കരിയറിൽ തിളങ്ങുമ്പോഴും മുരളിയുടെ വ്യക്തി ജീവിതം പലപ്പോഴും പ്രശ്ന കലുഷിതം ആയിരുന്നു. സിനിമാ ലോകത്ത് തന്നെ നടനുൾപ്പെട്ട വിവാദങ്ങളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അവസാന കാലത്ത് നടൻ മദ്യത്തിന് അടിമപ്പെട്ടിരുന്നു എന്ന് നേരത്തെ പല പ്രമുഖരും തുറന്ന് പറഞ്ഞിരുന്നു. മരിക്കുവോളം മദ്യപാനി ആയിരുന്നു മുരളി എന്നാണ് മുമ്പൊരിക്കൽ നടൻ മാമുക്കോയ പറഞ്ഞത്.

ഇപ്പോഴിതാ മുരളിയെ സംബന്ധിച്ചുള്ള മറ്റൊരു സംഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ശ്രീകണ്ഠൻ വെഞ്ഞാറമൂട്. ആയിരം നാവുള്ള അനന്തൻ എന്ന മമ്മൂട്ടിയും മുരളിയും ഒരുമിച്ച് അഭിനയിച്ച സിനിമയിൽ ഇദ്ദേഹം സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. സെറ്റിൽ വെച്ച് മുരളി എന്ന് വിളിച്ചതിന് നടൻ ദേഷ്യപ്പെട്ടതിനെക്കുറിച്ചാണ് ശ്രീകണ്ഠൻ വെഞ്ഞാറമൂട് സംസാരിച്ചത്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

മുരളിയേട്ടൻ മികച്ച നടനാണ്. ചെറിയ മനുഷ്യനാണ്. പക്ഷെ അദ്ദേഹത്തിന്റെ പെർഫോമൻസ് വരുമ്പോൾ ബോഡിയെ നമ്മൾ മറന്ന് പോവും. വ്യക്തിപരമായും അടുപ്പം സൂക്ഷിച്ച ആളായിരുന്നു. ഫ്രെയ്മിലേക്ക് വരുമ്പോൾ വേറൊരാളുവുന്ന സ്വഭാവം മുരളിയേട്ടനുണ്ട്. എന്നോടൊപ്പം തന്നെ ജോർജ് എന്ന അസോസിയേറ്റ് ഡയരക്ടർ അതിൽ വർക് ചെയ്തിരുന്നു. അന്ന് എന്തോ ഒരു സംഭവത്തിൽ പ്രശ്നമുണ്ടായി. ജേർജേട്ടനും മുരളിയേട്ടനും ഉടക്കുണ്ടായി.

‘പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ആളാണ് മുരളി ചേട്ടൻ. ഒരു ഇന്റലക്ച്വൽ വിംഗിൽ നിന്നുള്ള ആളാണ് പുള്ളി. നാടകവും പൊളിറ്റിക്കൽ ബാക്ഗ്രൗണ്ടും ഒക്കെ ഉള്ള ആളാണ്. അവിടെ ഒരു നടി മുരളിയേട്ടനെ മുരളി എന്ന് വിളിച്ചു. അത് മുരളിയേട്ടന് ഇഷ്ടപ്പെട്ടില്ല. മുരളിയേട്ടൻ ഭയങ്കരമായി ഷൗട്ട് ചെയ്തു. മിസ്റ്റർ മുരളി എന്ന് വിളിക്കണം എന്ന് പറഞ്ഞു,’ ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞു.
2009 ആഗസ്റ്റ് ആറിനാണ് മുരളി മരിക്കുന്നത്. 56ാം വയസ്സിലായിരുന്നു നടന്റെ അന്ത്യം. അവസാന കാലത്ത് രോഗാതുരനായിരുന്നു മുരളി.