വളരെ വൈകിയാണ് ലാൽ ജോസ് സംവിധായക കുപ്പായം അണിഞ്ഞത്. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ അതിന്റെ കാരണം ലാൽ ജോസ് പറഞ്ഞിരുന്നു. താൻ സ്വതന്ത്ര സംവിധായകൻ ആകാനുണ്ടായ കാരണവും അദ്ദേഹം പറഞ്ഞിരുന്നു. സംവിധായകൻ ആയത് ശ്രീനിവാസന്റെ ഒരു വാക്ക് കാരണമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിന്റെ തിരക്കഥകൃത്ത് ആയിരുന്നു ശ്രീനിവാസൻ.

‘ശ്രീനിവാസൻ എന്ന എഴുത്തുകാരനാണ് ഒരു മറവത്തൂർ കനവിന്റെ വിജയത്തിന് കാരണം. രണ്ടു വർഷമാണ് ഞങ്ങൾ ആ സിനിമയുടെ സ്ക്രിപ്റ്റിങ്ങിനായി ചിലവഴിച്ചത്. രണ്ടു വർഷം ഞാൻ ശ്രീനിയേട്ടനോടൊപ്പം യാത്ര ചെയ്തു. അദ്ദേഹത്തിന്റെ ഒപ്പം ലൊക്കേഷനുകളിൽ പോയി. പലപ്പോഴും കൂടെയുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ എന്റെ അപ്പൻ കഴിഞ്ഞാൽ പിന്നെ അടുത്ത സ്ഥാനം കമൽ സാറിനാണ്’,
‘ശ്രീനിവാസൻ നൽകിയ ഒരു വാക്കാണ് ഞാൻ സംവിധായകൻ ആവാൻ കാരണം. ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി അവസാന കാലഘട്ടത്തിൽ കല്യാണം കഴിഞ്ഞു. ആ സമയത്ത് കമൽ സാറിന് ഒരേ വർഷം ഉള്ളത് രണ്ടു സിനിമ ആയിരിക്കും. അന്ന് എന്റെ വാർഷിക വരുമാനം 6000, 7000 രൂപയാണ്. ആ കാലത്ത് രക്ഷപ്പെട്ടത് ഭാര്യക്ക് ജോലി ഉള്ളത് കൊണ്ടാണ്. അവൾ പ്രൈമറി സ്‌കൂൾ ടീച്ചറാണ്,’

‘ആ വിവാഹത്തിന് ശേഷം അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്യാൻ തുടങ്ങി. അത് എനിക്ക് കൂടുതൽ മെച്ചപ്പെട്ട റവന്യു ഉണ്ടാക്കി തന്നു. ആ സമയത്താണ് വധു ഡോക്ടറാണ് എന്ന സിനിമയുടെ പ്രൊഡ്യൂസർ അലക്സ് എന്നോട് അവരുടെ അടുത്ത സിനിമ സംവിധാനം ചെയ്യാമോ എന്ന് ചോദിക്കുന്നത്. മോഹിപ്പിക്കുന്ന ഒരു ചോദ്യമാണ്. പക്ഷെ ഞാൻ ബുദ്ധിപൂർവം അതിൽ നിന്ന് മാറി പോകാനാണ് ശ്രമിച്ചത്. കാരണം അപ്പോൾ കാര്യങ്ങൾ ഒന്ന് സ്മൂത്തായി വരുകയായിരുന്ന,’.
‘സിനിമാ ചെയ്ത് പരാജയപ്പെട്ടാൽ ആരും അസോസിയേറ്റ് ആയിട്ട് വിളിക്കില്ല. അത് വേണോന്ന് ആയിരുന്നു. അലെക്സിനോട് നോ പറയാൻ പറ്റില്ല. അപ്പോൾ ഞാൻ പറഞ്ഞു. സിനിമ ചെയ്യാൻ കുഴപ്പമില്ല. ഒന്നിലെങ്കിൽ ശ്രീനിവാസൻ, അല്ലെങ്കിൽ ലോഹിതദാസ്. ഇവരുടെ തിരക്കഥ ആ കാലത്തെ വലിയ സംവിധായകർക്ക് പോലും കിട്ടില്ലെന്ന് ഉറപ്പുള്ള കാര്യമാണ്. ഇവരുടെ തിരക്കഥ ആണെങ്കിലെ ഞാൻ ഈ പണിക്ക് ഇറങ്ങു എന്ന് പറഞ്ഞു’,

‘അലക്സ് ശ്രീനിയേട്ടനുമായുള്ള ബന്ധം വെച്ച് സംസാരിച്ചു. അടുത്ത സിനിമക്ക് തിരക്കഥ താരമൊന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു സംവിധായകൻ ആരാണെന്ന് നോക്കിയിട്ടെ തരൂ എന്ന്. അദ്ദേഹം പറഞ്ഞു, ഈ പടത്തിന്റെ അസോസിയേറ്റ് ലാൽ ജോസിനെയാണ് ഉദ്ദേശിക്കുന്നതെന്ന്. അപ്പോൾ ശ്രീനിവാസൻ പറഞ്ഞ ഒരു വാക്കാണ് ഞാൻ സംവിധായകനാവാൻ കാരണം. അവനാണെങ്കിൽ ഞാൻ തരാം, അവന് പറ്റും എന്നാണ് പറഞ്ഞത്’,
‘അത് എന്ത് കൊണ്ടാണ് അദ്ദേഹം പറഞ്ഞത് എന്ന് അറിയില്ല. ശ്രീനിയേട്ടൻ അത് പറഞ്ഞപ്പോഴാണ് ഞാൻ ചിന്തിച്ചത്. ശ്രീനിയേട്ടനെ പോലൊരാൾ എനിക്ക് സംവിധായകനാകാൻ പറ്റുമെന്ന് വിശ്വസിക്കുണ്ടെങ്കിൽ എനിക്ക് പറ്റിയേക്കുമെന്ന്. കമൽ സാറിനോട് പറഞ്ഞപ്പോൾ, നിനക്ക് ചെയ്യാൻ പറ്റും. നീ നേരത്തെ ചെയ്യേണ്ടിയത് ആയിരുന്നു എന്നാണ്. അദ്ദേഹത്തോടൊപ്പം ഞാൻ ഒമ്പത് വർഷം വർക്ക് ചെയ്തു. 16 സിനിമകൾ ചെയ്തു. അതിനിടയിൽ മറ്റു സംവിധായകർക്ക് ഒപ്പവും അസിസ്റ്റന്റ് ആയി. സാർ പറഞ്ഞു, നീ ലേറ്റായി. ശ്രീനിയെ വിടരുത്. പുള്ളി മറക്കുന്നതിന് മുൻപ് സ്ക്രിപ്റ്റ് ആക്കിക്കോളു എന്ന് പറഞ്ഞു’, ലാൽ ജോസ് പറഞ്ഞു.