
ഒറ്റ കൈകൊണ്ട് സിക്‌സര്‍ നേടും
ഹസന്‍ അലിയെ ഒറ്റ കൈകൊണ്ട് രണ്ട് തവണ സിക്‌സര്‍ പറത്തിയത് ഓര്‍മിപ്പിച്ചാണ് റിഷഭ് തന്റെ മികവ് വിളിച്ചുപറഞ്ഞത്. ‘ഹസന്‍ അലിയുടെ ഒരോവറില്‍ ഒരു കൈകൊണ്ട് രണ്ട് തവണ സിക്‌സര്‍ പറത്തിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് ഞങ്ങളുടെ മുന്‍നിര വിക്കറ്റ് നേരത്തെ പോയി. ഞാനും വിരാട് കോലിയുമായിരുന്നു ക്രീസില്‍. റണ്‍റേറ്റ് ഉയര്‍ത്താനാണ് ശ്രമിച്ചത്. മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനും ശ്രമിച്ചു. റണ്‍റേറ്റ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഞാന്‍ ഒരു കൈകൊണ്ട് രണ്ട് സിക്‌സുകള്‍ നേടി. എന്റെ സവിശേഷമായ ഷോട്ടാണിത്- ഐസിസി വെബ്‌സൈറ്റില്‍ സംസാരിക്കവെ റിഷഭ് പറഞ്ഞു.
Also Read : T20 World Cup 2022: ഇന്ത്യക്കാരാരുമല്ല, റണ്‍വേട്ടക്കാരിലെ ഒന്നാമനെ പ്രവചിച്ച് സെവാഗ്

പാകിസ്താനെതിരേ പ്രത്യേക ആവേശം
പാകിസ്താനെതിരേ കളിക്കുകയെന്നത് ഏതൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണെന്നും സവിശേഷ അനുഭവമാണെന്നും റിഷഭ് പന്ത് പറഞ്ഞു. ‘പാകിസ്താനെതിരേ കളിക്കുന്നത് എപ്പോഴും സവിശേഷമായ അനുഭവമാണ്. എപ്പോഴും വല്ലാത്തൊരു ആവേശം ഈ മത്സരത്തിനുണ്ടാവും. വൈകാരികത ഉള്‍പ്പെടുന്നതാണ് ഇന്ത്യ പാക് പോരാട്ടം. കളിക്കാര്‍ക്ക് മാത്രമല്ല ആരാധകരും ഇതേ വികാരത്തോടെയാണ് കളിക്കുന്നത്. മറ്റൊരു തലത്തിലുള്ള അനുഭൂതിയാണിത്. ഫീല്‍ഡിങ്ങിനായും ബാറ്റിങ്ങിനുമായി കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ ആവേശത്തോടെ ആര്‍പ്പുവിളിക്കുന്നത് കാണുന്നത് മനോഹരമായ അനുഭൂതിയാണ്. മൈതാനത്ത് നിന്ന് ദേശീയ ഗാനം ചെല്ലുമ്പോള്‍ പ്രത്യേക ആവേശം തോന്നും- റിഷഭ് പറഞ്ഞു.

റിഷഭിന് അവസരം ലഭിക്കുമോ?
പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തിക് – റിഷഭ് പന്ത് എന്നിവരിലൊരാള്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക. ഇതില്‍ കൂടുതല്‍ സാധ്യത കാര്‍ത്തികിനാണ്. ഇന്ത്യ ഫിനിഷര്‍ റോളില്‍ കാണുന്നത് കാര്‍ത്തികിനെയാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന കാര്‍ത്തിക് അവസാന രണ്ട് ഓവറുകൊണ്ട് വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന താരമാണ്.
ഇന്ത്യയുടെ പ്ലേയിങ് 11 മറ്റ് ഇടം കൈയന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്ലാത്തതിനാല്‍ റിഷഭ് പന്ത് സ്ഥാനം അര്‍ഹിക്കുന്നു. എന്നാല്‍ റിഷഭിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. അതുകൊണ്ട് തന്നെ പ്ലേയിങ് 11 സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്. കാര്‍ത്തികിനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പറാണ് റിഷഭ്. ഓസ്‌ട്രേലിയയില്‍ വലിയ ഇംപാക്ട് അവകാശപ്പെടാന്‍ സാധിക്കുന്ന റിഷഭിനെ ഇന്ത്യ കരക്കിരുത്തുമോ അതോ കാര്‍ത്തികിനെ കരക്കിരുത്തുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.