ന്യൂഡൽഹി: അപകീർത്തിക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു പിന്നാലെ, വയനാട്ടിൽനിന്ന് 2019ൽ ജനവിധി തേടിയ മറ്റൊരു രാഹുൽ ഗാന്ധിക്കു കൂടി അയോഗ്യത. വൽസമ്മയുടെ മകൻ രാഹുൽ ഗാന്ധി കെ ഇ എന്ന കോട്ടയം സ്വദേശിയെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയത്. 2024 സെപ്റ്റംബർ 13 വരെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ ഈ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 10 എ വകുപ്പ് പ്രകാരം അയോഗ്യരാക്കിയവരുടെ പട്ടിക മാർച്ച് 29നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അയച്ചത്. ഈ പട്ടികയിലാണ് രാഹുൽ ഗാന്ധിയുടെ അപരനും ഉൾപ്പെട്ടിരിക്കുന്നത്.
Related Story- കെ.ഇ. രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് അമ്മയും ചേട്ടനുമറിഞ്ഞില്ല
തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് രാഹുൽ ഗാന്ധി കെ.ഇയെ കമ്മീഷൻ അയോഗ്യനാക്കിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ എ പ്രകാരമാണ് നടപടി. 2021 സെപ്റ്റംബർ 13 മുതൽ 2024 സെപ്റ്റംബർ 13 വരെ (മൂന്നുവര്‍ഷം) തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നാണ് അയോഗ്യത.
Related News- രാഹുൽ ഗാന്ധിക്ക് അപരൻമാർ രണ്ട്; വയനാടൻ അങ്കത്തിനിറങ്ങുന്നത് 23 പേർ
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപരനായാണ് അന്ന് 33 വയസുകാരനായ രാഹുൽ ഗാന്ധി കെ ഇ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പു പോരാട്ടങ്ങളുടെ വാശിയേറ്റുന്നതിൽ അപരൻമാരുടെ സാന്നിധ്യവും നിർണായകമാകാറുണ്ട്. രാജ്യത്ത് ബിജെപി ഭരണം നിലനിർത്തിയെങ്കിലും കേരളത്തിൽ തരംഗം സൃഷ്ടിച്ച സ്ഥാനാർത്ഥിത്വത്തിലൂടെ, ഏഴു ലക്ഷത്തിലധികം വോട്ടിനാണ് കോൺഗ്രസ് നേതാവ് ജയിച്ചുകയറിയത്. അതേസമയം, സ്വതന്ത്രനായി രംഗത്തെത്തിയ രാഹുൽ ഗാന്ധി കെ ഇ 2196 വോട്ടാണ് നേടിയത്. കോട്ടയം എരുമേലി മുട്ടപ്പള്ളി ഇയാനത്തോട്ടം വീട്ടിൽ അംഗമാണ് ഇ.കെ രാഹുൽ ഗാന്ധി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.