Bollywood
oi-Abhinand Chandran
പ്രായവും പ്രായ വ്യത്യാസവും പ്രണയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച നിരവധി താരങ്ങളുണ്ട്. പത്ത് വയസ്സിന്റെ പ്രായ വ്യത്യാസമുള്ളവരാണ് നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനാസും. കാമുകീ കാമുകൻമാരായ മലകൈ അറോറയക്കും അർജുൻ കപൂറിനും പത്ത് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. നടൻ ആശിഷ് വിദ്യാർത്ഥിയുടെ വിവാഹമാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച. 57 കാരനായ നടൻ വ്യാഴാഴ്ചയാണ് രണ്ടാം വിവാഹം ചെയ്തത്. അസം സ്വദേശിയായ രുപാലി ബറുവയാണ് വധു.
കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. സിഐഡി മൂസ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതനാണ് ആശിഷ് വിദ്യാർത്ഥി. കൊൽക്കത്തയിൽ ഫാഷൻ സ്റ്റോർ നടത്തുന്ന രുപാലിയുമായി നടൻ സൗഹൃദത്തിലാവുകയും ഈ ബന്ധം വളർന്ന് വിവാഹത്തിലെത്തുകയുമായിരുന്നു. അമ്പത് വയസ്കാരിയാണ് രുപാലി.

ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും ആദ്യ വിവാഹ ബന്ധം പരാജയപ്പെട്ടതിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ആശിഷ് വിദ്യാർത്ഥി. രാജോഷി ബറുവ എന്നാണ് നടന്റെ ആദ്യ ഭാര്യയുടെ പേര്. 22 വർഷം നീണ്ട വിവാഹ ബന്ധം ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. നല്ല ജീവിതമായിരുന്നു ഇത്. അർത്ഥ് എന്ന മകൻ ജനിച്ചു. അവനിപ്പോൾ 22 വയസ്സായി. അവൻ ജോലി ചെയ്യുന്നു. ഭാവിയിൽ വ്യത്യസ്ത ദിശയിലേക്ക് പോവുന്നവരാണ് തങ്ങൾ രണ്ട് പേരും വിവാഹം വേണ്ടെന്ന് വെച്ചതെന്ന് ഇദ്ദേഹം പറയുന്നു.
അഭിപ്രായ വ്യത്യാസങ്ങൾ പരസ്പരം സംസാരിച്ച് തീർക്കാൻ നോക്കി. എന്നാൽ ഒത്തു പോവണമെങ്കിൽ ഒരാളുടെ ചിന്ത മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കേണ്ടി വരുമെന്ന് ഞങ്ങൾ മനസിലാക്കി. അത് സന്തോഷങ്ങൾ ഇല്ലാതാക്കും. സന്തോഷമാണ് എല്ലാവർക്കും വേണ്ടതെന്നും നടൻ പറഞ്ഞു.
വിവാഹ മോചനത്തിന് ശേഷം മറ്റൊരു വിവാഹത്തിന് തയ്യാറായതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ഒരു വട്ടം കൂടി വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പ്രപഞ്ചത്തോട് അതാവശ്യപ്പെട്ടു. വിവാഹം കഴിക്കാൻ ഒരാളെ തേടുന്ന സമയത്ത് എനിക്ക് പ്രായം 55 ആണ്. അങ്ങനെയാണ് രുപാലിയെ കാണുന്നത്. ഞങ്ങൾ ചാറ്റ് ചെയ്തു. പരസ്പരം ആത്മബന്ധം ഉടലെടുക്കുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു.

അവൾക്ക് പ്രായം 50 ഉം തനിക്ക് 57 ഉം ആണ്. എന്നാൽ പ്രായം ഒരു വിഷയമല്ല. പ്രായമേതായാലും എല്ലാവർക്കും സന്തോഷമായിരിക്കാം മറ്റാെരാളുടെ ജീവിതത്തോട് ബഹുമാനം കാണിക്കാം. എല്ലാവരുടെയും ജീവിതം വ്യത്യസ്തമാണെന്നും നടൻ അഭിപ്രായപ്പെട്ടു. ഇതിനിടെ ആശിഷിന്റെ ആദ്യ ഭാര്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറികൾ ചർച്ചയായിരുന്നു.
മനസ്സമാധാനം നിലനിർത്തുന്നതിനെക്കുറിച്ചായിരുന്നു ഇവരുടെ പോസ്റ്റ്. ആശിഷിന്റെ രണ്ടാം വിവാഹത്തിലെ അതൃപ്തിയാണോ ഇവർ സൂചിപ്പിച്ചതെന്ന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച വന്നു. എന്നാൽ ആശിഷുമായി തനിക്കൊരു പ്രശ്നവുമില്ലെന്നാണ് രാജോഷി വ്യക്തമാക്കിയത്.
അദ്ദേഹം തന്നെ വഞ്ചിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രാജോഷി. നിരവധി ഹിന്ദി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി പേരാണ് നടന്റെ പുതിയ ജീവിതത്തിന് ആശംസകൾ അറിയിച്ചത്.
മലയാളമുൾപ്പെടെയുള്ള വിവാദ ഭാഷകളിൽ മുന്നൂറോളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിഐഡി മൂസ, ചെസ്, ബാച്ചിലർ പാർട്ടി തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധേയ വേഷം ഇദ്ദേഹം ചെയ്തു. കുത്തേ ആണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം. ക്യാരക്ടർ റോളുകളിൽ പതിനൊന്നോശം ഭാഷകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
English summary
Ashish Vidyarthi About His Second Marriage; Reveals Why His First Marriage Failed