സുപ്രീംകോടതി കൊളീജിയം : കടന്നാക്രമണം സംഘപരിവാർ അജൻഡ, കേന്ദ്രസർക്കാർ പരസ്യ ഏറ്റുമുട്ടലിനുള്ള ഒരുക്കത്തിൽ

Spread the love




ന്യൂഡൽഹി

ജഡ്‌ജി നിയമനത്തിനുള്ള സുപ്രീംകോടതിയുടെ കൊളീജിയം സംവിധാനം ഭരണഘടനാ വിരുദ്ധമാണെന്ന കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ പരാമർശം ഏറ്റുമുട്ടൽ കടുപ്പിക്കാൻ. ആകാശവാണിക്ക്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്‌ കൊളീജിയം സംവിധാനത്തിനെതിരായി നിയമമന്ത്രി ആഞ്ഞടിച്ചത്‌. ജഡ്‌ജി നിയമനത്തിൽ കൊളീജിയം സംവിധാനമാണ്‌ രാജ്യത്തെ നിയമമെന്നും അത്‌ കർശനമായി പാലിക്കണമെന്നും സുപ്രീംകോടതി അടുത്തിടെ കേന്ദ്രത്തെ ആവർത്തിച്ച്‌ ഓർമിപ്പിച്ചിരുന്നു. ഇത്‌ നിയമമന്ത്രിയെ പ്രകോപിപ്പിച്ചതിന്റെ തുടർച്ചയാണ്‌ പരാമർശമെന്നതും വ്യക്തം.

സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയ അജൻഡയോട്‌ ചേർന്നുപോകാത്തവരെ ജഡ്‌ജി സ്ഥാനത്തേക്ക്‌ സുപ്രീംകോടതി കൊളീജിയം നിർദേശിക്കുന്നതാണ്‌ കേന്ദ്ര സർക്കാരിനെ പ്രകോപിപ്പിക്കുന്നത്‌. ഇത്തരം പല പേരുകളും കേന്ദ്രം തിരിച്ചയക്കുകയോ കാലതാമസം വരുത്തുകയോ ആണ്‌. കേന്ദ്രം തിരിച്ചയച്ചാലും കൊളീജിയം വീണ്ടും നിർദേശിച്ചാൽ അത്‌ അംഗീകരിക്കണമെന്നാണ്‌ കീഴ്‌വഴക്കം. എന്നാൽ, കൊളീജിയം ആവർത്തിച്ച്‌ നിർദേശിച്ച പേരുകൾ അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല. നിലവിൽ സുപ്രീംകോടതി ജഡ്‌ജിയായ ജസ്‌റ്റിസ്‌ കെ എം ജോസഫിന്റെ പേരുപോലും പരമാവധി വച്ചുതാമസിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. കൊളീജിയം രണ്ടാമതും നിർദേശിച്ചപ്പോഴാണ്‌ നിയമനം അംഗീകരിച്ചത്‌.

കൊളീജിയം വിഷയത്തിൽ സുപ്രീംകോടതിയുമായി പരസ്യമായ ഏറ്റുമുട്ടലിനുള്ള ഒരുക്കത്തിലാണ്‌ കേന്ദ്രം. നിയമമന്ത്രിക്ക്‌ പുറമെ ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻഖറും സമീപ കാലത്തായി ജുഡീഷ്യറിക്കെതിരെ തിരിയുന്നുണ്ട്‌. കൊളീജിയത്തിൽ മാത്രമല്ല, ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക്‌ വിരുദ്ധമായാൽ പാർലമെന്റ്‌ പാസാക്കുന്ന നിയമങ്ങളെ അസാധുവാക്കാനുള്ള സുപ്രീംകോടതിയുടെ അധികാരത്തെപ്പോലും ധൻഖർ ചോദ്യംചെയ്യുന്നതും കൃത്യമായ സംഘപരിവാർ അജൻഡയാണ്‌.

ഹിന്ദുരാഷ്ട്ര പ്രഖ്യാപനം അടക്കമുള്ള ഭരണഘടനാ വിരുദ്ധമായ പല ലക്ഷ്യങ്ങളുമാണ്‌  സംഘപരിവാറിനുള്ളത്‌. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതടക്കം ആർഎസ്‌എസിന്റെ അജൻഡകൾ മോദി സർക്കാർ നടപ്പാക്കിയിട്ടുണ്ട്‌. ഏകീകൃത സിവിൽ കോഡുൾപ്പെടെയുള്ളവ ശേഷിക്കുന്നു. പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ ഈ അജൻഡകളിലേക്ക്‌ കടന്നാൽ സുപ്രീംകോടതി തടസ്സമാകുമോയെന്ന ആശങ്കയാണ്‌ ഇത്തരമൊരു നീക്കങ്ങൾക്കുപിന്നിൽ.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!