തിരുവനന്തപുരം
ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരുമെന്ന് പ്രഖ്യാപിച്ചതോടെ പ്രഭാരി പ്രകാശ് ജാവദേക്കറും പാർടിയിലെ ഗ്രൂപ്പ് വഴക്കിന്റെ കാഠിന്യം തുറന്നു സമ്മതിക്കുന്നതിന് തുല്യമായി. സുരേന്ദ്രൻ പരാജയമാണെന്നും അടിമുടി മാറ്റം വേണമെന്നും വിലയിരുത്തിയ ദേശീയ നേതൃത്വം തന്നെയാണ് തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ഗ്രൂപ്പ് അടി മൂപ്പിക്കണ്ട എന്ന് തീരുമാനിച്ചത്. 15, 16 തീയതിയിൽ നടക്കുന്ന ദേശീയ നിർവാഹക സമിതിയിൽ കേരളമടക്കം കാലാവധി തീർന്ന വിവിധ സംസ്ഥാനങ്ങളുടെ അധ്യക്ഷർക്ക് തുടരാൻ അനുമതി നൽകാനാണ് സാധ്യത.
അതേസമയം, സുരേന്ദ്രന്റെ നേതൃത്വത്തിലാണ് അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പ് നേരിടുന്നതെങ്കിൽ കെട്ടിവച്ച പണം കേരളത്തിൽ ഒരു മണ്ഡലത്തിലും ബിജെപിക്ക് കിട്ടില്ലെന്നാണ് വിരുദ്ധപക്ഷം ഉറപ്പിച്ച് പറയുന്നത്. സുരേഷ് ഗോപി അടക്കമുള്ളവർ ഈ കാരണം കൊണ്ടു തന്നെ മത്സരിക്കാൻ തയ്യാറായേക്കില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സുരേന്ദ്രൻ അധ്യക്ഷനായ ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഉണ്ടായിരുന്ന നേമം കൈവിട്ടു. പാർടിയിൽ സുരേന്ദ്രനോടൊപ്പമുണ്ടായിരുന്ന പലരും മറുകണ്ടം ചാടി. മുന്നണിയിൽ ആകെയുണ്ടായിരുന്ന ബിഡിജെഎസിനെ ശത്രുവാക്കി. സാഹചര്യം മോശമായതിനാൽ സ്വയം മാറാൻ കാത്തുനിൽക്കവെയാണ് സുരേന്ദ്രന് വീണ്ടും ‘ പണി ’. സംസ്ഥാന ബിജെപി യിലെ ഭൂരിപക്ഷം യൂണിറ്റും പ്രവർത്തിക്കുന്നില്ലെന്നും നേതാക്കൾക്ക് ജനബന്ധമില്ലെന്നും പിന്നീട് ബംഗാൾ ഗവർണറായ സി വി ആനന്ദബോസ് ഉൾപ്പെട്ട സമിതി ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് കൊടുത്തിരുന്നു.
ജനറൽ സെക്രട്ടറി എം ടി രമേശും സെക്രട്ടറി എസ് സുരേഷും ഒഴികെ നേതാക്കൾ ആരും പ്രവർത്തിക്കുന്നില്ല എന്ന് റിപ്പോർട്ട് കൊടുത്ത ജാവദേക്കർ അടുത്ത തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്റെ മറുപടിയും വേണ്ടെന്നാണ് പറഞ്ഞത്. ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അടുത്തിടെ കോട്ടയത്ത് വിളിച്ച ഭാരവാഹി യോഗത്തിലും നേതൃത്വത്തിന്റെ കഴിവുകേടിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ