സെൻട്രൽ ലണ്ടനിലുള്ള ഏഴ് കോടി വില വരുന്ന ഒരു ഫ്ലാറ്റായിരുന്നു അതേ വർഷം നൽകിയ ജന്മദിന സമ്മാനമായി രാജ് കുന്ദ്ര നൽകിയത്. ലോക്ഡൗൺ സമയത്തെ ഇരുവരുടേയും മാലദ്വീപ് ആഘോഷങ്ങളും വാർത്തകളിൽ നിറഞ്ഞു.
നീലച്ചിത്ര നിർമ്മാണ കേസുമായി ബന്ധപ്പെട്ട കേസിൽ രാജ് കുന്ദ്ര 2021 ജൂലായ് 19 അറസ്റ്റിലായിരുന്നു. രണ്ടു മാസത്തിന് ശേഷമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇതിനിടെ ഇവരുടെ ദാമ്പത്യം തകർന്നെന്നും വിവാഹ മോചിതരാകുമെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

എന്നാൽ അതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്ന് വ്യക്തമാക്കി ശിൽപ തന്നെ നേരിട്ട് രംഗത്തുവന്നിരുന്നു. മാത്രമല്ല തങ്ങളുടെ ദാമ്പത്യം എത്രത്തോളം ശക്തമാണെന്ന് കാണിക്കാൻ 38.5 കോടി രൂപ ആസ്തിയുള്ള സ്വത്ത് വകകൾ ശിൽപയുടെ പേരിൽ രാജ് കുന്ദ്ര എഴുതിവെച്ചിരുന്നു.
മുംബൈ ജുഹുവിലെ ഓഷ്യന്‍ വ്യൂ എന്ന കെട്ടിടത്തിലെ അഞ്ച് ഫ്ലാറ്റുകളും ബേസ്‌മെന്റുമാണ് ശില്‍പയുടെ പേരിലേക്ക് രാജ് കുന്ദ്ര മാറ്റിയത്. ഏകദേശം 5990 ചതുരശ്ര അടിയോളം വരുന്ന വസ്തുവകകളാണിവ.

നീലച്ചിത്ര നിർമ്മാണ കേസിൽപ്പെട്ട് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ രാജ് കുന്ദ്ര അതിന് ശേഷം മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. എപ്പോൾ പ്രത്യക്ഷപ്പെട്ടാലും മൊത്തമായും മുഖം മറയ്ക്കുന്ന മാസ്ക്ക് കുന്ദ്ര ധരിച്ചിരിക്കും.
ഇപ്പോഴിത ശിൽപയും രാജ്കുന്ദ്രയും പതിമൂന്നാം വിവാഹ വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. സോഷ്യൽമീഡിയയിൽ സജീവമായ രാജ് കുന്ദ്രയോട് അടുത്തിടെ ആരാധകരിൽ ഒരാൾ ചോദിച്ച ചോദ്യവും അതിന് രാജ് കുന്ദ്ര നൽകിയ തഗ് മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്.

ശിൽപയുമായുള്ള വിവാഹം യഥാർത്ഥമാണോ അതോ വിവാഹവും ഇപ്പോഴത്തെ ജീവിതവുമെല്ലാം വെറും നാടകമാണോയെന്നാണ് ആരാധകർ ചോദിച്ചത്. ട്വിറ്ററിലൂടെ രാജ് കുന്ദ്ര നടത്തിയ ക്യു ആന്റ് എയിലാണ് ഈ ചോദ്യം പ്രത്യക്ഷപ്പെട്ടത്.
ഉടൻ തന്നെ രാജ് കുന്ദ്ര മറുപടി നൽകി. ‘ഹാ… ഈ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു. പ്രണയം ഒരു അഭിനയമല്ല. അത് അങ്ങനെ അവതരിപ്പിക്കാൻ കഴിയില്ല. നവംബർ 22ന് 13-ാം വിവാഹ വാർഷികം ഞങ്ങൾക്ക് ആശംസിക്കാൻ മറക്കരുത്…’ എന്നാണ് രാജ് കുന്ദ്ര ആരാധകനുള്ള മറുപടിയായി കുറിച്ചത്.

ശിൽപ ഷെട്ടിയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കാര്യമെന്താണെന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്. ‘അവൾ എന്റെ മാലാഖയാണ്… അവളുടെ ഓരോ ഭാഗവും ഞാൻ ഇഷ്ടപ്പെടുന്നു’ എന്നാണ് രാജ് കുന്ദ്ര പ്രതികരിച്ചത്. വിഹാൻ രാജ് കുന്ദ്ര, സമീഷ ഷെട്ടി കുന്ദ്ര എന്നീ രണ്ട് മക്കളാണ് ശിൽപയ്ക്കും രാജ് കുന്ദ്രയ്ക്കുമുള്ളത്.