തിരുവനന്തപുരം
സ്വന്തം പാർടി എംഎൽഎയുടെ ബലാത്സംഗക്കേസിൽപ്പെട്ട് മുഖംനഷ്ടപ്പെട്ട കോൺഗ്രസിന് ജീവശ്വാസം പകരാൻ സ്വർണക്കടത്തുകാരിയുടെ അഭിമുഖ പരമ്പര. എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിലും ഒളിവുജീവിതത്തിലും മറുപടിയില്ലാതെ നേതാക്കൾ പരിഹാസ്യരായപ്പോഴാണ് ബിജെപി മന്ത്രിയുടെ ചാനലിൽ സ്വപ്‌ന സുരേഷ് എത്തിയത്. മസാലക്കഥകൾ സൃഷ്ടിക്കാനാണ് ഇപ്പോൾ ശ്രമം. സ്വർണം കൊടുത്തയച്ചത് ആരെന്നും ആർക്കുവേണ്ടിയെന്നും അന്വേഷിക്കാൻ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും താൽപ്പര്യവുമില്ല.
സ്വർണക്കടത്തുകേസിൽനിന്ന് രക്ഷപ്പെടാൻ പഴുതാലോചിച്ചാണ് സ്വപ്‌ന ‘ചതിയുടെ പത്മവ്യൂഹം’എഴുതിയത്. അറിയുന്നവ തുറന്നെഴുതിയാൽ കേരളം താങ്ങില്ലെന്നായിരുന്നു നേരത്തെ അവകാശവാദം. ഉദ്ദേശിച്ച ഫലമില്ലെന്ന് വന്നതോടെയാണ് പ്രതിപക്ഷവും ബിജെപിയുംചേർന്ന് ചാനൽ സ്റ്റുഡിയോകളിൽ എത്തിച്ചത്.
ആർക്കെതിരെയും ആരോപണം ഉന്നയിക്കാമെന്ന മാനസികാവസ്ഥയിലാണ് സ്വപ്ന. കേസിൽനിന്ന് രക്ഷപ്പെടുത്താമെന്ന ബിജെപി വാഗ്‌ദാനം സ്വീകരിച്ചാണ് സർക്കാരിനും സിപിഐ എം നേതാക്കൾക്കുമെതിരെയുള്ള ആരോപണം. സ്വപ്‌നയുടെ ലോക്കറിൽനിന്ന് സ്വർണം കണ്ടെത്തിയിരുന്നു. അഞ്ചു കിലോ സ്വർണം വിവാഹത്തിന് സമ്മാനമായി ലഭിച്ചെന്ന് പുസ്തകത്തിൽ അവകാശപ്പെടുന്നു.
സ്വർണം കൊടുത്തയച്ചത് ആരെന്നും ആർക്കുവേണ്ടി കൊണ്ടുവന്നു എന്നും പറയാൻ സ്വപ്‌നയോ കൂട്ടുപ്രതി സരിത്തോ തയ്യാറായിട്ടില്ല. സ്വപ്‌നയുടെആരോപണവും ഏറ്റെടുത്ത് സമരത്തിന് ഇറങ്ങിയവർക്കും ഇതിന് ഉത്തരംവേണ്ട. സ്വപ്‌നയോട് ഈ ചോദ്യം ഉന്നയിക്കാൻ മാധ്യമപ്രവർത്തകരും തയ്യാറായിട്ടില്ല.
ബിജെപിക്കും കോൺഗ്രസിനും ഉത്തരംമുട്ടുമ്പോഴെല്ലാം സ്വപ്‌ന രംഗപ്രവേശം ചെയ്‌തിട്ടുണ്ട്. കെ സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പുകോഴ വിവാദം, യൂത്ത്‌കോൺഗ്രസ് ചിന്തൻ ശിബിരത്തിന് പിന്നാലെയുയർന്ന പീഡന പരാതി എന്നിവ പുറത്തുവന്നപ്പോഴെല്ലാം സ്വപ്‌ന രംഗത്തെത്തി. ഒടുവിൽ എൽദോസ് കുന്നപ്പിള്ളിക്കേസിന്റെ ഘട്ടത്തിലും സ്വപ്‌നയെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ