ന്യൂഡൽഹി
കൊളീജിയം വിഷയത്തിൽ തന്റെമേലെ ചാരിനിന്ന് നിലപാട് പറയേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി റിജിജുവിനോട് ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി ആർ എസ് സോധി. സുപ്രീംകോടതി ഭരണഘടനയെ അട്ടിമറിച്ചെന്ന് കുറ്റപ്പെടുത്തുന്ന ജസ്റ്റിസ് സോധിയുടെ അഭിമുഖത്തിന്റെ വീഡിയോ കഴിഞ്ഞദിവസം റിജിജു ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ‘വിഷയം ഉയർത്തിയതിൽ നന്ദി പറയുന്നു. എന്നാൽ, താൻ രാഷ്ട്രീയനേതാവല്ല. തന്റെമേലെ ചാരി കാര്യങ്ങൾ പറയേണ്ടതില്ല. കൊളീജിയം സംവിധാനം ഭരണഘടനാ വിരുദ്ധമാണെന്നത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്’–- സോധി പറഞ്ഞു.
ജസ്റ്റിസ് സോധിയുടെ പരാമർശങ്ങളെ വിവേകമുള്ള വാക്കുകളെന്നാണ് റിജിജു വിശേഷിപ്പിച്ചത്. ഭരണഘടനാ തത്വങ്ങളെയും ജനവിധിയെയുമെല്ലാം തള്ളിപ്പറയുന്ന ചുരുക്കം ചിലർക്കാണ് തങ്ങൾ ഭരണഘടനയ്‌ക്കും മേലെയാണെന്ന തോന്നലുള്ളത്’–- റിജിജു ട്വിറ്ററിൽ കുറിച്ചു. തന്റെ നിലപാട് രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെയാണ് മുന്‍ജസ്റ്റിസ് രംഗത്തുവന്നത്.
ജഡ്‌ജിമാരെ ജനം
വിലയിരുത്തുന്നു: റിജിജു
അതേസമയം, ജൂഡീഷ്യറിയെ കുറ്റപ്പെടുത്തുന്ന കൂടുതല്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു വീണ്ടും രംഗത്തുവന്നു. ജഡ്‌ജിമാരുടെ പ്രവർത്തനങ്ങൾ ജനം വിലയിരുത്തുന്നുണ്ടെന്ന ബോധ്യം വേണമെന്ന് ഡൽഹിയിൽ ബാർ അസോസിയേഷൻ പരിപാടിയില്‍ റിജിജു പറഞ്ഞു. ‘ജഡ്‌ജിമാരായാൽ പിന്നെ തെരഞ്ഞെടുപ്പുകളെ നേരിടുകയോ പൊതുസമൂഹത്തിന്റെ പരിശോധനയ്‌ക്ക് വിധേയമാവുകയോ വേണ്ട. എന്നാൽ, ജനം അവരെ നിരീക്ഷിക്കുന്നുണ്ട്. വിധിന്യായങ്ങളെയും നീതി നടപ്പാക്കുന്ന രീതിയുമൊക്കെ നിരീക്ഷിച്ച് ജനങ്ങൾ വിലയിരുത്തലിൽ എത്തുന്നുണ്ട്’–- മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ