്കാൻ കാലതാമസം ഉണ്ടാവും. സഹോദരരുമായി പിണക്കം വരാം. പൊതുപ്രവർത്തകർ അണികളുടെ അതൃപ്തിക്ക് പാത്രമായേക്കാം. പ്രമാണം, കരാറുകൾ, ഉടമ്പടികൾ ഇവയിൽ ഒപ്പിടുമ്പോൾ വ്യവസ്ഥകൾ നിർബന്ധമായും മനസ്സിലാക്കിയിരിക്കണം. സഹായിക്കാമെന്നേറ്റവർ അവസാന നിമിഷം കൈമലർത്താം. ആരോഗ്യ പരിപാലനത്തിൽ ശുഷ്കാന്തി വേണ്ടതുണ്ട്. രക്തസമ്മർദ്ദം ഉള്ളവർ കൂടുതൽ കരുതൽ പുലർത്തണം.
Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
കുംഭക്കൂറിന് (അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
ചൊവ്വയുടെ കന്നിരാശിയിലേക്കുള്ള മാറ്റത്താൽ കൂടുതൽ ക്ലേശം വന്നുപെടുന്ന ഒരുരാശി കുംഭക്കൂറാണ്. അഷ്ടമത്തിലേക്കാണ് ചൊവ്വ മാറുന്നത്. തന്മൂലം അനിഷ്ട കാര്യങ്ങൾ ചെയ്യേണ്ടിവരും. ‘തൊട്ടതും പിടിച്ചതും ‘ അബദ്ധമായി എന്നുവന്നേക്കാം. അനാവശ്യ വിവാദങ്ങളിൽ ചെന്നുചാടാനിടയുണ്ട്. ‘പുലിവാൽ പിടിക്കുക’ എന്ന ശൈലി ശരിയായി വരുന്ന കാലമാവും. മനസ്സിനിണങ്ങാത്തവരുമായി ഒത്തിണങ്ങേണ്ട സാഹചര്യം സംജാതമായേക്കും. പരീക്ഷണങ്ങൾ പരാജയപ്പെടാം. നിത്യവും ഓരോ തലവേദനകൾ വിരുന്നുവരാം. ആത്മാർത്ഥതയെ ഉറ്റവർതന്നെ സംശയിച്ചേക്കും. ഭൂമി സംബന്ധിച്ചുള്ള വ്യാപാരം നഷ്ടത്തിൽ കലാശിക്കുന്നതാണ്. സാമ്പത്തിക അമളികൾക്ക് വിധേയരാവാൻ സാധ്യതയുള്ളതിനാൽ കരുതൽ അനിവാര്യം. കുടുംബ ജീവിതത്തിൽ ഒറ്റപ്പെട്ടുപോകാം. ഉദ്യോഗസ്ഥർക്ക് അർഹിക്കുന്ന സ്ഥാനവും വേതനവും തടയപ്പെടുവാനിടയുണ്ട്. വാഹനം, അഗ്നി, ആയുധം ഇവയുടെ ഉപയോഗത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തണം. ബിസിനസ്സിൽ കൂടുതൽ മുതൽമുടക്കുക, കടം വാങ്ങുക തുടങ്ങിയവയും പിന്നീട് ദോഷത്തിനിടയുണ്ടാക്കും.
മീനക്കൂറിന് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)
ആറാമെടത്തിൽ നിന്നും എഴാമെടത്തിലേക്ക് ചൊവ്വ മാറിയത് അനുകൂലമാണെന്ന് പറയാനാവില്ല. പ്രണയികൾക്കിടയിലെ ഹൃദയബദ്ധത്തിന് ശൈഥില്യം ഉണ്ടാക്കാം. ദാമ്പത്യത്തിലും ചില വൈപരീത്യങ്ങൾ ഭവിക്കുന്നതാണ്. ഭാര്യാഭർത്താക്കന്മാർ വ്യത്യസ്തസ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടതായി വരാം. കൂട്ടുകച്ചവടത്തിലെ പാർട്ണർമാർക്കിടയിൽ തർക്കങ്ങൾ ഉയരുന്നതാണ്. പഠനത്തിനായി/വിദേശത്തുപോകാൻ അവസരം ലഭിക്കും. ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നതിനാൽ പിഴ ഒടുക്കേണ്ടി വരാം. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടതുണ്ട്. മത്സരങ്ങളിലും അഭിമുഖങ്ങളിലും കഴിവിനനുസരിച്ച് ശോഭിക്കാൻ സാധിക്കണമെന്നില്ല. ബന്ധുതർക്കങ്ങളിൽ മാധ്യസ്ഥത്തിന് ശ്രമിക്കും. എന്നാൽ ദുരാരോപണങ്ങളെ നേരിടേണ്ട സ്ഥിതിവരാം. ആടയാഭരണങ്ങൾ വാങ്ങുന്നതാണ്. വിനോദയാത്രകൾക്കും പ്രതീക്ഷിച്ചതിലും ചെലവുണ്ടാവും. വിവാഹകാര്യത്തിൽ തീരുമാനം നീളാം. സർക്കാർ രേഖകൾ / ലൈസൻസ് നേടാൻ പുനർശ്രമങ്ങൾ വേണ്ടിവന്നേക്കും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ജാഗ്രതയുണ്ടാവണം.