സോഷ്യല്‍ മീഡിയയിലെ നിരന്തരമുള്ള ബോഡി ഷെയ്മിംഗും സൈബര്‍ ആക്രമണവും നേരിട്ടിട്ടുള്ള താരമാണ് നേഹ. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ബോഡി ഇമേജിനെക്കുറിച്ചും തന്റെ ചെറുപ്പത്തിലുണ്ടായിരുന്ന ധാരണകളെക്കുറിച്ചുമൊക്കെ നേഹ മനസ് തുറക്കുകയാണ്. മക്കളുടെ വരവോട് തന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റത്തെക്കുറിച്ചും നേഹ മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

.
” ചെറുപ്പത്തില്‍ ഞാന്‍ ശരീരത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെട്ടിരുന്നു. മണ്ടത്തരമായിരുന്നു, പക്ഷെ ഞാന്‍ എന്റെ വലിയ പിന്‍വശത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെട്ടിരുന്നു. ഇന്ന് ഞാന്‍ എന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ എന്തിനായിരുന്നു ആശങ്കപ്പെട്ടതെന്നാണ് ചിന്തിക്കുന്നത്. പ്രായമാകുന്നതിന്റെ ഗുണങ്ങളിലൊന്ന് ആളുകള്‍ എന്ത് പറയുന്നുവെന്ന് ചിന്തിക്കുന്നത് കുറയുമെന്നതാണ്. അവരുടെ പ്രതീക്ഷകളും വിധിക്കലും ഗൗനിക്കാതാകും” നേഹ പറയുന്നു.
”മറിച്ച് നിങ്ങള്‍ നിങ്ങളെക്കുറിച്ച് തന്നെ അഭിപ്രായം രൂപീകരിക്കും. നിങ്ങളുടെ ജീവിതത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമൊക്കെ. അത് നല്ലൊരു ഇടമാണ്. എന്റെ മകള്‍ക്ക് ജനം നല്‍കിയതിന് ശേഷമാണ് ആദ്യമായി ലോകം എന്ത് ചിന്തിക്കുന്നുവെന്ന് ഗൗനിക്കാതെ ജീവിക്കാന്‍ ഞാന്‍ തുടങ്ങിയത്” എന്നും നേഹ പറയുന്നു.

”എനിക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനുണ്ടായിരുന്നു. വളരെ സങ്കീര്‍ണമായിരുന്നു ആ എട്ട് മാസം. പുറമെ വളരെ ധീരയാണെന്ന് കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു, പക്ഷെ എന്നും രാത്രി, അന്ന് ഞാന്‍ വൈകി വരെ കുട്ടിയെ മുലയൂട്ടുന്ന സമയമാണ്, എന്നെക്കുറിച്ച് ആളുകള്‍ എന്ത് പറയുന്നുവെന്ന് നോക്കുമായിരുന്നു. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായമുണ്ടായിരുന്നു. എനിക്കന്ന് 22 കിലോ കൂടി. പിന്നെ കുറച്ചുവെങ്കിലും രണ്ടാമതും ഗര്‍ഭിണിയായതോടെ കൂടി” നേഹ പറയുന്നു.
”ഈ സമയത്തിലൊക്കെ ഞാന്‍ എന്നെ തന്നെ വിധിക്കുകയും ആത്മവിശ്വാസം നഷ്ടമാവുകയും ചെയ്തു. പക്ഷെ പിന്നീടൊരു ദിവസം എന്റെ സൈസ് എത്രയാണെന്നതോ ഞാന്‍ കാണാന്‍ എങ്ങനെയാണെന്നതോ വിഷയമല്ലെന്നും വെയിറ്റിന്റെ സ്‌കെയിലിലെ നമ്പര്‍ എത്രയായാലും സന്തോഷത്തോടെയിരിക്കുകയാണ് വലുതെന്നും മനസിലായി” എന്നും നേഹ പറയുന്നു.

”എന്റെ രണ്ടാമത്തെ മകള്‍ക്ക് ജന്മം നല്‍കി കുറച്ച് കഴിഞ്ഞതും ഞാന്‍ റോഡീസിലേക്ക് തിരികെ വന്നു. കുറച്ച് നാള്‍ മുമ്പ് ഞാന്‍ എന്റെ മകളേയും കൊണ്ട് ഒരു മാളില്‍ പോയിരുന്നു. എവിടെയാണ് കുഞ്ഞിന് മുലകൊടുക്കുന്ന സ്ഥലമെന്ന് ചോദിച്ചു. പക്ഷെ അവര്‍ എന്നോട് പറഞ്ഞത് ടോയ്‌ലറ്റില്‍ പോവാനായിരുന്നു. കാരണം മാളുകളും എയര്‍പോര്‍ട്ടുകളും ഓഫീസുകളുമൊന്നും ഒരമ്മയുടെ ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നേയില്ല. ഞാന്‍ അങ്ങനെയാണ് എന്റെ അനുഭവം തുറന്നെഴുതുന്നത്. പിന്നാലെ നിരവധി അമ്മമാര്‍ അവരുടെ അനുഭവങ്ങള്‍ പറഞ്ഞെത്തി. വല്ലാത്ത അനുഭവമായിരുന്നു അത്” എന്നും നേഹ പറയുന്നുണ്ട്.