സുള്ള്യ: കേരള കർണാടക അതിർത്തിയായ സുള്ള്യയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടു പേരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകുമെന്നാണ് സർക്കാർ ഉറപ്പു നൽകിയത്. ഇന്ന് പുലർച്ചയാണ് സുള്ള്യ കഡബ താലൂക്കിലെ റെഞ്ചിലാടി മീനടിയിൽ പാൽ സൊസൈറ്റി ജീവനക്കാരായ രഞ്ജിതയും രമേഷും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
രഞ്ജിതയുടെ സഹോദരിക്ക് സർക്കാർ ജോലിയും ഉറപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലാ കളക്ടർ രവികുമാർ എം.ആർ, ഡിഎഫ്ഒ ദിനേശ് കുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Also Read- കേരള-കർണാടക അതിർത്തിയിൽ കാട്ടാന ആക്രമണം; രണ്ട് പാൽ സൊസൈറ്റി ജീവനക്കാർ കൊല്ലപ്പെട്ടു
രഞ്ജിതയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് രമേശ് അപകടത്തിൽ പെട്ടത്. പുലർച്ചെ പാൽ സൊസൈറ്റിയിലേക്ക് പോവുകയായിരുന്ന രഞ്ജിതയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രഞ്ജിതയുടെ കരച്ചിൽ കേട്ട് രക്ഷപ്പെട്ടുത്താനെത്തിയ രമേശ് റായിയെയും കാട്ടാന ആക്രമിച്ചു. രമേശ് റായി സംഭവ സ്ഥലത്ത് വെച്ചും രഞ്ജിത ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്.
കഴിഞ്ഞ കുറെ മാസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. നാട്ടിലിറങ്ങുന്ന കാട്ടാനയെ തുരുത്തുന്നതിൽ വനം വകുപ്പിന്റെ ഭാഗത്തുണ്ടാവുന്ന വീഴ്ചയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി തവണ പരാതി നൽകിയിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ
നടപടി എന്നും സ്വീകരിച്ചില്ലെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു.
ആനയെ പിടിക്കാനുള്ള നടപടികൾ ഇന്നു തന്നെ ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി. ഇതിനായി ആന കിടങ്ങ് സ്ഥാപിക്കാനും തീരുമാനമായി. അധികൃതരുടെ ഭാഗത്തു നിന്നും ഉറപ്പ് ലഭിച്ചതോടെ രഞ്ജിതയുടേയും രമേശിന്റേയും മൃതദേഹങ്ങൾ സംഭവ സ്ഥലത്ത് തന്നെ സംസ്കാരം നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.