
കോലിയുടെ ഇന്നിങ്സ്
പുറത്താവാതെ 82 റണ്‍സെടുത്ത വിരാട് കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത്. മല്‍സരത്തില്‍ ക്യാപ്റ്റന്‍ രോഹിത്തിന്റെ ഏറ്റവും മികച്ച തീരുമാനം ഏതായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മദന്‍ ലാല്‍. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്ഷറിന്റെ ഓവര്‍
ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ എറിഞ്ഞ 12ാം ഓവര്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ ഷോക്ക് തന്നെയായിരുന്നു. കളിയില്‍ അക്ഷറിനു രോഹിത ശര്‍മ ആദ്യമായി പന്തേല്‍പ്പിച്ചതും 12ാം ഓവറിലാണ്. എന്നാല്‍ ഇഫ്തിഖര്‍ അഹമ്മദ് അക്ഷറിനെ നന്നായി കൈകാര്യം ചെയ്യുകയായിരുന്നു.
21 റണ്‍സാണ് ഈ ഓവറില്‍ പാകിസ്താന്‍ വാരിക്കൂട്ടിയത്. മൂന്നു വമ്പന്‍ സിക്‌സറുകളുടെ അകമ്പടിയോടെയായിരുന്നു ഇത്. മൂന്നു സിക്‌സറും ഇഫ്തിഖറിന്റെ വകയായിരുന്നു. ഈ ഓവറിനു ശേഷം കളിയില്‍ പിന്നെയൊരിക്കലും അക്ഷറിനു ഇന്ത്യ ഓവറും നല്‍കിയില്ല.

രോഹിത്തിന്റെ മികച്ച തീരുമാനം
പാകിസ്താന്റെ ഇന്നിങ്‌സില്‍ അക്ഷര്‍ പട്ടേലിനു പിന്നീട് ഓവര്‍ നല്‍കാതിരുന്നതാണ് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലെ ഏറ്റവും മികച്ച തീരുമാനമെന്നു മദന്‍ ലാല്‍ ചൂണ്ടിക്കാട്ടി.
വളരെയധികം റണ്‍സ് വിട്ടുകൊടുത്ത അക്ഷറിനെക്കൊണ്ട് വീണ്ടുമൊരു ഓവര്‍ ബൗള്‍ ചെയ്യിക്കാതിരുന്നതാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലെ ഏറ്റവും വലിയ പോയിന്റെന്നു ഞാന്‍ കരുതുന്നു. കൂടുതല്‍ അനുഭവസമ്പത്തുള്ള ആര്‍ അശ്വിനെയാണ് രോഹിത് പിന്നീട് കൂടുതല്‍ ആശ്രയിച്ചത്. അശ്വിനെക്കൊണ്ട് അദ്ദേഹം മൂന്നോവറുകള്‍ ബൗള്‍ ചെയ്യിച്ചു. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലെ മാസ്റ്റര്‍ സ്‌ട്രോക്ക് ഇതായിരുന്നുവെന്നും മദന്‍ ലാല്‍ നിരീക്ഷിച്ചു.

റെയ്‌നയും പ്രശംസിച്ചു
ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി. ടീമില്‍ രോഹിത്തിനു വളരെയധികം ബഹുമാനം ലഭിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഡ്രസിങ് റൂമില്‍ കളിക്കാരുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയം വളരെ മികച്ചതാണ്. അകത്തും പുറത്തും ലീഡര്‍ തന്നെയാണ് രോഹിതെന്നും റെയ്‌ന വിലയിരുത്തി.

ഇന്ത്യയുടെ അടുത്ത മല്‍സരം
ചിരവൈരികളായ പാകിസ്താനെതിരേ നേടിയ മിന്നുന്ന വിജയം ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ കുഞ്ഞന്‍മാരായ നെതര്‍ലാന്‍ഡ്‌സുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. എന്നാല്‍ ഇന്ത്യക്കു ഏറ്റവും വലിയ വെല്ലുവിളി ഞായറാഴ്ച സൗത്താഫ്രിക്കയുമായുള്ള പോരാട്ടമാണ്. അതിനു ശേഷം സിംബാബ്‌വെ, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയാണ് ഇന്ത്യയുടെ ശേഷിച്ച മല്‍സരങ്ങള്‍. ശേഷിച്ച നാലു കളികളില്‍ മൂന്നെണ്ണത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു സെമിയിലേക്കു യോഗ്യത നേടാം.