വിഴിഞ്ഞം സമരം : ലക്ഷ്യം പലത്‌ ; കലാപത്തിന് ബോധപൂർവ നീക്കം

Spread the love




തിരുവനന്തപുരം

സംസ്ഥാന വികസനത്തിൽ മികവുറ്റ സംഭാവന നൽകുമെന്ന്‌ ഉറപ്പുള്ള വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകരുതെന്ന വാശിയിലാണ്‌ സമരസമിതിയിലെ ഒരുവിഭാഗം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വിശ്വാസത്തെ ചൂഷണംചെയ്തും ഭീഷണിമുഴക്കിയുമുള്ള സമരാഭാസം. ഹൈക്കോടതിയും സർക്കാരും പലകുറി ആവശ്യപ്പെട്ടിട്ടും ധിക്കാര നടപടിയുമായി മുന്നോട്ടു പോകുകയാണ്‌ സമരനേതൃത്വത്തിലെ ഏതാനുംപേർ. തുറമുഖ നിർമാണവുമായി ബന്ധമില്ലാത്തവയടക്കം സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ ഒന്നൊഴികെ സർക്കാർ അംഗീകരിച്ച്‌ ഉത്തരവിറക്കിയിട്ടും സമരം തുടരുന്നതിനുപിന്നിൽ മറ്റു താൽപ്പര്യങ്ങളാണ്‌.  വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം മാത്രമാണ്‌ സർക്കാർ അംഗീകരിക്കാത്തത്‌.

കേവലം കടലോരവാസികളുടെ ജീവിതപ്രശ്നം പരിഹരിക്കൽ മാത്രമല്ല സമരസമിതിയുടെ ലക്ഷ്യമെന്ന്‌ വ്യക്തമാക്കുന്നതാണ്‌ സമരാഭാസങ്ങൾ. തുറമുഖം അട്ടിമറിക്കുക, എൽഡിഎഫ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്തുക, അതിന്‌ കോപ്പുകൂട്ടുന്ന യുഡിഎഫിനെ സഹായിക്കുക എന്നിവയാണ്‌ പ്രധാന അജൻഡ. തുറമുഖ ലോബികളുടെ താൽപ്പര്യവും പിന്നിലുണ്ട്‌. റിങ്‌ റോഡും റെയിൽ ലൈനും തുറമുഖ അനുബന്ധ സ്ഥാപനങ്ങളുമടക്കം തിരുവനന്തപുരത്ത്‌  നടക്കാൻ പോകുന്ന വികസനം തടയലും മുഖ്യലക്ഷ്യമാണ്‌. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ തുടക്കംകുറിച്ച പദ്ധതിയാണിതെന്നത്‌ ബോധപൂർവം മറന്നാണ്‌ യുഡിഎഫിന്റെ പിന്തുണ.

രണ്ടര മാസത്തിനിടെ ജനജീവിതം സ്തംഭിപ്പിക്കുമാറ്‌ സമരത്തിന്റെ പേരിൽ പലതരം അക്രമങ്ങൾ നടത്തി. വെടിവയ്പടക്കം ഉണ്ടാക്കി കലാപം അഴിച്ചുവിടാനാണ്‌ നീക്കം. ആയിരക്കണക്കിന്‌ പൊലീസുകാർ സംയമനം പാലിച്ചതിനാലാണ്‌ കഴിഞ്ഞ ദിവസത്തെ സമരം അനിഷ്ടസംഭവങ്ങൾ ഇല്ലാതെ അവസാനിച്ചത്‌. നിയമവാഴ്ചയെ വെല്ലുവിളിച്ചുള്ള അനാവശ്യ സമരംകൊണ്ട്‌ എന്തുനേടാനാണെന്ന ജനങ്ങളുടെ ചോദ്യത്തിന്‌ സമരനേതൃത്വത്തിന്‌ ഉത്തരമില്ല.

സർക്കാർ അംഗീകരിച്ച 
ആവശ്യങ്ങൾ

● മത്സ്യത്തൊഴിലാളി പുനരധിവാസത്തിന്‌ മുട്ടത്തറയിൽ എട്ടേക്കർ മത്സ്യബന്ധന ഡയറക്ടർക്ക്‌ കൈമാറി

● തീരശോഷണംമൂലം മാറിത്താമസിക്കുന്ന കുടുംബങ്ങൾക്ക്‌ പുനരധിവാസം പൂർത്തിയാകുന്നതുവരെ പ്രതിമാസം 5500 രൂപ നൽകും

● തീരശോഷണം പഠിക്കാൻ എം ഡി കുടേലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി

● മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത്‌ അപകടമുണ്ടാകുന്നത്‌ ശാസ്‌ത്രീയമായി പഠിച്ച്‌ അടിയന്തരമായി റിപ്പോർട്ട്‌ നൽകാൻ സെൻട്രൽ വാട്ടർ ആൻഡ്‌ പവർ റിസർച്ച്‌ സ്‌റ്റേഷനെ ചുമതലപ്പെടുത്തി

● കാലാവസ്ഥാ മുന്നറിയിപ്പ് കാരണം ജോലിക്ക് പോകാൻ കഴിയാത്തവർക്കുള്ള സഹായം തുടരും

● മത്സ്യഫെഡിന് മണ്ണെണ്ണയുടെ മൊത്ത വിതരണ ചുമതല  അനുവദിക്കണമെന്ന്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ട്‌ നേടിയെടുക്കാനുള്ള ശ്രമം തുടരും

മത്സ്യത്തൊഴിലാളികളെ ഇറക്കിവിട്ടവർ കള്ളക്കണ്ണീരൊഴുക്കുന്നു

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം നടത്തുന്നവർ മത്സ്യത്തൊഴിലാളികളുടെ പേരിൽ കള്ളക്കണ്ണീരൊഴുക്കുന്നു. സമരത്തിന്‌ നേതൃത്വം നൽകുന്ന വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിൽനിന്ന്‌ മത്സ്യത്തൊഴിലാളികളെ ഇറക്കിവിട്ടവരാണ്‌ ഇപ്പോൾ സമരത്തിന്‌ നേതൃത്വം നൽകുന്നത്‌. കോവിഡ്‌ കാലത്ത്‌ സ്കൂളിൽ താമസസൗകര്യമില്ലാതായതോടെയാണ്‌ പല കുടുംബങ്ങളും ഗോഡൗണിലേക്ക്‌  താമസം മാറേണ്ടിവന്നത്‌.

കടലാക്രമണത്തിൽ വീട്‌ നഷ്ടപ്പെട്ട 16 മത്സ്യത്തൊഴിലാളി കുടുംബമാണ്‌ സ്വകാര്യ സ്കൂളിലെ ക്യാമ്പിൽ കഴിഞ്ഞിരുന്നത്‌. 2021 ഡിസംബറിലാണ്‌ സ്കൂൾ അധികൃതർ ഇവരെ ഇറക്കിവിട്ടത്‌. ഇറക്കിവിടരുതെന്ന മത്സ്യത്തൊഴിലാളികളുടെ അഭ്യർഥന മാനിക്കാതെയായിരുന്നു നടപടി. ബലം പ്രയോഗിച്ച്‌ ഇറക്കിവിട്ടെന്നും തങ്ങളുടെ വസ്ത്രങ്ങളും കുട്ടികളുടെ പുസ്തകങ്ങളുമെല്ലാം എടുത്തെറിഞ്ഞതായും ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികൾ പൊലീസിൽ പരാതി നൽകിയിരുന്നു. മനുഷ്യത്വവിരുദ്ധമായ നടപടിക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. കോവിഡ്‌ നിയന്ത്രണമടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്‌.  

സമരം ചെയ്യുന്നവർ ഇപ്പോൾ പ്രധാനമായും ഉയർത്തുന്ന ആരോപണം സർക്കാർ മത്സ്യത്തൊഴിലാളികളെ ഗോഡൗണിൽനിന്ന്‌ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ്‌. തൊഴിലാളികളെ ഗോഡൗണിലെത്തിക്കാൻ കാരണക്കാരായവർ തന്നെയാണ്‌ ഇപ്പോൾ അവരുടെ പേരിൽ കണ്ണീരൊഴുക്കുന്നത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!