ജാമ്യക്കാരന്റെ ആവശ്യം
വായ്പയ്ക്ക് അപേക്ഷ നൽകുന്നയാളുടെ സാമ്പത്തിക സ്ഥിതി മികച്ചതല്ലെങ്കിൽ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ ജാമ്യക്കാരനെ ആവശ്യപ്പെടുന്നത് പതിവുണ്ട്. വായ്പ അപേക്ഷകന്റെ പരിധിയേക്കാൾ വായ്പ തേടുമ്പോഴും ജാമ്യക്കാരനെ ആവശ്യപ്പെടാം. കട്ട് ഓഫ് പ്രായത്തിന് അടുത്തെത്തിയ വ്യക്തി വായ്പയ്ക്ക് അപേക്ഷിക്കുമ്പോഴും ജാമ്യക്കാരനെ ആവശ്യമുണ്ട്. വായ്പയ്ക്ക് അപേക്ഷിക്കുന്നയാളുടെ ആരോഗ്യം, ജോലി സ്ഥിരത എന്നിവ കൂടി പരിശോധിക്കും. ക്രെഡിറ്റ് സ്കോർ 650ന് താഴെയുള്ള വ്യക്തി വായപ്യ്ക്ക് അപേക്ഷിക്കുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ ജാമ്യക്കാരനെ ആവശ്യപ്പെടാറുണ്ട്.

വായ്പ കരാറിൽ സാക്ഷിയായിട്ടല്ല ജാമ്യക്കാരനെ ഉൾപ്പെടുത്തുന്നത്. മറിച്ച വായ്പയെടുത്തയാൾ തിരിച്ചടവ് മുടക്കുന്ന പക്ഷം വായ്പ തിരിച്ചടവിന്റെ ഉത്തരവാദിത്വം ജാമ്യക്കാരൻ ഏറ്റെടുക്കും എന്നതാണ് വ്യവസ്ഥ. ജാമ്യക്കാരനാവുന്ന വ്യക്തിയുടെ സാമ്പത്തിക രേഖകൾ പരിശോധിച്ച് തിരിച്ചടവ് ശേഷം ഉറപ്പാക്കിയ. ശേഷം മാത്രമെ ജാമ്യക്കാരനാക്കുകയുള്ളൂ.
Also Read: നിരക്കുയരുന്നത് ആഘോഷമാക്കാം; റിസ്കെടുക്കാതെ കയ്യിലെ പണം വളർത്താം; മുന്നിലിതാ 3 വഴികൾ

വായ്പ മുടങ്ങിയാൽ പണികിട്ടും
ഒരിക്കൽ ജാമ്യക്കാരനായാൽ പുറത്തു കടക്കുക എത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനാൽ തന്നെ ജാമ്യക്കാരനാവുന്നൊരാൾ നേരിടാൻ പോകുന്ന പ്രയാസങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. തിരിച്ചടവ് മുടങ്ങിയാൽ ബാക്കിയുള്ള ബാധ്യത ജാമ്യക്കാരനിൽ വന്നു ചേരും. ജാമ്യക്കാരൻ വായ്പ തുക തിരിച്ചടയ്ക്കാതെ വന്നാൽ നിയമ നടപടി നേരിടേണ്ടി വരും.
ബാങ്ക് വായ്പ തുക തിരിച്ചെടുക്കാൻ പരാതി നൽകുമ്പോൾ വായ്പയെടുത്താൾക്കെതിരെയും ജാമ്യക്കാരനെതിരെയും നിയമ നടപടി വരും. ജാമ്യക്കാരന്റെ ആസ്തി വിറ്റ് വായ്പ തുക തിരിച്ചെടുക്കാൻ വരെ കോടതിക്ക് ഉത്തരവിടാനാകും.

ജാമ്യം നിന്നാൽ സ്വന്തം പേരിൽ വായ്പ കിട്ടുമോ?
ഒരാൾക്ക് ജാമ്യക്കാരനാവുക എന്നതിനർഥം സ്വന്തം വായ്പ യോഗ്യത കുറയുന്നു എന്നാണ്. ഭവന വായ്പ, വാഹന വായ്പ തുടങ്ങി മുന്നിൽ വായ്പ ആവശ്യമുള്ളൊരാൾ ആണെങ്കിൽ ജാമ്യം നിൽക്കുന്നത് പ്രയാസമാകും. ജാമ്യക്കാരനായ വ്യക്തി വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ജാമ്യം നിന്ന വായ്പയിൽ അടച്ചു തീർക്കാനുള്ള തുക പരിഗണിച്ച് മാത്രമെ വായ്പ അനുവദിക്കുകയുള്ളൂ. ഇതിനാൽ സ്വന്തം വായ്പ ആവശ്യകത മനസിലാക്കി മാത്രമെ ജാമ്യം നിൽക്കാൻ പാടുള്ളൂ.

ക്രെഡിറ്റ് സ്കോറിനെ ബാധിക്കും
ജാമ്യക്കാരനായാൽ പോലും ഈ വിവരം ക്രെഡിറ്റ് റിപ്പോർട്ടിൽ സൂചിപ്പിക്കും. ഇതിനാൽ വായ്പയെടുത്തായാൾ ഇഎംഐ വീഴ്ച വരുത്തുന്നത് ജാമ്യക്കാരന്റെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. ഇതുവഴി ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തിക്ക് ലഭിക്കാവുന്ന പലിശ നിരക്കിലെ ഇളവുകൾ നഷ്ടപ്പെടുകയാണ്.

നോ പറയേണ്ടിടത്ത് നോ
മിക്കവരും വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് വ്യക്തി ബന്ധങ്ങളുടെ പേരിലാണ്. ഈ ബന്ധം നിലനിർത്തി കൊണ്ടു തന്നെ വായ്പ തിരിച്ചടയക്കാനുള്ള അദ്ദേഹത്തിന്റെ സാധ്യതകൾ വിശകലനം ചെയ്യണം. വായ്പയെടുത്തായലുടെ തിരിച്ചടവ് ശേഷിയെ പറ്റി ചോദിച്ച് മനസിലാക്കണം. വായ്പയെടുത്ത വ്യക്തി തിരിച്ചടവ് മുടക്കിയാൽ ജപ്തി ചെയ്ത് പണം വസീലാക്കാനുള്ള ആസ്തിയുണ്ടോ എന്നിവ അറിയണം. വായ്പയെടുക്കുന്നയാളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിച്ച് മുൻകാല വായ്പ തിരിച്ചടവിനെ പറ്റി വ്യക്തമായ ധാരണയുണ്ടാക്കണം.