ഒരു ക്യാമറയ്ക്ക് 33 ലക്ഷം രൂപയോ ? AI ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്ത് വിടണം; വി.ഡി സതീശന്‍

Spread the love


തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്തെ വിവിധ റോഡുകളില്‍ എ.ഐ ക്യാമറകള്‍ സ്ഥാപിച്ചത് സംബന്ധിച്ച് നിരവധി സംശയങ്ങളും ദുരൂഹതകളുമാണ് പൊതുജനങ്ങള്‍ക്കിടയിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 236 കോടി രൂപ ചെലവഴിച്ച് 726 ക്യാമറകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു ക്യാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണ്. ക്യാമറകളുടെ യഥാര്‍ഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടി വന്ന ചെലവും ഉള്‍പ്പെടെ വിശദമായ കണക്ക് പുറത്ത് വിടാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാജ്യത്ത് നോട്ട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ കറന്‍സിയില്‍ അതിസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന തരത്തിലുള്ള കെട്ടുകഥകള്‍ സംഘപരിവാര്‍ സംഘടനകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അതിന് സമാനമായതും അതിശയോക്തിപരവും അവിശ്വസനീയവുമായ വിവരങ്ങളാണ് എ.ഐ ക്യാമറയെ സംബന്ധിച്ച് സര്‍ക്കാരും ഗതാഗത വകുപ്പും പൊലീസും പൊതുസമൂഹത്തിന് നല്‍കുന്നത്.

Also Read- ‘ടെന്‍ഡര്‍ വിളിച്ചിരുന്നോ?’ AI ക്യാമറ ഇടപാടിൽ അടിമുടി ദുരൂഹതയെന്ന് രമേശ് ചെന്നിത്തല

പൊതുഖജനാവില്‍ നിന്നും ഇത്രയും വലിയ തുക ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകള്‍ എ.ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി പ്രകടിപ്പിച്ചതും ഏറെ ഗൗരവതരമാണ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നു എന്നതിനപ്പുറം എന്തെങ്കിലും പ്രത്യേകതകള്‍ ഈ ക്യാമറകള്‍ക്ക് ഉണ്ടോയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്താനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.

ക്യാമറയില്‍ പതിയുന്ന നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ നിശ്ചിത കാലത്തേക്കെങ്കിലും സൂക്ഷിച്ച് വയ്ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനായി ഏത് സെര്‍വറാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ആരാണ് സെര്‍വര്‍ പ്രൊവൈഡര്‍ എന്നതും പരസ്യപ്പെടുത്തണം. ഇത്തരത്തില്‍ ദൃശ്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ ചോരാതിരിക്കാന്‍ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കണം.

Also Read- AI ക്യാമറ പിഴകളിൽ ഇളവ് വേണം; അഭ്യർഥനയുമായി ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ

അടുത്തഘട്ടത്തില്‍ വാഹന ഉടമയുടെ ഫാസ് ടാഗുമായി ബന്ധപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്നും നിയമലംഘനത്തിനുള്ള പിഴ ഈടാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് പറയുന്നത്. അനുമതി ഇല്ലാതെ ഒരാളുടെ അക്കൗണ്ടില്‍ നിന്നും എങ്ങനെയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നത്? ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങിയിട്ടുണ്ടോ? ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണിത്?

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ ക്യാമറകള്‍ വാങ്ങാനും സ്ഥാപിക്കാനും സാങ്കേതിക സഹായത്തിനുമായി കെല്‍ട്രോണ്‍ ഉപകരാറുകള്‍ നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏതൊക്കെ കമ്പനികള്‍ക്കാണ്? അതില്‍ വിദേശ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? എത്ര രൂപയ്ക്കാണ് ഇത്തരത്തില്‍ ഉപകരാറുകള്‍ നല്‍കിയത്? പേറ്റന്റ് പ്രകാരമുള്ളതാണോ ക്യാമറകളില്‍ ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന എ.ഐ സാങ്കേതിക വിദ്യ? ഇങ്ങനെ എ.ഐ ക്യാമറയും അതുമായി ബന്ധപ്പെട്ട ഇടപാടുകളും സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!