സിപിഎം ആലപ്പുഴ നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ നിന്നും ഒരു കോടിയുടെ ലഹരി വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ ഇടപെട്ട് ജില്ലാ നേതൃത്വം. ആരോപണവിധേയനായ ഷാനവാസ് ഇന്നലെ ചേർന്ന ഏരിയാ കമ്മറ്റിയിൽ വിശദീകരണം നൽകിയെങ്കിലും തൃപ്തികരമല്ലെന്ന നിലപാടിലാണ് നേതൃത്വം.
കഴിഞ്ഞ ദിവസം കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് രണ്ട് ലോറികളിലും,പിക്കപ്പ് വാനുകളിലുമായി കടത്തിയ ഒരു കോടിയുടെ ലഹരി വസ്തുക്കൾ പിടികൂടിയത്. പൊലീസ് നടത്തിയ പരിശോധനയിൽ സിപിഎം ആലപ്പുഴ നോർത്ത് ഏരിയാ സെൻറർ അംഗവും, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ ഷാനവാസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം എന്ന് കണ്ടെത്തുകയായിരുന്നു.
സംഭവം വിവാദമായതോടെ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശാനുസരണം ജില്ലാ സെക്രട്ടറി ആർ നാസർ പങ്കെടുത്തു കൊണ്ടുള്ള യോഗം ഇന്നലെ രാത്രി വിളിച്ചു ചേർത്തു. ഇടുക്കി സ്വദേശിയായ പുത്തൻ പുരയ്ക്കൽ ജയൻ എന്നയാൾക്ക് താൻ വാഹനം വാടകയ്ക്ക് നൽകിയതാണെന്ന് ഷാനവാസ് വിശദീകരിച്ചെങ്കിലും നേതൃത്വം അത് കണക്കിലെടുത്തിട്ടില്ല.
സാധാരണ ശനിയാഴ്ച കൂടാറുള്ള പ്രതിവാര സെക്രട്ടേറിയറ്റ് വരെ കാത്തുനിൽക്കാതെ ഇന്നോ നാളെയോ അടിയന്തര സെക്രട്ടേറിയറ്റ് വിളിച്ച് ചേർക്കാനാണ് തീരുമാനം.ഇതിന് മുമ്പ് ആരോപണ വിധേയനായി സംഘടനാ നടപടി നേരിട്ടുള്ള ആളാണ് ഷാനവാസ്. അന്വേഷണ കമ്മീഷൻ രൂപീകരിക്കാനും തീരുമാനമുണ്ടായേക്കും. അതേസമയം ഷാനവാസിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.. ഷാനവാസിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ നഗരസഭയിലേക്ക് മാർച്ച് നടത്തി.
സംഭവത്തില്‍ മൂന്നുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സീ വ്യൂ വാര്‍ഡ് ഇജാസ് മന്‍സിലില്‍ ഇജാസ് (27), വെള്ളക്കിണര്‍ സജാദ് മന്‍സിലില്‍ നാനാജിയെന്നുവിളിക്കുന്ന സജാദ് (28), കരുനാഗപ്പള്ളി പുത്തന്‍തെരുവ് പനങ്ങോട്ടുമുക്ക് കൊല്ലിലേത്ത് പടീറ്റതില്‍ ഷമീര്‍ (39) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.