ബംഗളൂരു
തുടർത്തോൽവികളിൽനിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തിരിച്ചുവരവ്. ഐപിഎൽ ക്രിക്കറ്റിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ 21 റണ്ണിന് വീഴ്‌ത്തി. അവസാന നാലിലും തോറ്റാണ് നിതീഷ് റാണയും കൂട്ടരും ബംഗളൂരുവിൽ എത്തിയത്. കരുത്തരായ എതിരാളിക്കെതിരെ ബാറ്റിലും പന്തിലും മിന്നി ജയം പിടിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 റണ്ണടിച്ചു. ഓപ്പണർ ജാസൺ റോയിയുടെ (29 പന്തിൽ 56) അരസെഞ്ചുറിയും റാണയുടെ (21 പന്തിൽ 48) തകർപ്പനടിയുമാണ് മുൻചാമ്പ്യൻമാരെ ഇരുനൂറിൽ എത്തിച്ചത്. ബാംഗ്ലൂരിന്റെ മറുപടി 179ൽ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ വരുൺ ചക്രവർത്തിയാണ് കൊൽക്കത്തയ്‌ക്കായി പന്തിൽ തിളങ്ങിയത്. സുയാഷ് ശർമയും ആന്ദ്രെ റസെലും രണ്ടുവീതം വിക്കറ്റും നേടി.
സ്‌കോർ: കൊൽക്കത്ത 5–-200, ബാംഗ്ലൂർ 8–-179
കൊൽക്കത്തയ്‌ക്കായി ഓപ്പണിങ് വിക്കറ്റിൽ റോയും നാരായൺ ജഗദീശനും (29 പന്തിൽ 27) പിടിച്ചുനിന്നു. 83 റൺ കൂട്ടിച്ചേർത്തു. ഇരുവരെയും പുറത്താക്കി വിജയകുമാർ വൈശാഖാണ് ബാംഗ്ലൂരിനെ തിരികെയെത്തിച്ചത്. റോയ് അഞ്ച് സിക്‌സറും നാല് ഫോറും പറത്തിയാണ് ക്രീസ് വിട്ടത്. ഇരുവർക്കും പിന്നാലെ എത്തിയ വെങ്കിടേഷ് അയ്യരും (26 പന്തിൽ 31) റാണയും വിട്ടുകൊടുത്തില്ല. മൂന്നാംവിക്കറ്റിൽ 80 റൺ പിറന്നു. നാല് സിക്‌സറും മൂന്ന് ബൗണ്ടറിയും സഹിതമായിരുന്നു റാണയുടെ ഇന്നിങ്‌സ്. മറുപടിയിൽ ബാംഗ്ലൂരിനായി ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിക്ക് (37 പന്തിൽ 54) മാത്രമേ കളംപിടിക്കാനായുള്ളൂ. മഹിപാൽ ലൊംറർ 18 പന്തിൽ 34 റണ്ണുമെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ