പ്രേക്ഷകര്‍ക്കെല്ലാം സുപരിചിതനായ സൂരജ് ഇടയ്ക്ക് തന്റെ വിശേഷങ്ങളും വീട്ടുകാരെ കുറിച്ചുമൊക്കെ പറയാറുണ്ട്. എന്നാല്‍ ചെറിയ പ്രായത്തില്‍ അതായത് ജനിച്ച് നാല് മാസം പ്രായമുള്ളപ്പോള്‍ വലിയൊരു അപകടം തനിക്ക് ഉണ്ടായെന്നാണ് നടനിപ്പോള്‍ പറയുന്നത്. അന്ന് തന്റെ നാവ് മുറിഞ്ഞ് പോയെന്നും കുറച്ച് ഭാഗങ്ങളെ ബാക്കി ഉണ്ടായിരുന്നുള്ളുവെന്നും പറയുകയാണ് നടനിപ്പോള്‍. അന്നത് തുന്നിക്കൂട്ടി സംസാരിക്കാന്‍ പാകത്തിന് ചെയ്ത് തന്നത് സിച്ച് കുഞ്ഞമ്മദ് എന്ന ഡോക്ടറാണ്.

അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് സൂരജ്. ജീവിതത്തില്‍ പലഘട്ടങ്ങളില്‍ പട്ടിണി പോലും അറിയാതെ ജീവിച്ചതില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നാണ് നടന്‍ പറയുന്നത്. വിശദമായി വായിക്കാം…
‘ഷൂട്ടിങ്ങിനിടയില്‍ ആയിരുന്നു ആ കോള്‍ വന്നത്. അവസ്ഥ എന്താണെന്ന് പറയാന്‍ സാധിക്കില്ല. മൊത്തത്തില്‍ ഒരു തരിപ്പ് ആയിരുന്നു. വിശ്വസിക്കാനും സാധിക്കുന്നില്ല. രക്തബന്ധത്തെക്കാള്‍ വലിയ ബന്ധങ്ങള്‍ ഉണ്ടെന്ന് വീണ്ടും വീണ്ടും മനസ്സിലാക്കിത്തരുന്നത്…. ജീവന്‍ തിരിച്ചു തന്ന വ്യക്തിയെ നമുക്ക് എന്തു വിളിക്കാം? ‘ദൈവം’ അല്ലേ..

അതെ ഞാന്‍ അച്ഛാ അമ്മേ എന്നെനിക്ക് വിളിക്കാനുള്ള ഈ നാവ് നാലുമാസം പ്രായമുള്ളപ്പോള്‍ മുറിഞ്ഞു പോയി. കുറച്ചു ഭാഗങ്ങള്‍ മാത്രം ബാക്കി. ആ സാഹചര്യത്തില്‍ അതിനെ പിടിച്ച് തുന്നികെട്ടി എനിക്കെന്റെ ജീവിതം തിരിച്ച് തന്നു. അദ്ദേഹത്തിന്റെ ഹോസ്പിറ്റലിലാണ് എന്റെ അമ്മ 40 വര്‍ഷം ജോലി ചെയ്തത്. പട്ടിണി ഇല്ലാതെ പട്ടിണി അറിയാതെ ഞാന്‍ ജീവിച്ചതിന്റെ പങ്ക് അദ്ദേഹത്തിന്റെ കൈകളില്‍ നിന്നായിരുന്നു.

എന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ഓരോ ഉയര്‍ച്ചകളും സ്വന്തം മക്കളുടെ ഉയര്‍ച്ച പോലെ സന്തോഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന അദ്ദേഹം. പറഞ്ഞാല്‍ തീരാത്ത അത്രയും കാര്യങ്ങള്‍ ഉണ്ട് മനസ്സില്‍. ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ശ്രീ ഡോ. സി. എച്ച്. കുഞ്ഞമ്മദ്’… എന്നും പറഞ്ഞാണ് സൂരജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നിലവില്‍ സിനിമയിലും ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുകയാണ് താരം. പാടാത്ത പൈങ്കിളി സീരിയലില്‍ നിന്നും പിന്മാറിയത് മുതല്‍ ഓരോ വിശേഷങ്ങളുമായി സൂരജ് എത്താറുണ്ട്. ഏറ്റവുമൊടുവില്‍ അച്ഛനെ കുറിച്ചെഴുതിയ വാക്കുകളാണ് വൈറലായത്. ‘പ്രായത്തിന്റെയും അസുഖത്തിന്റെയും ഭാഗമായി ഒന്ന് നന്നായി നടക്കാന്‍ ബുദ്ധിമുട്ടുള്ള സമയത്തും ശബരിമല കേറാന്‍ വിജയകരമായി ഇത്തവണയും എന്റെ അച്ഛന്‍ മാലയിട്ടു..

വീട്ടിലെ കാര്യങ്ങള്‍ ഞാന്‍ നോക്കി തുടങ്ങിയപ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാല്‍ ഞാന്‍ ബുദ്ധിമുട്ടിലാവും എന്ന പേടി കാരണം ഇത്തവണയും എന്നോട് ചോദിച്ചു. ഞാന്‍ ശബരിമലയ്ക്ക് പോകട്ടെ എന്ന്. സന്തോഷത്തോടെ ആത്മവിശ്വാസത്തോടെ ഞാന്‍ പറഞ്ഞു അച്ഛന്‍ ധൈര്യമായിട്ട് പോയിട്ട് വാ ഞാനുണ്ട്. അപ്പോള്‍ തിരിച്ചുള്ള ഒരു ഒരു ചിരിയുണ്ട്, ഹോ’,… എന്നുമാണ് നടന്‍ പറഞ്ഞത്.