കല്‍പ്പറ്റ (വയനാട്)> വയനാട് പുതുശ്ശേരി വെള്ളാരംകുന്നില്‍ കര്‍ഷകനെ കൊന്ന കടുവയെ കുപ്പാടിത്തറയില്‍ മയക്കുവെടിവച്ച് പിടികൂടി. പ്രദേശത്ത് രാവിലെ കണ്ട കടുവയെ പകല്‍ 12.30ഓടെയാണ് വനപാലക സംഘം പിടികൂടിയത്. വെടിയേറ്റ് കുന്നിന്‍ മുകളിലേക്ക് ഓടിയ കടുവ 500 മീറ്ററോളം അകലെ വാഴത്തോട്ടത്തില്‍ മയങ്ങിവീണു. തുടര്‍ന്ന് വനപാലക സംഘം വലയലിലാക്കി. മുത്തങ്ങ നാലാംമൈലിലെ മൃഗ പരിപാലന കേന്ദ്രത്തിലാക്കി. പ്രാഥമിക വിലയിരുത്തലിലാണ് വെള്ളാരംകുന്നിലെ കടുവ തന്നെയാണിതെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ആറ് തവണയാണ് കടുവയ്ക്കായി വനംവകുപ്പ് വെറ്ററിനറി ഓഫീസര്‍ വെടിവച്ചത്. കാലിലാണ് വെടിയേറ്റത്. വെടിയേറ്റ ശേഷം അര മണിക്കൂറോളം കഴിഞ്ഞാണ് മയങ്ങിവീണത്. സമീപത്തെ പറമ്പുകളിലൂടെയും ഇടവഴികളിലൂടെയും പാതിമയക്കത്തില്‍ കറങ്ങിയ ശേഷമാണ് കടുവ വീണത്. ഇതോടെ ആര്‍ആര്‍ടി സംഘം വലയിലാക്കുകയായിരുന്നു.
പ്രദേശത്ത് കടുവയെ കണ്ടയുടന്‍ നാട്ടുകാര്‍ അറിയിച്ചതാണ് എളുപ്പത്തില്‍ പിടികൂടാന്‍ സാധിച്ചത്. എന്നാല്‍, മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ അപകടകരമായ രീതിയില്‍ നാട്ടുകാര്‍ തടിച്ചുകൂടിയത് ആശങ്കയുണ്ടാക്കി. പൊലീസും വനപാലകരും നാട്ടുകാരോട് പിന്മാറാന്‍ ആവശ്യപ്പെട്ടത് വാക്കേറ്റത്തിന് ഇടയാക്കി. മയക്കുവെടിയേറ്റ കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനും നാട്ടുകാര്‍ ശ്രമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ