വെള്ളൂർ
വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനൊരുങ്ങുന്ന വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ് ലിമിറ്റഡിൽ(കെപിപിഎൽ) പൾപ്പ് പ്ലാന്റുകൾ പൂർണമായും പ്രവർത്തന സജ്ജമായി. കെമിക്കൽ പൾപ്പ് മിൽ, കെമി മെക്കാനിക്കൽ പൾപ്പിങ്, ഡിഇങ്കിങ് പൾപ്പിങ് എന്നിവയാണ് പ്രവർത്തനക്ഷമമായത്. ഇറക്കുമതി ചെയ്‌ത പൾപ്പ് ഉപയോഗിച്ചാണ് രാജ്യത്ത് ഒട്ടുമിക്ക പേപ്പർ ഉൽപാദന ഫാക്ടറികളും പ്രവർത്തിക്കുന്നത്. എന്നാൽ, അത്യാധുനിക പൾപ്പിങ് സംവിധാനങ്ങൾ സജ്ജമായ കെപിപിഎല്ലിൽ ഇവിടെത്തന്നെ നിർമിക്കുന്ന പൾപ്പിൽ നിന്നായിരിക്കും കടലാസ് ഉൽപന്നങ്ങൾ നിർമിക്കുക.
വലിയ വിലകൊടുത്താണ് വിദേശത്തുനിന്ന് ഇന്ത്യൻ കമ്പനികൾ പൾപ്പ് വാങ്ങുന്നത്. ഇറക്കുമതി പൾപ്പിന്റെ വില ടണ്ണിന് 52,000 രൂപയായിരുന്നത് ഉക്രെയ്‌ൻ യുദ്ധത്തോടെ 80,000 ആയി ഉയർന്നിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ വൻതോതിലുള്ള ഉൽപാദനത്തിന് സ്വന്തമായി പൾപ്പ് നിർമിച്ചേ തീരൂ. വനംവകുപ്പ് മുൻകൈ എടുത്ത് മരങ്ങൾ നൽകുന്നതോടെ പൾപ്പ് ഉൽപാദനം ഊർജിതമാകും. നിലവിൽ സർക്കാർ ഓഫീസുകളിൽനിന്നും സർവകലാശാലകളിൽനിന്നുമുള്ള ഉപയോഗം കഴിഞ്ഞ കടലാസുകൾ കെപിപിഎല്ലിൽ എത്തിക്കുന്നുണ്ട്. ഇവയിലെ മഷി നീക്കി റീസൈക്കിൾ ചെയ്യാനുള്ള ഡീഇങ്കിങ് പ്ലാന്റ് ഇവിടെ സജ്ജമാണ്. പൾപ്പിനുവേണ്ടി തടികൾ മുറിച്ച് കഷണങ്ങളാക്കാനുള്ള ചിപ്പർ ഹൗസ് ട്രയൽ റൺ നടത്തിവരികയാണ്.
പത്രങ്ങൾക്ക് ആവശ്യമായ ന്യൂസ്‌പ്രിന്റാണ് ആദ്യം വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുക. പിന്നീട് കൂടുതൽ നിലവാരമുള്ളതും ദീർഘകാലം ഉപയോഗിക്കാനുള്ളതുമായ കടലാസ് ഉൽപന്നങ്ങളും നിർമിക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള കടലാസ് ഉൽപാദനം കേരളപ്പിറവി ദിനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ