കൊച്ചി
അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കാൻ ശാസ്‌ത്രം കൊണ്ടുമാത്രമേ കഴിയൂവെന്ന് വ്യവസായമന്ത്രി പി രാജീവ്. ശാസ്‌ത്രചിന്ത ശക്തിപ്പെടുത്തുന്നതിനായുള്ള നടപടികൾ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. മനുഷ്യന്റെ തീപിടിച്ച സമരങ്ങളുടെ ഉൽപ്പന്നമാണ് ആധുനിക കേരളം. ഈ ചരിത്രബോധം പുതിയ തലമുറയ്‌ക്ക് പകർന്നുനൽകാൻ കഴിയണം. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കെപിഎംഎസ് സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്‌മ ‘തമസോമാ ജ്യോതിർഗമയ’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പി രാജീവ്.
ഇന്ത്യൻ ഭരണഘടനയുടെ 51 എ അനുച്ഛേദത്തിൽ ശാസ്ത്രാവബോധവും അന്വേഷണത്വരയും വളർത്തേണ്ടത് പൗരന്റെ കടമയാണെന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഇത് ഉൾപ്പെടുന്ന നിർദേശക തത്വങ്ങളുടെ പരിമിതി അത് നിർബന്ധമായി നടപ്പാക്കേണ്ടതില്ല എന്നാണ്. അന്ധവിശ്വാസങ്ങൾക്ക് എതിരെയുള്ള നിയമനിർമാണം സംസ്ഥാന സർക്കാർ ഗൗരവമായി കാണുന്നു. ജസ്‌റ്റിസ് കെ ടി തോമസ് കമീഷൻ നിയമത്തിന്റെ കരട് നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച് പൊതുജനങ്ങളുടെ ചർച്ചയ്‌ക്ക് വിധേയമാക്കി നടപ്പാക്കുമെന്ന് പി രാജീവ് പറഞ്ഞു.
മറൈൻഡ്രൈവ് മൈതാനത്ത് ചേർന്ന സമ്മേളനത്തിൽ കെപിഎംഎസ് പ്രസിഡന്റ് എൽ രമേശൻ അധ്യക്ഷനായി. ഡോ. സെബാസ്‌റ്റ്യൻ പോൾ, ഡോ. മ്യൂസ് മേരി ജോർജ്, ഡോ. ഫക്രുദ്ദീൻ അലി, എം ലിജു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സ്വാഗതവും ട്രഷറർ ബൈജു കലാശാല നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ