അതായത് ഓഹരിയിലെ ദീര്‍ഘകാല മുന്നേറ്റത്തിനിടയിലും താത്കാലിക ചാഞ്ചാട്ടമൊക്കെ സ്വാഭാവികമാണെന്ന് സാരം. അതിനാല്‍ ദിവസേന വിലയിലുള്ള ചാഞ്ചാട്ടം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ക്ക് ദീര്‍ഘകാല നിക്ഷേപം താരതമ്യേന ബുദ്ധിമുട്ടേറിയതാകും. എന്നാല്‍ ഭാവിയുള്ള ബിസിനസ് മോഡലും ഉന്നത നിലവാരമുള്ള മാനേജ്മെന്റും പ്രവര്‍ത്തന മികവുമൊക്കെ ഒത്തുചേരുന്ന കമ്പനികളെ കണ്ടെത്തി അവയുടെ ഓഹരികളില്‍ ദീര്‍ഘകാലയളവിലേക്ക് നിക്ഷേപിച്ചാല്‍ ആദായം നേടാനാകും.
ഇത്തരത്തില്‍ 2023 വര്‍ഷത്തില്‍ മികച്ച നേട്ടം സമ്മാനിക്കാവുന്നതും വളര്‍ച്ചയുടെ പാതിയില്‍ മുന്നേറുന്നതുമായ 5 സ്മോള്‍ കാപ് ഓഹരികളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്.

ഹേരാംബ ഇന്‍ഡസ്ട്രീസ്
അഗ്രോകെമിക്കല്‍ മേഖലയിലുള്ള രാജ്യത്തെ പ്രമുഖ കമ്പനിയാണ് ഹേരാംബ ഇന്‍ഡസ്ട്രീസ്. സിന്തറ്റിക് പൈര്‍ത്രോയിഡ്‌സ് വിപണിയില്‍ മുന്‍നിരയിലാണ് സ്ഥാനം. കീടങ്ങളുടെ നിയന്ത്രണത്തിനും പാരിസ്ഥിതിക ആരോഗ്യത്തിനും വിള സംരക്ഷണ മേഖലയിലും നിര്‍ണായക ഉപയോഗങ്ങളുള്ള പദാര്‍ത്ഥമാണ് പൈര്‍ത്രോയിഡ്‌സ്. രാജ്യത്തെ വന്‍കിട രാസവളം നിര്‍മാതാക്കളായ പിഐ ഇന്‍ഡസ്ട്രീസ്, ശാര്‍ദ ക്രോപ്‌കെം, റാലീസ് ഇന്ത്യ, ധനുക അഗ്രിടെക് തുടങ്ങിയവയൊക്കെ കമ്പനിയുടെ പ്രമുഖ ഉപഭോക്താക്കളില്‍ ചിലതുമാത്രം. അതേസമയം ഇന്ന് 508 രൂപയിലായിരുന്നു ഹേരാംബ ഇന്‍ഡസ്ട്രീസ് ഓഹരിയുടെ ക്ലോസിങ്.
Also Read: വര്‍ഷം 4 തവണ ഡിവിഡന്റ് നല്‍കുന്ന ടാറ്റ ഗ്രൂപ്പ് ഓഹരി; കൈവശമുണ്ടോ?

ശക്തമായ ഉത്പന്ന ശ്രേണിയുള്ളതും വിതരണ ശൃംഖലയുള്ളതും പരിചയ സമ്പന്നരായ സംരംഭകരും പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള ശേഷിയുമൊക്കെ ഹേരാംബ ഇന്‍ഡസ്ട്രീസിനെ (BSE: 543266, NSE : HERANBA) വേറിട്ടതാക്കുന്നു. താമസിയാതെ ഒന്നിലേറെ പദാര്‍ത്ഥങ്ങള്‍ക്ക് പേറ്റന്റ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ സമീപ ഭാവിയില്‍ വമ്പന്‍ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഇതിനോടൊപ്പം ഉത്പാദന ശേഷി ഉയര്‍ത്തുന്നതും കമ്പനിയുടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തും. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 250 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. ഇതിലൂടെ 800 കോടിയുടെ അധിക വരുമാനമാണ് ഹേരാംബ ഇന്‍ഡസ്ട്രീസ് ലക്ഷ്യമിടുന്നത്.

ടൈഗര്‍ ലോജിസ്റ്റിക്സ്
മറ്റു സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ലോജിസ്റ്റിക്‌സ് സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനിയാണ് ടൈഗര്‍ ലോജിസ്റ്റിക്സ് (ഇന്ത്യ) ലിമിറ്റഡ്. വിതരണ ശൃംഖലയുടെ മേല്‍നോട്ടം, ചരക്കുകടത്ത്, പദ്ധതികള്‍ക്ക് ആവശ്യമായ ലോജിസ്റ്റിക്സ്, ശീതികരിച്ച വിതരണ ശൃംഖല തുടങ്ങിയ സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഓട്ടോമൊബീല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഇന്‍ഫ്രസ്ട്രക്ചര്‍, ടെക്സ്‌റ്റൈല്‍സ്, കമ്മോഡിറ്റി, പ്രതിരോധ മേഖലയിലെ കമ്പനികളാണ് പ്രധാന ഉപഭോക്താക്കള്‍. നിലവില്‍ 227 രൂപ നിലവാരത്തിലാണ് ടൈഗര്‍ ലോജിസ്റ്റിക്സ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.

ഹീറോ മോട്ടോ കോര്‍പ്, ഹോണ്ട, ടിവിഎസ്, ബജാജ്, സിയറ്റ്, സാംസങ്, എല്‍ജി, മാരുതി സുസൂക്കി, പതജ്ഞലി തുടങ്ങിയ വമ്പന്‍ കമ്പനികളൊക്കെ ടൈഗര്‍ ലോജിസ്റ്റിക്‌സിന്റെ പ്രധാന ഉപഭോക്താക്കളില്‍ ചിലതുമാത്രം. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 98 ശതമാനം വാഹനങ്ങളും വാടകയ്ക്കെടുക്കുന്നതിനാല്‍ സ്ഥിരമായ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കമ്പനിക്ക് സാധിക്കുന്നു.
അതേസമയം, കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ ടൈഗര്‍ ലോജിസ്റ്റിക്സിന്റെ (BSE : 536264) വരുമാനം 23 ശതമാനവും പ്രവര്‍ത്തന ലാഭം 39 ശതമാനവും അറ്റാദായം 74 ശതമാനം നിരക്കിലും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. ഓഹരിയിന്മേലുള്ള ആദായം 58 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 59 ശതമാനം നിരക്കിലുമാണുള്ളത്.

എസ്ജെഎസ് എന്റര്‍പ്രൈസസ്
വാഹനങ്ങളും ഉപകരണങ്ങളുമൊക്കെ മോടി കൂട്ടുന്നതിനുള്ള സാധന സാമഗ്രികളുടെ രൂപകല്‍പന, വികസനം, നിര്‍മാണവും നടത്തുന്ന രാജ്യത്തെ മുന്‍നിര കമ്പനിയാണ് എസ്ജെഎസ് എന്റര്‍പ്രൈസസ്. പ്രധാനമായും വാഹന, കണ്‍സ്യൂമര്‍ ഉപകരണ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ ഗ്രാഫിക്സ് പ്രിന്റിങ്, മോടി കൂട്ടുന്ന ഘടകങ്ങള്‍ നിര്‍മിക്കുന്നവയില്‍ 30 വര്‍ഷത്തിലേറെയുള്ള പ്രവൃത്തിപരിചയം. ബംഗളൂരുവിലും പൂനെയിലും നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നു. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ലാറ്റിന്‍ അമേരിക്ക, ആസിയാന്‍ രാജ്യങ്ങളില്‍ സേവന കേന്ദ്രങ്ങളുണ്ട്.
വാഹന നിര്‍മാണ, അനുബന്ധ മേഖലയിലെ മുന്‍നിക ഉപകരണ നിര്‍മാതാക്കളുമായി പങ്കാളിത്തം. ഇന്ന് 437 രൂപയിലായിരുന്നു എസ്ജെഎസ് എന്റര്‍പ്രൈസസ് ഓഹരിയുടെ ക്ലോസിങ്.

ഉപകരണങ്ങളുടെ മോടി പിടിപ്പിക്കുന്നതിനും അലങ്കാരത്തിനും വേണ്ട സാധന സാമഗ്രികള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസായ മേഖല 2021- 2026 സാമ്പത്തിക വര്‍ഷത്തിനിടെ നിലവിലുള്ളതിന്റെ രണ്ടര മടങ്ങോളം വളരുമെന്നാണ് അനുമാനം. ഈ മേഖലയിലെ മുന്‍നിര കമ്പനിയായ എസ്ജെഎസ് എന്റര്‍പ്രൈസസിനും ഈ വികാസത്തിന്റെ ഗുണഫലം ലഭിക്കും.
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികളേക്കാള്‍ ഉത്പന്നത്തിന്റെ വൈവിധ്യത്തിലും ലാഭക്ഷമതയിലും എസ്ജെഎസ് എന്റര്‍പ്രൈസസ് (BSE: 543387, NSE : SJS) മുന്നിലാണ്. കയറ്റുമതി വര്‍ധിക്കുമ്പോള്‍ കമ്പനിയുടെ വരുമാനത്തിലും കുതിച്ചുച്ചാട്ടം പ്രതീക്ഷിക്കാം. കൂടാതെ ഉയര്‍ന്ന വളര്‍ച്ചയുള്ളതും മൂലധന ചെലവ് കുറഞ്ഞതും വരുമാന വര്‍ധിപ്പിക്കാനും കഴിയുന്ന ബിസിനസ് മോഡലാണ് ഇവരുടേത് എന്നതും അനുകൂല ഘടകമാണ്.

പിഎസ്പി പ്രോജക്ട്‌സ്
രാജ്യത്ത് വേഗത്തില്‍ വളരുന്ന പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പിഎസ്പി പ്രോജക്ട്‌സ്. വ്യാവസായിക, സര്‍ക്കാര്‍, ഭവന പദ്ധതികളുടെയൊക്കെ നിര്‍മാണവും അനുബന്ധ സേവനങ്ങളിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം 5,080 കോടിയുടെ കരാറുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇത് അടുത്ത 2-3 വര്‍ഷത്തേക്കുള്ള പിഎസ്പി പ്രോജക്ട്‌സിന്റെ വരുമാനം ഉറപ്പാക്കുന്നു. നിലവില്‍ 6 സംസ്ഥാനങ്ങളിലായി 49 പദ്ധതികളാണ് കമ്പനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മാണം പുരോഗമിക്കുന്നത്. അതേസമയം 596 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
Also Read: അടിസ്ഥാനം ഭദ്രമായ ഈ പെന്നി ഓഹരിയില്‍ ബ്രേക്കൗട്ട്; ഇപ്പോൾ പിടിച്ചാൽ മികച്ച ലാഭം നേടാം

ഇതിനോടൊപ്പം നിരവധി പദ്ധതികള്‍ക്ക് പിഎസ്പി പ്രോജക്ട്‌സ് സമര്‍പ്പിച്ചിട്ടുള്ള ടെണ്ടറുകളും അന്തിമ അനുമതിയുടെ വിവിധ ഘട്ടങ്ങളില്‍ നില്‍ക്കുന്നു. കൂടാതെ ഉണര്‍വ് പ്രകടമാകുന്ന നിര്‍മാണ മേഖലയും കമ്പനിയുടെ വളര്‍ച്ചയ്ക്ക് അനുകൂല ഘടകമാണ്. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ പൂര്‍വകാല ചരിത്രവും പിഎസ്പി പ്രോജക്ട്സിനെ വേറിട്ടതാക്കുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ പിഎസ്പി പ്രോജക്ട്‌സിന്റെ (BSE: 540544, NSE : PSPPROJECT) വരുമാനം 18 ശതമാനവും പ്രവര്‍ത്തന ലാഭം 20 ശതമാനവും അറ്റാദായം 23 ശതമാനം നിരക്കിലും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഓഹരിയിന്മേലുള്ള ആദായം 26 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 35 ശതമാനം നിരക്കിലുമാണുള്ളത്.

മോള്‍ഡ്-ടെക് പാക്കേജിങ്
പ്ലാസ്റ്റിക് പാക്കേജിങ് മേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയാണ് ഹൈദരാബാദ് ആസ്ഥനമായ മോള്‍ഡ്-ടെക് പാക്കേജിങ്. വായു കടക്കാവത്തവിധം പാക്കേജിങ്ങിനു ആവശ്യമായ പ്ലാസ്റ്റിക് ആകാരങ്ങള്‍ നിര്‍മിക്കുന്നതിന് റോബോട്ടിനെ നിയോഗിച്ച രാജ്യത്തെ ഏക കമ്പനിയുമാണിത്. കൂടാതെ ആഗോളതലത്തില്‍ തന്നെ പാക്കേജിങ് മേഖലയില്‍ ‘ബാക്ക്വാര്‍ഡ് ഇന്റഗ്രേഷന്‍’ നടപ്പാക്കിയ ഏക സ്ഥാപനമെന്ന വിശേഷണവും സ്വന്തമാണ്. ഇന്ത്യയിലെ വിപണി വിഹിതം നോക്കിയാല്‍ ഈ മേഖലയിലെ കുത്തക മേധാവിത്തം മോള്‍ഡ്-ടെക് പാക്കേജിങ്ങിനുണ്ട്. ഇന്ന് 917 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

എഫ്എംസിജി, പെയിന്റ്, ഓയില്‍ വിഭാഗങ്ങളിലെ വന്‍കിട കമ്പനികളാണ് മോള്‍ഡ്-ടെക് പാക്കേജിങ്ങിന്റെ പ്രധാന ഉപഭോക്താക്കള്‍. പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനൊപ്പം നിലവിലെ ഉപഭോക്താക്കളില്‍ നിന്നും തുടര്‍ കരാറുകള്‍ നേടാന്‍ കമ്പനിക്ക് സാധിക്കുന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ഫാര്‍മ മേഖലയിലെ പാക്കേജിങ്ങിലേക്കും കടന്നിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 125 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് സമീപ ഭാവിയില്‍ മോള്‍ഡ്-ടെക് പാക്കേജിങ്ങിന്റെ (BSE: 533080, NSE : MOLDTKPAC) വരുമാനം ഉയര്‍ത്താന്‍ സഹായിക്കും. ഇതിനോടൊപ്പം പശ്ചിമേന്ത്യയിലെ എഫ്എംസിജി കമ്പനികളില്‍ നിന്നുള്ള ആവശ്യകത നിറവേറ്റാന്‍ ദാമനില്‍ രണ്ടാമത്തെ നിര്‍മാണ ശാലയും ആരംഭിക്കുന്നുണ്ട്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.